ad
Deshabhimani

print edition വനംവകുപ്പ്‌ ഉന്നതരുടെ മ‍ൗനാനുവാദം; തെന്മല റിസർവ്‌ വനത്തോട്‌ ചേർന്ന 
തേക്കുകൾ മുറിച്ചുകടത്താൻ ശ്രമം

തെന്മല ഫോറസ്റ്റ്‌ സെക്‌ഷൻ ഡാം പത്തേക്കറിൽ റിസർവ്‌ വനത്തോട്‌ ചേർന്ന സ്ഥലത്തെ തേക്ക്‌ കടത്താനായി മുറിച്ചിട്ട നിലയിൽ

തെന്മല ഫോറസ്റ്റ്‌ സെക്‌ഷൻ ഡാം പത്തേക്കറിൽ റിസർവ്‌ വനത്തോട്‌ ചേർന്ന സ്ഥലത്തെ തേക്ക്‌ കടത്താനായി മുറിച്ചിട്ട നിലയിൽ

avatar
എം അനിൽ

Published on Aug 04, 2026, 01:30 AM | 1 min read

കൊല്ലം: തെന്മല റേഞ്ച്‌ പരിധിയിൽ വനം വകുപ്പ്‌ ജണ്ടകെട്ടി തിരിച്ച റിസർവ്‌ വനത്തോട്‌ ചേർന്ന ഭൂമിയിൽനിന്ന്‌ തേക്ക്‌ മുറിച്ചുകടത്താൻ സ്വകാര്യ വ്യക്തിയുടെ ശ്രമം. വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ മ‍ൗനാനുവാദത്തോടെ 34 തേക്ക്‌ കടത്താനാണ്‌ ശ്രമംനടന്നത്‌.


തെന്മല ഡിവിഷനിലെ തെന്മല സെക്‌ഷനിൽ ഡാം റോഡിനോട്‌ ചേർന്ന്‌ ഡാം പത്തേക്കറിൽ ജൂൺ 21ന്‌ ആണ്‌ സംഭവം. പരാതിയെ തുടർന്ന്‌ തെന്മല വില്ലേജ്‌ ഓഫീസർ തടി കൊണ്ടുപോകുന്നത്‌ താൽക്കാലികമായി തടഞ്ഞു. എന്നാൽ, വനം വകുപ്പ്‌ തെന്മല ഡിവിഷനിലെ ഉന്നത ഉദ്യോഗസ്ഥർ സംഭവം മൂടിവച്ചിരിക്കുകയാണ്‌. പരാതി ഉയർന്നിട്ടും സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കാൻ വനം മന്ത്രി തയ്യാറായിട്ടില്ലെന്ന ആക്ഷേപവും ഉയർന്നു.


തടിയുടെ വില നിശ്‌ചയിക്കാൻ സോഷ്യൽ ഫോറസ്‌ട്രിയോട്‌ ആവശ്യപ്പെട്ടിരിക്കുകയാണ്‌ റവന്യു അധികൃതർ. യുഡിഎഫ്‌ സർക്കാർ അധികാരത്തിൽ വന്നശേഷം വനംവകുപ്പിൽ നടന്ന വിവാദമായ സ്ഥലംമാറ്റ ഉത്തരവിലൂടെ തെന്മലയിൽ ചുമതലയേറ്റ റേഞ്ച്‌ ഓഫീസർ സംഭവസ്ഥലത്തേക്ക്‌ തിരിഞ്ഞുനോക്കിയിട്ടില്ലെന്നും ആക്ഷേപമുണ്ട്‌. സെക്‌ഷൻ ഓഫീസിലെ ഉദ്യോഗസ്ഥർ മാത്രമാണ്‌ സ്ഥലം സന്ദർശിച്ചത്‌.

കൈയേറ്റം തടയുന്നതിനായി വനഭൂമിയുടെ അതിർത്തി വർഷങ്ങൾക്ക്‌ മുന്പ്‌ ജണ്ടകെട്ടി തിരിച്ചിരിക്കുന്നതാണ്‌. റിസർവ്‌ വനാതിർത്തിയിലെ തോട്ടങ്ങളിൽനിന്ന്‌ മരം മുറിക്കാൻ കർശന വ്യവസ്ഥകളുണ്ട്‌. വില്ലേജ്‌ ഓഫീസർ സ്ഥലത്തെത്തി പ്ലാനും സ്‌കെച്ചും തയ്യാറാക്കി അനുമതി നൽകിയാൽ മാത്രമേ തോട്ടങ്ങളിൽനിന്ന്‌ ഉൾപ്പെടെ മരം മുറിക്കാൻ കഴിയൂ. അതിനുശേഷം വനംവകുപ്പ്‌ കടത്തുപാസ്‌ നൽകണം. എന്നാൽ, മാത്രമെ മുറിച്ചിട്ട മരം പുറത്തേക്ക്‌ കൊണ്ടുപോകാനാകൂ.


സംസ്ഥാനത്ത്‌ ഭരണമാറ്റത്തോടെ തെന്മല ഡിവിഷനിൽനിന്ന്‌ ഉൾപ്പെടെ വനത്തിൽനിന്ന്‌ തടി കടത്തുന്ന സംഘം സജീവമായിട്ടുണ്ട്‌. സ്വകാര്യ തോട്ടങ്ങളിൽനിന്ന്‌ മരം മുറിക്കുന്നതിന്റെ മറവിൽ വനത്തോട്‌ ചേർന്ന പ്രദേശങ്ങളിൽനിന്നും മരങ്ങൾ മുറിച്ചുകടത്താനാണ്‌ നീക്കം. തെന്മല, ആര്യങ്കാവ്‌, റോസ്‌മല, ശെന്തുരുണി വനത്തിൽനിന്ന്‌ ദർപ്പക്കുളം വഴി തമിഴ്‌നാട്ടിലേക്കാണ്‌ ഇത്തരത്തിൽ മുറിക്കുന്ന മരങ്ങൾ കടത്തുന്നത്‌.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home