ad
Deshabhimani

ഗവർണറെ കക്ഷിചേർത്തത് നീക്കി ; സർക്കാർവാദം അംഗീകരിച്ചു

b asok transfer
വെബ് ഡെസ്ക്

Published on Sep 24, 2025, 01:45 AM | 1 min read


കൊച്ചി

സ്ഥലംമാറ്റം സംബന്ധിച്ച് ബി അശോക് ഐഎഎസ് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ നൽകിയ ഹർജിയിൽ ഗവർണറെ കക്ഷിചേർത്തത് നീക്കി. ട്രിബ്യൂണലിന്റെ നിർദേശത്തെ തുടർന്ന് അശോകിന്റെ അഭിഭാഷക ഗവർണറെ നീക്കാമെന്ന് അറിയിച്ചു. സ്ഥലംമാറ്റം സംബന്ധിച്ച ഹർജിയിൽ ഗവർണർക്കുള്ള താൽപ്പര്യമെന്താണെന്ന്‌ ട്രൈബ്യൂണൽ ചോദിച്ചു.


ഗവർണറെ കക്ഷിചേർത്ത നടപടി നിലനിൽക്കുമോയെന്ന് സർക്കാർ തിങ്കളാഴ്‌ച ഹെെക്കോടതിയിൽ ചോദ്യമുന്നയിച്ചിരുന്നു. ഈ വിഷയം മുൻഗണന നൽകി അന്നുതന്നെ പരിഗണിക്കാൻ ഹെെക്കോടതി ട്രൈബ്യൂണലിനോട് നിർദേശിച്ചു. തുടർന്നുള്ള വാദത്തിലാണ് ഗവർണറെ ഒഴിവാക്കാൻ നിർദേശിച്ചത്. ഗവർണറുടെ നടപടികളിൽ വിശദീകരണം തേടാൻ ആർട്ടിക്കിൾ 361 പ്രകാരം കോടതികൾക്കാകില്ലെന്നും ഗവർണറെ കക്ഷിചേർത്തത്‌ നിലനിൽക്കില്ലെന്നും സർക്കാർ വാദിച്ചു.


കെടിഡിഎഫ്സിയിൽ ഡയറക്‌ടർമാരെ നിയമിക്കുന്നത് ഗവർണറാണെന്നും കേസിൽ കക്ഷിചേരുന്നതിന് വിരോധമില്ലെന്നും ഗവർണറുടെ അഭിഭാഷകൻ അറിയിച്ചെങ്കിലും ട്രൈബ്യൂണൽ അനുവദിച്ചില്ല.


സ്ഥലംമാറ്റവും നിയമനവുമായി ബന്ധപ്പെട്ട് ഐഎഎസ് അസോസിയേഷൻ 2023ൽ സമർപ്പിച്ച പ്രധാന ഹർജിയിലും അശോകിന്റെ ഹർജിയിലും 29, 30 തീയതികളിൽ വീണ്ടും വാദം കേൾക്കും. അശോകിന് അതുവരെ കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി തുടരാം. ട്രൈബ്യൂണലിന്റെ തീർപ്പിന് പിന്നാലെ വിഷയം വീണ്ടും ഹൈക്കോടതിയിൽ എത്തും. സർക്കാരിനുവേണ്ടി അഡ്വക്കറ്റ് ജനറൽ കെ ഗോപാലകൃഷ്‌ണക്കുറുപ്പ്, സീനിയർ ഗവ. പ്ലീഡർ ബി വിനിത എന്നിവർ ഹാജരായി.


സ്ഥലംമാറ്റം റദ്ദാക്കിയ ട്രൈബ്യൂണലിന്റെ രണ്ട് ഇടക്കാല ഉത്തരവുകൾക്കെതിരെയാണ് സർക്കാർ ഹെെക്കോടതിയിൽ അപ്പീൽ നൽകിയിട്ടുള്ളത്. കാർഷികോൽപ്പാദന കമീഷണറും കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുമായ ബി അശോകിനെ കെടിഡിഎഫ്‌സിയിലേക്ക് മാറ്റിയതും പിന്നീട് കൃഷിവകുപ്പിൽനിന്ന് പേഴ്‌സനല്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ വകുപ്പിലേക്ക് നിയമിച്ചതുമാണ് തടഞ്ഞത്.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home