print edition അയ്യപ്പസംഗമം: വസ്തുതകൾ പുറത്ത്; സ്വർണക്കൊള്ള മുക്കാൻ വ്യാജക്കണക്ക്

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള, കൊടിമരം മാറ്റൽ കേസുകളിൽ കോൺഗ്രസ് നേതാക്കൾ പ്രതിയാകുമെന്ന് കണ്ടതോടെ ചർച്ച വഴിതിരിക്കാൻ കയറിപ്പിടിച്ച ആഗോള അയ്യപ്പസംഗമ കണക്കും കോൺഗ്രസിനെ തിരിച്ചടിച്ചു. അയ്യപ്പസംഗമം സംഘടിപ്പിക്കാൻ ചെലവഴിച്ച തുക സ്പോൺസർഷിപ്പ് വഴി ലഭിച്ചതാണെന്നതിന്റെ വിവരങ്ങൾ പുറത്തുവന്നതോടെ വ്യാജകണക്കുമായി രംഗത്തുവന്ന മാധ്യമങ്ങളും നേതാക്കളും വെട്ടിലായി.
ഉണ്ണിക്കൃഷ്ണൻ പോറ്റിയും യുഡിഎഫ് കൺവീനർ അടൂർ പ്രകാശും തമ്മിലുള്ള അടുത്ത ബന്ധം ഉറപ്പിക്കുന്ന പുതിയ തെളിവുകൾ പുറത്തുവന്നിരുന്നു. കോൺഗ്രസ് നേതാവ് അജയ് തറയിൽ അംഗമായ ബോർഡ് പുതിയ കൊടിമരം നിർമിച്ചതിൽ വൻവെട്ടിപ്പ് നടത്തിയതും കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയിരിക്കെയാണ് അയ്യപ്പസംഗമ കണക്കുമായി മാധ്യമങ്ങൾ രംഗത്തുവന്നത്.
ആദ്യഘട്ടം തയ്യാറാക്കിയ ഏഴരക്കോടിയുടെ എസ്‌റ്റിമേറ്റ് ഓഡിറ്റിലെ കണക്കായിരുന്നു മാധ്യമങ്ങളുടെ ആഘോഷം. അയ്യപ്പസംഗമ ചെലവ് സംബന്ധിച്ച് 2025 നവംബർ ആദ്യം നൽകിയ നാലര കോടിയുടെ എസ്‌റ്റിമേറ്റ് ഹൈക്കോടതി അംഗീകരിച്ചിരുന്നു. അതുപ്രകാരം തന്നെയാണ് പരിപാടികൾ നടന്നതും. അഡ്വാൻസായി ദേവസ്വം ബോർഡ് നൽകിയ മൂന്നുകോടി രൂപ സ്പോൺസർഷിപ്പ് തുക ലഭിച്ചപ്പോൾ തിരിച്ചടച്ചു. ഇക്കാര്യമാണ് മന്ത്രി വി എൻ വാസവൻ നിയമസഭയിൽ പറഞ്ഞത്.
വാർത്താലേഖകരും അയ്യപ്പസംഗമം ചെലവ് വാർത്തയാക്കിയത് വസ്തുതകൾ അന്വേഷിക്കാതെയാണ്. പരിപാടിയിൽ പങ്കെടുക്കാത്ത ഗായകസംഘത്തിന് പണം നൽകിയെന്നും ഗസ്‌റ്റ് ഹൗസ് നവീകരണം നടത്തിയതിന് ‘മുഖ്യമന്ത്രിക്ക് കിടക്ക വാങ്ങി ’ എന്നും വൈരാഗ്യബുദ്ധിയോടെ വാർത്തകൾ ചമച്ചു.
ഇൗ സാഹചര്യത്തിലാണ്, തെറ്റായ വിവരം പുറത്തുവന്നത് സംബന്ധിച്ച് അന്വേഷിക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്ത് ആവശ്യപ്പെട്ടത്.










0 comments