print edition വ്യക്തിഹത്യയും നുണപ്രചാരണവും വർഗീയവാദികളുടെ ഇഷ്ട ശൈലി

എം സ്വരാജ്
തിരുവനന്തപുരം: വ്യക്തിഹത്യയും നുണ പ്രചാരണവും അസഭ്യവർഷവും എല്ലാ വിഭാഗം വർഗീയവാദികളുടെയും ഇഷ്‌ടശൈലിയാണെന്ന് ദേശാഭിമാനി റസിഡന്റ് എഡിറ്ററും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗവുമായ എം സ്വരാജ്. ‘ദേശാഭിമാനി'യുടെ പേരിൽ വ്യാജ കാർഡുകൾ നിർമിച്ച് പ്രചരിപ്പിക്കുന്നതിനെതിരെ ഫെയ്‌സ്‌ബുക്ക് കുറിപ്പിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വർഗീയത പല വേഷങ്ങളിൽ പ്രത്യക്ഷപ്പെടുമ്പോഴും ഒരേരീതികൾ അവലംബിക്കുന്നത് പുതിയ കാര്യമല്ല. കുറച്ചുനാളായി തന്നെ ഹിന്ദു വർഗീയവാദിയായി ചിത്രീകരിക്കാൻ ജമാഅത്തെ കേന്ദ്രങ്ങളും ലീഗിലെ ജമാഅത്തെ വിഭാഗവും ഓവർടൈം ജോലി ചെയ്യുകയാണ്. ഒരു വർഗീയവാദി തന്നെ സന്ദർശിച്ചത് സൗഹൃദം കൊണ്ടാണെന്നും അത് വിവാദമാക്കരുതെന്ന് താൻ പറഞ്ഞതായും തന്റെ ചിത്രംവച്ച് ദേശാഭിമാനിയുടെ പേരിൽ വ്യാജ കാർഡ് ഉണ്ടാക്കിയാണ് നുണപ്രചാരണം നടത്തുന്നത്.
ആയിരക്കണക്കിന് വ്യാജ അക്കൗണ്ടുകൾവഴി മാത്രമല്ല, ലീഗിലെ ജമാഅത്തെ വിഭാഗത്തിലെ പലരും സ്വന്തം ഫെയ്‌സ്‌ബുക്ക് അക്കൗണ്ട് വഴിയും ഈ നുണ പ്രചരിപ്പിക്കുന്നുണ്ട്. ഇക്കൂട്ടത്തിൽ പഞ്ചായത്തംഗവും മീഡിയാവൺ അക്കാദമിയിൽനിന്നുള്ള ആളെന്ന് പ്രൊഫൈലിൽ വെളിപ്പെടുത്തിയ ആളും വെൽഫെയർ പാർടി വക്താവിനെപോലെ നവമാധ്യമങ്ങളിൽ ഇടപെടുന്നയാളുമുണ്ട്. കോൺഗ്രസിലെ ഒരു വിഭാഗവും നുണപ്രചാരണത്തിൽ മുന്നിലുണ്ട്. സംഘപരിവാരത്തിന്റെ വ്യാജ പ്രചാരണവും വ്യക്തിഹത്യാ ശൈലിയും ലീഗിലെ ജമാഅത്തെ വിഭാഗവും വള്ളിപുള്ളി തെറ്റാതെ പിന്തുടരുകയാണ്.
നേരത്തെ തന്നെ മുസ്ലിം വർഗീയവാദികളുടെ ആളായി ചിത്രീകരിച്ച് വ്യക്തിഹത്യ നടത്തിയത് സംഘപരിവാരമായിരുന്നു. ഇരുവർഗീയതയും ഒരുപോലെ തന്നെ ആക്രമിക്കുന്നതിൽ സന്തോഷമേ ഉള്ളൂവെന്നും എം സ്വരാജ് ഫെയ്‌സ്‌ബുക്ക് കുറിപ്പിൽ പറഞ്ഞു.










0 comments