ad
Deshabhimani

സിനിമ ചിത്രീകരണം സന്നിധാനത്തല്ല, പമ്പയിൽ: സംവിധായകൻ അനുരാജ് മനോഹറിന്റെ മൊഴിയെടുത്തു

Anuraj Manohar.jpg
വെബ് ഡെസ്ക്

Published on Jan 28, 2026, 11:04 AM | 1 min read

പത്തനംതിട്ട: മകരവിളക്ക് ദിവസം ശബരിമല സന്നിധാനത്ത് അനുമതിയില്ലാതെ സിനിമാ ചിത്രീകരണം നടത്തിയെന്ന പരാതിയിൽ സംവിധായകൻ അനുരാജ് മനോഹറിന്റെ മൊഴി രേഖപ്പെടുത്തി. കൊച്ചിയിലെ അദ്ദേഹത്തിന്റെ വസതിയിലെത്തിയാണ് ഉദ്യോഗസ്ഥർ മൊഴിയെടുത്തത്.


ഷൂട്ടിംഗ് നടത്തിയത് സന്നിധാനത്തല്ലെന്നും പമ്പ ഹിൽടോപ്പിലാണെന്നും അനുരാജ് മൊഴി നൽകി. നേരത്തെ സന്നിധാനത്ത് ചിത്രീകരണത്തിനായി അനുരാജ് മനോഹർ അനുമതി തേടിയിരുന്നെങ്കിലും ഹൈക്കോടതി വിലക്കും തിരക്കും ചൂണ്ടിക്കാട്ടി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ ഇത് നിഷേധിച്ചിരുന്നു.


എന്നാൽ മാധ്യമപ്രവർത്തകർക്ക് അനുവദിച്ച സ്ഥലത്ത് വെച്ച് ചിത്രീകരണം നടത്തിയെന്നാണ് പരാതി ഉയർന്നത്. പമ്പ പശ്ചാത്തലമായുള്ള സിനിമയായതിനാലാണ് അവിടെ ചിത്രീകരണം നടത്തിയതെന്നാണ് സംവിധായകൻ പറഞ്ഞത്. സംഭവത്തിൽ ദേവസ്വം വിജിലൻസ് അന്വേഷണം അവസാനഘട്ടത്തിലാണെന്ന് അധികൃതർ അറിയിച്ചു.


ദേവസ്വം വിജിലൻസ് എസ്.പി സുനിൽ കുമാർ ഇന്ന് വൈകുന്നേരത്തോടെ ദേവസ്വം ബോർഡ് പ്രസിഡന്റിന് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും. അനുമതിയില്ലാതെ പെരിയാർ ടൈഗർ റിസർവിനുള്ളിൽ പ്രവേശിച്ചതിനും ചിത്രീകരണം നടത്തിയതിനും വനംവകുപ്പും അനുരാജിനെതിരെ കേസെടുത്തിട്ടുണ്ട്.


എ.ഡി.ജി.പി എസ്. ശ്രീജിത്താണ് ചിത്രീകരണത്തിന് അനൗദ്യോഗികമായി അനുമതി നൽകിയതെന്ന് പരാതിയിൽ ആരോപണമുണ്ട്. ഇത് സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്.


റിപ്പോർട്ട് ലഭിച്ചാലുടൻ തുടർനടപടികൾ സ്വീകരിക്കുമെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി. 'ഇഷ്ക്', 'നരിവേട്ട' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് അനുരാജ് മനോഹർ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home