വോട്ടർമാർ ശ്രദ്ധിക്കുക: പഞ്ചായത്തുകളിൽ മൂന്ന് വോട്ട്; വെള്ള, പിങ്ക്, ഇളംനീല ബാലറ്റ് യൂണിറ്റുകൾ

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഏഴ് ജില്ലകൾ ചൊവ്വാഴ്ച പോളിങ് ബൂത്തിലേക്ക് എത്തുമ്പോൾ പഞ്ചായത്തിൽ വോട്ട് ചെയ്യുന്നവർക്ക് മൂന്ന് വോട്ടാണ് ഉണ്ടാവുക. പഞ്ചായത്തുകളിൽ ഇടത്തുനിന്ന് ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് എന്ന ക്രമത്തിലാണ് ബാലറ്റ് യൂണിറ്റുകൾ. മൂന്ന് തലത്തിലെയും വോട്ട് രേഖപ്പെടുത്തിയാലേ നീണ്ട ബീപ് ശബ്ദം കേൾക്കൂ. മൂന്ന് വോട്ടും ചെയ്യാതെ ഒന്നോ രണ്ടോ മാത്രമേ ചെയ്യുന്നുള്ളുവെങ്കിൽ വോട്ടിങ് പ്രക്രിയ പൂർത്തിയാക്കുന്നതിന് അവസാനമുള്ള ‘END’ ബട്ടൺ അമർത്തണം. അപ്പോഴും നീണ്ട ബീപ് ശബ്ദം കേൾക്കാം.
ആദ്യ ബാലറ്റ് യൂണിറ്റിൽ പഞ്ചായത്തിലെ സ്ഥാനാർഥികളുടെ പേരും ചിഹ്നവും അടങ്ങുന്ന വെള്ള ലേബലാണുണ്ടാകുക. ബ്ലോക്ക് തലത്തിലേക്കുള്ള ബാലറ്റ് യൂണിറ്റിൽ പിങ്ക് ലേബലും ജില്ലാതല ബാലറ്റ് യൂണിറ്റിൽ ഇളംനീല ലേബലുമുണ്ടാകും. മൂന്ന് തലത്തിലേയും വോട്ട് രേഖപ്പെടുത്തി കഴിഞ്ഞിട്ടുണ്ടെങ്കിൽ ‘END’ ബട്ടൺ അമർത്തേണ്ട ആവശ്യമില്ല.
‘END’ ബട്ടൺ അമർത്തിക്കഴിഞ്ഞാൽ ആ വോട്ടർക്ക് പിന്നീട് വോട്ട് ചെയ്യുവാനാകില്ല. ഒരേ സമയം ഒന്നിൽക്കൂടുതൽ ബട്ടൺ അമർത്തിയാലും ഒരു വോട്ട് മാത്രമേ രേഖപ്പെടുത്തുകയുള്ളൂ. ഒന്നിൽ കൂടുതൽ തവണ ഒരേ ബട്ടണിൽ അമർത്തിയാലും ഒരു വോട്ട് മാത്രമാണ് രേഖപ്പെടുത്തുക. നഗരസഭയിലും കോർപറേഷനിലും ഓരോ വോട്ടുമാത്രം.










0 comments