ഫിറ്റ്നസ് ലഭിക്കാത്തതിൽ ആത്മഹത്യ; ഡ്രൈവറെ കുറ്റക്കാരനാക്കി ഉദ്യോഗസ്ഥർക്ക് ക്ലീൻ ചിട്ട് നൽകി എംവിഡി

തിരുവനന്തപുരം: കൊണ്ടോട്ടിയിൽ ഓട്ടോറിക്ഷയ്ക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ, കുറ്റം യുവാവിന്‍റെ തലയിൽ കെട്ടിവെച്ച് തടിയൂരാൻ എംവിഡി. വാഹനത്തിലെ അനധികൃത രൂപമാറ്റങ്ങൾ പൂർണമായി നീക്കാത്തതിനാലാണ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാതിരുന്നതെന്നും ഉദ്യോഗസ്ഥർക്ക് തെറ്റുപറ്റിയിട്ടില്ലെന്നുമാണ് ഗതാഗത കമ്മീഷണറുടെ റിപ്പോർട്ടിലെ പ്രധാന വാദം.
എന്നാൽ ഷൗക്കത്തലി മരണത്തിന് മുമ്പ് ഉന്നയിച്ച ആരോപണങ്ങൾ മറ്റൊന്നായിരുന്നു. പരിശോധനയിൽ ചൂണ്ടിക്കാട്ടിയ മാറ്റങ്ങൾ വരുത്താൻ ആദ്യം നിർദേശിച്ചപ്പോൾ ആവശ്യമായ മാറ്റങ്ങൾ വരുത്തിയ ശേഷം വാഹനം വീണ്ടും പരിശോധനയ്ക്ക് ഹാജരാക്കിയിട്ടും ഫിറ്റ്നസ് നൽകാതെ തുടർച്ചയായി തടസ്സപ്പെടുത്തിയെന്നായിരുന്നു ഷൗക്കത്തലിയുടെ ആരോപണം. ഏജന്റുമാരെ ഒഴിവാക്കി നേരിട്ട് നടപടികൾ പൂർത്തിയാക്കാൻ ശ്രമിച്ചതോടെയാണ് ഉദ്യോഗസ്ഥരുടെ സമീപനം പ്രതികാരപരമായതെന്നും മാസങ്ങളോളം ഓഫീസ് കയറിയിറങ്ങേണ്ടിവന്നെന്നും ഷൗക്കത്തലി ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
ഇടനിലക്കാരുടെ ഇടപെടലും അഴിമതിയും വീണ്ടും ശക്തമാകുന്നതിന്‍റെ ഇര കൂടിയാണ് ഷൗക്കത്തലി. ഇത് മറച്ചുവെക്കാനും സ്വന്തം വീഴ്ചകള്‍ ഒളിക്കാനുമാണ് ആത്യമഹത്യ ചെയ്ത യുവാവിന്‍റെ തലയില്‍ കുറ്റം ചാര്‍ത്താന്‍ എംവിഡി ശ്രമിക്കുന്നത്.
ഏജന്റുമാരെ ഒഴിവാക്കി നേരിട്ട് അപേക്ഷ നൽകിയതിനാലാണ് മാസങ്ങളോളം ഉദ്യോഗസ്ഥർ തന്നെ ബുദ്ധിമുട്ടിച്ചതെന്നും ജീവനൊടുക്കാൻ കാരണം എംവിഡി മാത്രമാണെന്നും ഷൗക്കത്തലി ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ആർടിഒ ഓഫീസിൽ ആവർത്തിച്ച് കയറിയിറങ്ങേണ്ടി വന്നതോടെ ജീവനോപാധി തടസ്സപ്പെടുകയും ഇഎംഐ കുടിശ്ശികയായി സിബിൽ സ്കോർ വരെ തകരുകയും ചെയ്തെന്നായിരുന്നു ഷൗക്കത്തലിയുടെ ആരോപണം.
2021-ൽ വാങ്ങിയ ഓട്ടോറിക്ഷയുടെ ഫിറ്റ്നസ് പുതുക്കാനായി 2025 നവംബറിലാണ് ഷൗക്കത്തലി കൊണ്ടോട്ടി സബ് ആർടിഒ ഓഫീസിൽ അപേക്ഷ നൽകിയത്. പരിശോധന നടത്തിയ ഉദ്യോഗസ്ഥൻ വാഹനത്തിലെ ആം റെസ്റ്റുകൾ, മെറ്റൽ വീൽ കപ്പുകൾ, ഡ്രൈവർ-യാത്രക്കാരുടെ ഭാഗത്തുള്ള സ്റ്റീൽ റെയിലിങ്ങുകൾ എന്നിവ നീക്കം ചെയ്യാൻ നിർദ്ദേശിക്കുകയായിരുന്നു. ഇത്തരത്തിൽ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഭാഗങ്ങൾ മാറ്റി വീണ്ടും വാഹനം ഹാജരാക്കാത്തതാണ് ഫിറ്റ്നസ് തടയാൻ കാരണമെന്നും ഉദ്യോഗസ്ഥർ മാനദണ്ഡങ്ങൾ മാത്രമാണ് ചൂണ്ടിക്കാണിച്ചതെന്നുമാണ് റിപ്പോർട്ടിലുള്ളത്.
മോട്ടോർ വാഹന വകുപ്പ് ഉൾപ്പെടെയുള്ള സർക്കാർ സേവനങ്ങളിൽ ഇടനിലക്കാരുടെ സ്വാധീനവും കൈക്കൂലിയും കുറയ്ക്കുന്നതിനാണ് എൽഡിഎഫ് സർക്കാർ അപേക്ഷ, ഫീസടയ്ക്കൽ, സർട്ടിഫിക്കറ്റ് നടപടികൾ ഉൾപ്പെടെ വിവിധ സേവനങ്ങൾ ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റിയത്. ഓഫീസുകളിലെ നേരിട്ടുള്ള ഇടപെടൽ പരമാവധി കുറച്ച് സാധാരണക്കാർക്ക് ഏജന്റുമാരെ ആശ്രയിക്കാതെ തന്നെ സേവനങ്ങൾ ലഭ്യമാക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. എന്നാൽ വീണ്ടും ഇടനിലക്കാരുടെ ഇടപെടലുകൾ ശക്തമാകുന്നുവെന്ന പരാതികളാണ് ഉയരുന്നത്.










0 comments