print edition പാലക്കാടൻ കാറ്റോളം

വി കെ രഘുപ്രസാദ്
Published on Mar 18, 2026, 12:00 AM | 2 min read
പാലക്കാട് : ഇ എം എസ്, ഇ കെ നായനാർ, വി എസ് അച്യുതാനന്ദൻ എന്നീ മുഖ്യമന്ത്രിമാരെ നിയമസഭയിലേക്കും എ കെ ജിയെ ലോക്‌സഭയിലേക്കും അയച്ച ജില്ലയാണ് പാലക്കാട്. പാലക്കാട് ഒഴികെ മുഴുവൻ സീറ്റിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ച് എൽഡിഎഫ് കളം നിറഞ്ഞു. തെരഞ്ഞെടുപ്പ് കൺവൻഷനുകളും തുടങ്ങി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് 24 മണിക്കൂറിനകം സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്ന് പറഞ്ഞ യുഡിഎഫിന് ചൊവ്വ വൈകീട്ടോടെയാണ് പട്ടാമ്പി, ഷൊർണൂർ, ഒറ്റപ്പാലം ഒഴികെയുള്ള മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കാനായത്.
പീഡനകേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിന് ഇത്തവണ സീറ്റില്ല. പാലക്കാട് മണ്ഡലത്തിൽ ഷാഫി പറമ്പിൽ എംപി നോമിനിക്കായി ഇടപെട്ടുവെന്ന് ആക്ഷേപമുണ്ട്. കോങ്ങാട് മണ്ഡലത്തിൽ വി കെ ശ്രീകണ്‌ഠൻ എംപിയുടെ ഭാര്യയെ സ്ഥാനാർഥിയാക്കിയതും കോൺഗ്രസിൽ തർക്കങ്ങൾക്കിടയാക്കും.
ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെയും മുൻ പ്രസിഡന്റ് കെ സുരേന്ദ്രന്റെയും ഗ്രൂപ്പുകൾ ശക്തമാണ് ജില്ലയിൽ. പകുതി സീറ്റിൽ പോലും സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ ഇവർക്ക് കഴിഞ്ഞിട്ടില്ല. പാലക്കാട് മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിക്കെതിരെ പാർടിയിൽ അസ്വാരസ്യങ്ങളുണ്ട്.
തികഞ്ഞ ആത്മവിശ്വാസത്തിലാണ് എൽഡിഎഫ്. 2021ലെ തെരഞ്ഞെടുപ്പിൽ ജില്ലയിലെ 12 മണ്ഡലങ്ങളിൽ 10ലും എൽഡിഎഫ് വിജയിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പിൽ ഏഴിൽ മൂന്ന് നഗരസഭകളിൽ എൽഡിഎഫ് ഭരണം നിലനിർത്തി. ജില്ലാ പഞ്ചായത്തിൽ വ്യക്തമായ ഭൂരിപക്ഷം. 13 ബ്ലോക്ക് പഞ്ചായത്തുകളിൽ 10ഉം 88 പഞ്ചായത്തുകളിൽ 50ഉം എൽഡിഎഫ് നേടി.
ജില്ലയെ ദക്ഷിണേന്ത്യയുടെ വ്യവസായ കവാടമാക്കാൻ പോകുന്ന വ്യവസായ സ്‌മാർട്‌സിറ്റിയാണ് എടുത്തുപറയേണ്ട വികസനം. കൊച്ചി–ബംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായ പദ്ധതിയിലൂടെ ഒരു ലക്ഷം പേർക്ക് തൊഴിൽ ലഭിക്കും. 1780 കോടി രൂപ നൽകിയാണ് സംസ്ഥാനസർക്കാർ ഇതിനായി ഭൂമി ഏറ്റെടുത്തുനൽകിയത്.
900 കോടിയുടെ ജലസേചന പദ്ധതിയാണ് ചിറ്റൂരിൽ ഒരുങ്ങുന്നത്. കാഞ്ഞിരപ്പുഴ ഉദ്യാനം നവീകരണം 161 കോടി, മലമ്പുഴ ഉദ്യാന നവീകരണം 73 കോടി, കാങ്കപ്പുഴ റഗുലേറ്റർ കം ബ്രിഡ്ജ് -118 കോടി, പാലക്കാട് മെഡിക്കൽ കോളേജ്-- 2000 കോടി എന്നിവ പ്രധാനം. പാലക്കാട് ജില്ലാ ആശുപത്രിക്ക് പുതിയ കെട്ടിടം നിർമിക്കാൻ അനുവദിച്ച 109 കോടി ഉൾപ്പടെ റോഡ്, പാലം, സ്‌കൂൾ കെട്ടിടം, ആശുപത്രികൾ എന്നിവയ്‌ക്കായി 2000 കോടിയോളം രൂപ ചെലവിട്ടു.
1105398 പുരുഷമാരും 1147655 സ്ത്രീകളും 20 ട്രാൻസ്‌ജൻഡറുകളും ഉൾപ്പെടെ 2253073 വോട്ടർമാരാണ് ആകെയുള്ളത്.










0 comments