റബറിന്റെ പേരിൽ കോൺഗ്രസിന്റെ കള്ളക്കണ്ണീർ; മേഖലയെ തകർത്തത് ആസിയാൻ കരാർ

തിരുവനന്തപുരം: കോൺഗ്രസ് സർക്കാരിന്റെ കോർപ്പറേറ്റ് അനുകൂല നിലപാടിന്റെ ഭാഗമായി 2009 ൽ മൻമോഹൻ സിംഗ് സർക്കാർ ആസിയാൻ കരാറിൽ ഒപ്പുവെച്ചതോടെയാണ് റബർ കർഷകരുടെ ജീവിതം ദുരിതപൂർണമായത്. ആസിയാൻ രാജ്യങ്ങളിൽ നിന്ന് കുറഞ്ഞ വിലക്ക് റബര്‍ ഇറക്കുമതി ഇതോടെ വർധിക്കുകയായിരുന്നു. ഇതോടെ അഭ്യന്തരവില തകർന്നു. 2010–11ൽ കിലോയ്ക്ക് 209 രൂപ ആയിരുന്ന ശരാശരി വില 2015–16ൽ കിലോയ്ക്ക് 113 രൂപ ആയി താഴ്ന്നു.ഈ ചരിത്രവസ്തുത നിലനിൽക്കുമ്പോഴാണ് റബറിന് തറവില 300 രൂപയാക്കുമെന്ന് വാഗ്ദാനംചെയ്ത് വീണ്ടും പ്രകടന പത്രിക കോണ്ഗ്രസ് പുറത്തിറക്കിയിരിക്കുന്നത്
ഏകദേശം ഒരു ദശാബ്ദത്തോളമാണ് റബറിന്‍റെ ഇടിവ് തുടർന്നിരുന്നത്. കേരള സർക്കാരിന്റെ ആർപിഐഎസ് പദ്ധതി ഇല്ലായിരുന്നുവെങ്കിൽ ഈ ഇടിവ് കൂടുതൽ രൂക്ഷമായേനെ.ഏകദേശം 10 ലക്ഷം റബ്ബർ കർഷകർ— പ്രധാനമായും ചെറുകിട കർഷകർ പ്രതിസന്ധിയിലായി. കടബാധ്യത വർധിച്ചു, പലരും കൃഷി ഉപേക്ഷിച്ചു. ടാപ്പിംഗ് തൊഴിലാളികൾ ഉൾപ്പെടെ ആയിരക്കണക്കിന് ആളുകൾക്ക് തൊഴിൽ നഷ്ടപ്പെട്ടു. ചിലർ റബ്ബർ തോട്ടങ്ങൾ വെട്ടിമാറ്റി മറ്റ് വിളകളിലേക്ക് മാറി. ഏകദേശം ഒരു ലക്ഷം കോടി രൂപയുടെ നഷ്ടം കേരളത്തിന് കഴിഞ്ഞ ഒരു ദശാബ്ദത്തിൽ സംഭവിച്ചതായി കണക്കാക്കുന്നു.
റബ്ബർ ഉത്പാദനം 2010–11ൽ വി എസ് സർക്കാർ കാലത്തെ 7.71 ലക്ഷം ടണ്ണിൽ നിന്ന് 2015–16ൽ ഉമ്മൻ ചാണ്ടി സർക്കാർ കാലത്ത് 4.38 ലക്ഷം ടണ്ണായി കുറഞ്ഞു. എന്നാൽ എൽഡിഎഫ് സർക്കാരിന്റെ ഇടപെടലുകൾ മൂലം 2024–25ൽ ഇത് 6.50 ലക്ഷം ടണ്ണായി ഉയർന്നു. ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ റബ്ബർ കർഷകരെ സംരക്ഷിക്കുന്നതിന് പകരം എംആർഎഫ്, സിയറ്റ്, ജെകെ ടയേഴ്സ്, അപ്പോളോ അടക്കമുള്ള വലിയ ടയർ കമ്പനികളുമായി ചേർന്ന് കാർട്ടലൈസേഷൻ പ്രോത്സാഹിപ്പിച്ചു. 2005–06 ൽ 45,285 ടണ്ണായിരുന്ന ഇറക്കുമതി 2024–25ൽ 5.51 ലക്ഷം ടണ്ണായി ഉയർന്നു. ഇതുവഴി ആഭ്യന്തര വില താഴ്ന്നു, കോർപ്പറേറ്റുകൾക്ക് വൻ ലാഭമുണ്ടായി.
2004–2014 കാലത്തെ കോൺഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ടയർ കമ്പനികളുടെ വില നിയന്ത്രണത്തിൽ ഇടപെടാതെ അവരെ പ്രോത്സാഹിപ്പിച്ചു. ഇറക്കുമതി നയത്തെ നിയന്ത്രിച്ച് കൃത്രിമ വിലക്കുറവ് സൃഷ്ടിക്കാൻ കോൺഗ്രസ് നയിച്ച സർക്കാർ വൻകിട കമ്പനികൾക്ക് സഹായം നൽകിയതാണ് റബ്ബർ പ്രതിസന്ധി ഇപ്പോഴും തുടരാൻ വഴിയൊരുക്കിയത്.റബ്ബറിന് കുറഞ്ഞത് കിലോയ്ക്ക് 300രൂപ മിനിമം സംഭരണ വില വേണമെന്ന് കർഷകർ ആവശ്യപ്പെടുന്നു. നിലവിൽ കേരള സർക്കാർ കിലോയ്ക്ക് 200രൂപ നൽകുന്നുണ്ട്.










0 comments