ad
Deshabhimani

അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രം തലമുറകൾക്കുള്ള സംഭാവന: മന്ത്രി വീണാ ജോർജ്

ayush awards
വെബ് ഡെസ്ക്

Published on Aug 29, 2025, 03:15 PM | 2 min read

തിരുവനന്തപുരം: അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രം തലമുറകൾക്ക് നൽകുന്ന സംഭാവനയാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. നമ്മുടെ ആയുർവേദം ലോകത്തിന്റെ മുന്നിൽ സവിശേഷമായി അടയാളപ്പെടുത്തിയെങ്കിലും ഗവേഷണത്തിന്റെ കാര്യത്തിൽ അടയാളപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. ഇത് മുന്നിൽ കണ്ടാണ് 400 കോടി അനുവദിച്ച് കണ്ണൂരിൽ അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രം ആരംഭിക്കുന്നത്. ഇതിന്റെ ആദ്യഘട്ട നിർമാണ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണ്. 100 കിടക്കകളുള്ള ആശുപത്രിയാണ് സ്ഥാപിക്കുന്നത്. നൂറ്റാണ്ടുകൾ പഴക്കമുള്ള കയ്യെഴുത്ത് പ്രതികൾ, താളിയോല, ഔഷധസസ്യ ജൈവവൈവിധ്യം, ആയുർവേദത്തിന്റെ വൈവിധ്യമാർന്ന തത്വങ്ങൾ, സമ്പ്രദായങ്ങൾ എന്നിവയൊക്കെ സംരക്ഷിക്കുന്നതിനും പ്രദർശിപ്പിക്കുന്നതിനുമുള്ള ഇടവുമുണ്ട്. വിദേശ യൂണിവേഴ്‌സിറ്റികൾ ഉൾപ്പെടെ ഗവേഷണം നടത്തുന്നതിന് മുന്നോട്ട് വന്നിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. പ്രഥമ കേരള ആയുഷ് കായകല്പ് അവാർഡ് വിതരണത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നിർവഹിക്കുകയായിരുന്നു മന്ത്രി.


ആയുഷ് രംഗത്ത് വലിയ വികസന പ്രവർത്തനങ്ങളാണ് നടത്തിയത്. ആയുഷ് മേഖലയിൽ സ്റ്റാന്റേർഡൈസേഷൻ കൊണ്ടുവരാനുള്ള നടപടി സ്വീകരിച്ചു. പ്ലാനിംഗിലും ഫണ്ട് വിഹിതത്തിലും ഈ സ്റ്റാന്റേർഡൈസേഷൻ ഏറെ സഹായിക്കുന്നുണ്ട്. എല്ലാ പഞ്ചായത്തുകളിലും ഹോമിയോ ഡിസ്‌പെൻസറി എന്ന സർക്കാരിന്റെ പ്രഖ്യാപിത നയം നടപ്പിലാക്കി. എല്ലാ പഞ്ചായത്തുകളിലും ആയുഷ് ഡിസ്‌പെൻസറിയുള്ള സംസ്ഥാനമാക്കി കേരളത്തെ മാറ്റി. ആയുഷ് മേഖലയിൽ ചരിത്രത്തിൽ ആദ്യമായി 116 തസ്തികകൾ സൃഷ്ടിച്ചു. ഹോമിയോ വകുപ്പിൽ 40 തസ്തികകൾ സൃഷ്ടിച്ചു.


ആയുഷ് രംഗത്ത് ആഗോള പ്രശസ്തിയുള്ള ഭൂപ്രദേശമാണ് കേരളം. ലോകത്തിന്റെ പലഭാഗത്ത് നിന്നും ആളുകൾ ഇവിടെ ചികിത്സ തേടിയെത്താറുണ്ട്. ഈ കാലഘട്ടത്തിൽ ചികിത്സയുമായും ഗവേഷണവുമായും ആയുർവേദ വിദ്യാഭ്യാസവുമായും ബന്ധപ്പെട്ട് ഗുണനിലവാരം ഉയർത്താനായി വലിയ പ്രവർത്തനങ്ങൾ നടത്തി. ആയുഷ് മേഖലയിൽ ഗുണമേന്മ ഉറപ്പാക്കാനായി രാജ്യത്ത് ആദ്യമായി ഗൈഡ് ലൈൻ തയ്യാറാക്കി. ഇത് രാജ്യത്തെ മുഴുവൻ ഗൈഡ് ലൈനായി ഏറ്റെടുത്തു. ഇതുവരെ സംസ്ഥാനത്തെ 250 ആയുഷ് സ്ഥാപനങ്ങൾക്ക് എൻഎബിഎച്ച് അക്രഡിറ്റേഷൻ നേടാനായി. ആയുഷ് രംഗത്തെ ഫണ്ട് 2021ൽ നിന്നും പത്തിരട്ടി വർധിപ്പിച്ചു. ആയുഷ് മേഖലയിൽ പുതിയ കോഴ്‌സുകൾ ആരംഭിച്ചു. കോഴ്‌സുകൾക്ക് കൃത്യമായ മോഡ്യൂളും സിലബസും തയ്യാറാക്കി. രോഗ പ്രതിരോധത്തിനായി 10,000 യോഗ ക്ലബ്ബുകൾ ആരംഭിച്ചു.


തദ്ദേശ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ ആയുഷ് സ്ഥാപനങ്ങളെ മെച്ചപ്പെടുത്തുന്നതിനും ജനസൗഹൃദമാക്കുന്നതിനുമുള്ള അംഗീകാരമാണ് കായകല്പ് അവാർഡ്. ആയുഷ് ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യ പരിപാലനം, അണുബാധാ നിയന്ത്രണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് കൂടിയാണ് ഈ പുരസ്‌കാരം. ഏറ്റവും മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച 132 ആയുഷ് സ്ഥാപനങ്ങൾക്കാണ് അവാർഡ് നൽകിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home