ഡിവൈഎഫ്ഐ നേതാവിനെതിരെ ആർഎസ്‌എസ് വധശ്രമം

കുന്നംകുളം: കാട്ടകാമ്പാൽ ചിറയൻകാട് ഡിവൈഎഫ്ഐ നേതാവിനെ ആർഎസ്എസുകാർ വീട് കയറി വെട്ടിപ്പരിക്കേൽപ്പിച്ചു. ഡിവൈഎഫ്ഐ കാട്ടകാമ്പാൽ മേഖലാ ജോയിന്റ് സെക്രട്ടറി ചിറയൻകാട് വെളിയത്ത് സഞ്ജയ് (20)നെയാണ് പരിക്കേൽപ്പിച്ചത്. മുൻ പഞ്ചായത്തംഗവും സിപിഐ എം ലോക്കൽ കമ്മിറ്റിയംഗവുമായ ഷീജ സുഗതന്റെയും സുഗതന്റെയും മകനാണ് സഞ്ജയ്.
വെള്ളി വൈകിട്ട് വീട്ടിലേക്ക് വരുന്നതിനിടെ പിന്തുടർന്നെത്തിയ ആർഎസ്എസ് സംഘം മൂർച്ചയേറിയ ആയുധവും ഇരുമ്പ് പൈപ്പും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ സഞ്ജയ്‌യെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആർഎസ്എസ് പ്രവർത്തകരായ ആദിത്യൻ, ദീപക്ക്, ദേവപ്രസാദ് എന്നിവരാണ് തന്നെ ആക്രമിച്ചതെന്ന് സഞ്ജയ് പറഞ്ഞു.
കഴിഞ്ഞ ഉത്സവത്തിന് പ്രദേശത്തെ ഡിവൈഎഫ്ഐ– ആർഎസ്എസ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് ആർഎസ്എസ് സംഘം ആക്രമണം നടത്തിയത്. ആക്രമണം നടത്തിയ രണ്ടു പേർ കുന്നംകുളം പൊലീസ് കസ്റ്റഡിയിലാണ്.










0 comments