അട്ടപ്പാടിയിൽ ചാക്കിൽ കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്‌റ്റ്മോർട്ടം ഇന്ന് നടക്കും

അട്ടപ്പാടി: പാലക്കാട് അട്ടപ്പാടിയിൽ ചാക്കിൽ കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്‌റ്റ്മോർട്ടം ഇന്ന് നടക്കും. സ്ത്രീയുടെയും കുഞ്ഞിന്റെയും മൃതദേഹം തിരിച്ചറിയുകയാണ് ലക്ഷ്യം.
ചീരക്കടവിൽ ഭവാനിപ്പുഴയോരത്ത് മൂന്ന് ചാക്കുകളിലായാണ് യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയത് . ഏകദേശം 30 വയസ് പ്രായം തോന്നിക്കുന്ന യുവതിയുടെയും അഞ്ച് വയസുള്ള പെൺകുട്ടിയുടെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
മൂന്ന് ചാക്കുകളിലായി മൃതദേഹങ്ങൾ വേർതിരിച്ച നിലയിലായിരുന്നു. ശരീരഭാഗങ്ങൾ രണ്ട് ചാക്കുകളിലും തല മറ്റൊരു ചാക്കിലുമാണ് കണ്ടെത്തിയത്. മൃതദേഹങ്ങളിൽ അടിവസ്ത്രങ്ങൾ മാത്രമാണ് ഉണ്ടായിരുന്നതെന്ന് പൊലീസ് അറിയിച്ചു. തലയറുത്ത നിലയിലുള്ള മൃതദേഹങ്ങൾ യന്ത്രങ്ങൾ ഉപയോഗിച്ച് മുറിച്ചുമാറ്റിയതാണോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
കൊലപാതകത്തിന് പിന്നിൽ ഒന്നിലധികം പേർക്ക് പങ്കുണ്ടാകാമെന്ന സംശയത്തിലാണ് അന്വേഷണം. മൃതദേഹങ്ങൾക്ക് ഏകദേശം അഞ്ച് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.
മൂന്ന് ദിവസം മുമ്പ് വരെ പുഴയിൽ ശക്തമായ ഒഴുക്കുണ്ടായിരുന്നതിനാൽ മറ്റെവിടെയെങ്കിലും കൊലപാതകം നടത്തിയ ശേഷം മൃതദേഹങ്ങൾ പുഴയിൽ ഒഴുക്കിവിട്ടതാകാമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
മരിച്ചവരെക്കുറിച്ചും സംഭവത്തിന് പിന്നിലുള്ളവരെക്കുറിച്ചും നിർണായക വിവരങ്ങൾ ലഭിച്ചതായാണ് സൂചന. അന്വേഷണം തമിഴ്നാട് അതിർത്തി മേഖലകളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. തമിഴ്നാട് ഭാഗത്ത് നിന്ന് അടുത്തിടെ ആരെങ്കിലും കാണാതായിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
ഫോറൻസിക് വിദഗ്ധരുടെ സഹായത്തോടെ സ്ഥലത്ത് പരിശോധന തുടരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.









0 comments