അയ്യപ്പസംഗമ ഓഡിറ്റ് റിപ്പോർട്ട്: 26നകം ഹൈക്കോടതിയിൽ കൃത്യമായ മറുപടി നൽകും- കെ ജയകുമാർ

പത്തനംതിട്ട: ശബരിമല അയ്യപ്പ സംഗമം ഓഡിറ്റ് റിപ്പോർട്ട് സംബന്ധിച്ച് കൃത്യമായ മറുപടി ഹൈക്കോടതിക്ക് നൽകുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. ഓഡിറ്റിംഗിൽ കൃത്യത വരേണ്ടതുണ്ടെന്നും വേണ്ട തിരുത്തലുകൾ വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. ആദ്യ റിപ്പോർട്ടിലെ ആശയക്കുഴപ്പങ്ങൾ ഓഡിറ്ററുടെ കുറ്റമായി കാണുന്നില്ല. 10 ദിവസത്തിനകം യുദ്ധകാലാടിസ്ഥാനത്തിൽ പ്രശ്നം പരിഹരിക്കും. ഇപ്പോർ പുറത്തുവന്ന റിപ്പോർട്ട് അന്തിമമല്ലെന്നും കെ ജയകുമാർ കൂട്ടിച്ചേർത്തു.
ഓഡിറ്ററുമായി ചർച്ചയ്ക്ക് ടാസ്ക് ഫോഴ്സിനെ ചുമതലപ്പെടുത്തിയതായി ദേവസ്വം ബോർഡ് അറിയിച്ചു. ഓഡിറ്ററുടെ ചോദ്യത്തിന് ദേവസ്വം കൃത്യമായി മറുപടി നൽകിയില്ല. ആരുടെ ഭാഗത്താണ് വീഴ്ചയുണ്ടായതെന്ന് പിന്നീട് പരിശോധിക്കുമെന്നും കെ ജയകുമാർ പറഞ്ഞു. സ്പോൺസർഷിപ്പ് വഴി വ്യവസായി ഗൗതം അദാനിയിൽ നിന്നും ഒരു കോടി രൂപ ലഭിക്കാനുണ്ട്. മൂന്ന് കോടി രൂപയാണ് സ്പോൺലർഷിപ് ഇനത്തിൽ ആകെ ലഭിക്കുക. അയ്യപ്പസംഗമത്തിന്റെ ആകെ ചെലവ് 4.99 കോടിയായി നിജപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഓഡിറ്റ് റിപ്പോർട്ട് ഇന്നാണ് ദേവസ്വം ബോർഡ് വിശദമായി പരിശോധിക്കുന്നത്. ചെലവുകൾ പെരുപ്പിച്ച് കാണിച്ചതായി പറയാൻ കഴിയില്ല. കിഫ്ബി എംപാനൽ അംഗീകാരമുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്‌ട്രക്‌ചർ ആൻഡ് കൺസ്‌ട്രക്‌ഷനെ(ഐഐഐസി)യാണ് ഇവന്റ് മാനേജ്മെന്റ് ഏജൻസിയായി നിയമിച്ചത്. കഴിഞ്ഞ ബോർഡിന്റെ തീരുമാനത്തെ ചോദ്യം ചെയ്യില്ല. ഈ മാസം 26നുള്ളിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കുമെന്നും കെ ജയകുമാർ പറഞ്ഞു.










0 comments