ad
Deshabhimani

print edition ജീവനക്കാരെ പന്തുതട്ടി ആയുഷ്‌ വകുപ്പ്‌; തിരുവനന്തപുരത്തും ഇടുക്കിയിലും ജോലി

Ayush.jpg

ഉത്തരവിന്റെ പകർപ്പ് (ഇടത്)

വെബ് ഡെസ്ക്

Published on Jul 20, 2026, 12:00 AM | 1 min read

തിരുവനന്തപുരം: തിങ്കൾമുതൽ ശനിവരെ തിരുവനന്തപുരത്ത്‌ ജോലി. ഞായറാഴ്‌ച രാവിലെ വണ്ടികയറി നേരെ ഉടുമ്പൻചോലയിലേക്ക്‌. എട്ടു മണിക്കൂറോളം യാത്ര കഴിഞ്ഞ്‌ തിങ്കളാഴ്‌ച മുതൽ ഉടുമ്പൻചോലയിൽ ജോലി. ഞായറാഴ്‌ച വീണ്ടും തിരുവനന്തപുരത്തേക്ക്‌. അടുത്തയാഴ്‌ച ഇതേ രീതി തുടരുന്നു.


ആയുഷ് വകുപ്പിനുകീഴിലെ ആയുർവേദ മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറുടേതാണ്‌ വിചിത്ര ഉത്തരവ്‌. ഇടുക്കി ഉടുമ്പൻചോല ഗവ. ആയുർവേദ കോളേജ് ആശുപത്രിയിലെ ഫാർമസിസ്റ്റ് തസ്തികയിലേക്ക് തിരുവനന്തപുരം ഗവ. ആയുർവേദ കോളേജ് ആശുപത്രിയിലെ രണ്ട് ജീവനക്കാരെ ഏഴുദിവസംവീതം റൊട്ടേഷൻ വ്യവസ്ഥയിൽ നിയമിച്ചു.


തസ്തികയിൽ സ്ഥിരമായോ താൽക്കാലികമായോ നിയമനം നടക്കുന്നതുവരെയുള്ള കാലയളവിലേക്കാണ് ക്രമീകരണം. പ്രാദേശികമായി താൽക്കാലിക ജീവനക്കാരെയോ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയോ നിയമനം നടത്തി പരിഹരിക്കാവുന്ന പ്രശ്നത്തിനാണ് ജീവനക്കാരെ ദുരിതത്തിലാക്കുന്ന നടപടി.


ആറുദിവസം ജോലിയും ഒരുദിവസം യാത്രയുമായി അവധിയില്ലാതെ ജോലി ചെയ്യേണ്ട സ്ഥിതിയാണ്‌. യാത്രയ്ക്കും താമസത്തിനുമുള്ള പണം സ്വന്തമായി കണ്ടെത്തണം. ചെറിയ ശമ്പളം വാങ്ങുന്ന താഴെത്തട്ടിലുള്ള ജീവനക്കാരെ കടുത്ത സാമ്പത്തിക ബാധ്യതയിലേക്ക്‌ തള്ളിവിടുന്നതാണ് ഡയറക്ടറുടെ ഉത്തരവെന്ന്‌ ജീവനക്കാർ പറയുന്നു. ജോലി ക്രമീകരണം ലഭിച്ച ജീവനക്കാരിലൊരാൾ വിധവയായ സ്ത്രീയാണ്‌. മാനുഷിക പരിഗണനപോലും നൽകാൻ അധികൃതർ തയ്യാറല്ല.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home