തൃശൂരിൽ വീണ്ടും എടിഎം കവർച്ചാ ശ്രമം; അലാറം അടിച്ചതോടെ മോഷ്ടാവ് രക്ഷപ്പെട്ടു

തൃശൂർ: തൃശൂർ നഗരത്തിൽ എടിഎം തകർത്ത് മോഷണശ്രമം. പൂങ്കുന്നം റെയിൽവേ ഗേറ്റിന് സമീപമുള്ള പഞ്ചാബ് നാഷണൽ ബാങ്കിന്റെ എടിഎം ആണ് തകർക്കാൻ ശ്രമിച്ചത്. പുലർച്ചെ ഒരു മണിയോടെ ആയിരുന്നു സംഭവം. എടിഎമ്മിന്റെ വാതിൽ തുറന്ന് അകത്തു കടന്ന മോഷ്ടാവ് എടിഎം മെഷീൻ തകർക്കാൻ ശ്രമിക്കുകയായിരുന്നു. അലാറം അടിച്ചതോടെ ഇയാൾ രക്ഷപ്പെട്ടുകയായിരുന്നു. സംഭവത്തിൽ വെസ്റ്റ് പോലീസ് അന്വേഷണം ആരംഭിച്ചു.
മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാവിനായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ കേന്ദ്രീകരിച്ചാണ് അന്വേഷണം. പ്രദേശത്തെ ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിക്കും. ഒരാളാണ് മോഷണശ്രമത്തിനു പിന്നിലെന്നാണ് നിഗമനം. കഴിഞ്ഞ വർഷം തൃശൂരിലെ മൂന്നിടങ്ങളിൽ എടിഎമ്മുകളിൽനിന്നും 69.41 ലക്ഷം രൂപ കൊള്ളയടിച്ചിരുന്നു. അന്ന് പ്രതികളെ മണിക്കൂറുകൾക്കകം പൊലീസ് പിടികൂടുകയും ചെയ്തു.
ഇരിങ്ങാലക്കുടയ്‌ക്കടുത്ത് മാപ്രാണം, തൃശൂർ ഷൊർണൂർ റോഡ്, കോലഴി എന്നിവിടങ്ങളിലായിരുന്നു അന്ന് മോഷണം നടന്നത്. നമ്പർമറച്ച കാറിലെത്തിയ സംഘം ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് എടിഎം തകർത്തത്. എസ്‌ബിഐ കൺട്രോൾ റൂമിൽനിന്ന് വിവരം ലഭിച്ച് പൊലീസ് എത്തുംമുമ്പേ സംഘം രക്ഷപ്പെട്ടു. രാമവർമപുരംവഴി മണ്ണുത്തി ദേശീയപാതയിലെത്തിയ സംഘം പിന്നീട് കാർ കണ്ടെയ്‌നർ ലോറിയിൽ കയറ്റി തമിഴ്‌നാട്ടിലേക്ക് കടന്നു. മോഷണസംഘം സഞ്ചരിച്ച കാർ കണ്ടെയ്‌നർ ലോറിയിൽകയറ്റി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ തമിഴ്‌നാട് പൊലീസ് പിടികൂടുകയായിരുന്നു.
സംഭവം അറിഞ്ഞയുടൻ കവർച്ചാസംഘത്തെ വലയിലാക്കാൻ തൃശൂർ സിറ്റി, റൂറൽ പൊലീസ് മറ്റുജില്ലകളിലേയ്‌ക്കും തമിഴ്‌നാട് പൊലീസിനും വിവരം കൈമാറുകയായിരുന്നു. ഇതാണ് ആറുമണിക്കൂറിനകം പ്രതികളെ പിടികൂടാൻ സഹായകമായത്.










0 comments