സിനിമ കാണാനെത്തിയ എഎസ്ഐ തിയറ്ററിലെ ശുചിമുറിയിൽ മരിച്ചനിലയിൽ

സ്വബേശ് ശിവദാസ്
ആലുവ : സിനിമ കാണാനെത്തിയ കൊച്ചി സിറ്റി ഡിസ്ട്രിക്ട് ഹെഡ് ക്വാർട്ടേഴ്‌സ് ക്യാമ്പിലെ എഎസ്ഐയെ ആലുവ സീനത്ത് തിയറ്ററിലെ ശുചിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. വൈക്കം -തലയോലപ്പറമ്പ് റോഡിൽ വടയാർ ജങ്ഷനുസമീപം കൊല്ലറ സ്വബേശ് നിവാസിൽ സ്വബേശ് ശിവദാസാണ് (48) മരിച്ചത്. തൃപ്പൂണിത്തുറ എആർ ക്യാമ്പിലെ എഎസ്ഐ ആയിരുന്നു.
വ്യാഴം രാവിലെ ഒമ്പതരയോടെ ആലുവ സീനത്ത് തിയറ്ററിൽ, പൃഥ്വിരാജിന്റെ പുതിയ സിനിമയുടെ റിലീസിങ് ഷോ കാണാനെത്തിയ സ്വബേശ് സെക്യൂരിറ്റി ജീവനക്കാരന്റെ ഇരിപ്പിടത്തിൽ ബാഗുവച്ചശേഷം വാഷ് റൂമിലേക്ക് പോകുകയായിരുന്നു. കുറച്ചുസമയം കഴിഞ്ഞും ആളെ കാണാത്തതിനെ തുടർന്ന് തിയറ്റർ ജീവനക്കാരൻ വാഷ് റൂമിലെത്തിയപ്പോഴാണ് സ്വബേശിനെ കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തിയത്. തിയറ്ററിനടുത്ത് താമസിക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ ഓടിയെത്തി സിപിആർ നൽകി, ഉടൻ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
സംസ്‌കാരം വെള്ളി പകൽ 11ന് വടയാർ വീട്ടുവളപ്പിൽ. സംഭവത്തിൽ ആലുവ പൊലീസ് അനേഷണം തുടങ്ങി. അച്ഛൻ: ശിവദാസൻ (റിട്ട. സഹകരണവകുപ്പ് ജീവനക്കാരൻ). അമ്മ: സുശീല. ഭാര്യ: ബിൻസി (ഫാർമസിസ്റ്റ്, മുട്ടുചിറ സ്വകാര്യ ആശുപത്രി). മക്കൾ: ഹൃദ്യ (നാലാംക്ലാസ് വിദ്യാർഥിനി), ഹിരൺ (രണ്ട്).










0 comments