അടിഞ്ഞു കൂടിയ മാലിന്യം കടലിലേക്ക് തള്ളാൻ ശ്രമം; തോട്ടപ്പള്ളി സ്‌പിൽവേയിൽ മാലിന്യം അടിഞ്ഞ് ഒഴുക്ക് നിലച്ചു

ഒഴുകിയെത്തിയ മാലിന്യങ്ങൾ തോട്ടപ്പള്ളി സ്‌പിൽവേയ്‌ക്ക് സമീപം കുന്നുകൂടിയ നിലയിൽ
ആലപ്പുഴ : കനത്ത മഴയ്ക്കു പിന്നാലെ തോട്ടപ്പള്ളി സ്‌പിൽവേയ്‌ക്ക് ഇരുവശവും മാലിന്യം അടിഞ്ഞ് ഒഴുക്ക് നിലച്ചു. ഷട്ടറിലും ദേശീയപാതാ നവീകരണത്തിന് നിർമിച്ച താൽക്കാലിക പാലത്തിലും തങ്ങിയാണ് സ്‌പിൽവേയുടെ ഇരുവശങ്ങളിലും മാലിന്യം നിറഞ്ഞ് ഒഴുക്ക് കുറഞ്ഞത്. നിയമം ലംഘിച്ച് മാലിന്യം കടലിലേക്ക് ഒഴുക്കി തടിതപ്പാൻ ഉദ്യോഗസ്ഥർ ശ്രമിച്ചെങ്കിലും വിഫലമായി.
തോട്ടപ്പള്ളി സ്‌പിൽവേയ്‌ക്ക് 40 ഷട്ടറാണ്. ഇതിൽ കേടായ ഒരു ഷട്ടർ ഒഴികെ ബാക്കി 39 എണ്ണത്തിലൂടെയും സുഗമമായി ജലം ഒഴുകേണ്ടതാണ്. എന്നാൽ ഒഴുകിയെത്തുന്ന പ്ലാസ്‌റ്റിക് അടക്കമുള്ള മാലിന്യങ്ങൾ കെട്ടിനിൽക്കുന്നത് പ്രശ്‌നം കൂടുതൽ രൂക്ഷമാക്കുന്നു. കിഴക്കൻവെള്ളത്തിനൊപ്പം വൻതോതിൽ പ്ലാസ്‌റ്റിക് ഉൾപ്പെടെയുള്ള മാലിന്യവും എത്തിയതോടെ 20 ഷട്ടറിൽ ഒഴുക്ക് നിലച്ചു. ഇത് പ്രശ്‌നം കൂടുതൽ രൂക്ഷമാക്കി. ബാക്കി ഷട്ടറുകൾവഴി വളരെ കുറഞ്ഞ അളവിൽ മാത്രമാണ് ഒഴുക്ക്.
പ്ലാസ്‌റ്റിക് മാലിന്യവും മരത്തടികളും തിങ്കൾ രാത്രി ഇറിഗേഷൻ വകുപ്പ് അധികൃതർ മണ്ണുമാന്തി എത്തിച്ച് ഷട്ടറുകൾ വഴി തള്ളിക്കടത്താൻ നടത്തിയ ശ്രമവും വിഫലമായി. ടൺ കണക്കിന് മാലിന്യം കടലിലേക്ക് ഒഴുക്കുന്നതിനെ നാട്ടുകാർ ചോദ്യംചെയ്‌തെങ്കിലും, വകവയ്‌ക്കാതെ ജലസേചന എക്‌സിക്യൂട്ടീവ് എൻജിനിയറുടെ നേതൃത്വത്തിൽ ഇവ ഷട്ടർവഴി തള്ളുകയായിരുന്നു. ഇത് അടിഞ്ഞാണ് നീരൊഴുക്ക് നിലച്ചത്.
തിങ്കൾ രാത്രി 12 ഓടെയാണ് ദേശീയപാതയിൽ ഒരുമണിക്കൂറോളം വാഹനങ്ങൾ തടഞ്ഞിട്ടശേഷം മാലിന്യം തള്ളൽ നടന്നത്. ഷട്ടർ കടന്നെത്തിയ മാലിന്യങ്ങൾ ദേശീയപാതാ നിർമാണത്തിന്റെ ഭാഗമായി സ്‌പിൽവേയ്‌ക്ക് സമാന്തരമായി പടിഞ്ഞാറുഭാഗത്ത് നിർമിച്ച താൽക്കാലിക പാലത്തിൽ തങ്ങി. ഇതോടെ സ്‌പിൽവേയുടെ ഇരുവശങ്ങളിലും മാലിന്യം നിറഞ്ഞു.










0 comments