ആറ്റുകാൽ പൊങ്കാലയ്ക്കൊരുങ്ങി തലസ്ഥാനം; 10.15ന് അടുപ്പിൽ തീ തെളിക്കും

തിരുവനന്തപുരം : നാടും നഗരവും ഒരുങ്ങി, ഇന്ന് ആറ്റുകാൽ പൊങ്കാല. കേരളത്തിന്റെ നാനാഭാഗങ്ങളിൽനിന്ന് ആയിരങ്ങൾ ബുധനാഴ്‌ചതന്നെ തലസ്ഥാനത്ത് എത്തി. പാതയോരങ്ങളും വീട്ടുമുറ്റങ്ങളും പൊങ്കാല അടുപ്പുകളും കലങ്ങളുംകൊണ്ട് നിറഞ്ഞു. വ്യാഴം രാവിലെ 10.15ന് ക്ഷേത്രത്തിന് മുന്നിലെ പണ്ടാര അടുപ്പിൽ മേൽശാന്തി വി മുരളീധരൻ നമ്പൂതിരി തീ തെളിക്കും. തുടർന്ന് പൊങ്കാല അടുപ്പുകളിൽ തീ പകരും. പകൽ 1.15-നാണ് പൊങ്കാല നിവേദ്യം. വ്യോമസേനയുടെ ഹെലികോപ്റ്ററിൽ പുഷ്‌പവൃഷ്‌ടിയുണ്ടാകും. ആറ്റുകാൽ ക്ഷേത്രത്തിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
വിശ്വാസികൾക്ക് സൗകര്യമൊരുക്കി സംസ്ഥാന സർക്കാരും വിവിധ വകുപ്പുകളും കോർപറേഷനും സന്നദ്ധ സംഘടനകളും രംഗത്തുണ്ട്. പൊലീസും അഗ്നിരക്ഷാസേനയും കെഎസ്‌ഇബിയും ആരോഗ്യവകുപ്പും സർവസജ്ജം. ഹരിതചട്ടം പാലിച്ചാണ് പൊങ്കാല. യാത്ര സുഗമമാക്കാൻ കെഎസ്‌ആർടിസിയും റെയിൽവേയും പ്രത്യേക സർവീസ് നടത്തും. കോർപറേഷന്റെയും ശുചിത്വമിഷന്റെയും നേതൃത്വത്തിൽ നഗരം വൈകിട്ടോടെ ശുചിയാക്കും.









0 comments