print edition ആന്റോയുടെ അറസ്റ്റ്; ഓൺലൈൻ ചാനൽ ഉടമ മുൻകൂട്ടി അറിഞ്ഞതെങ്ങനെ?

തിരുവനന്തപുരം: റിപ്പോർട്ടർ ചാനലിലെ പൊലീസ് റെയ്‌ഡ് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും അറിഞ്ഞില്ലെന്ന് പറയുന്പോഴും ഓൺലൈൻ ചാനൽ ഉടമ അറസ്റ്റ് മുൻകൂട്ടി അറിഞ്ഞു. റിപ്പോർട്ടർ സിഎംഡി ആന്റോ അഗസ്റ്റിനെ എക്‌സൈസ് അറസ്റ്റ് ചെയ്‌തത് വ്യാഴാഴ്‌ച പുലർച്ചെ അഞ്ചിനാണ്.
എന്നാൽ ബുധനാഴ്ച രാത്രി 10.49ന് അറസ്റ്റ് സൂചിപ്പിച്ച് മറുനാടൻ മലയാളി ഉടമ ഷാജൻ സ്‌കറിയ ഫെയ്‌സ്‌ബുക്കിൽ പോസ്റ്റിട്ടു. അറസ്റ്റ് വിവരം എങ്ങനെ ചോർന്നുവെന്നത് ദുരൂഹമാണ്. ‘ഇന്ന് രാത്രി അവനെ പൊക്കും’ എന്നായിരുന്നു പോസ്റ്റ്.
റിപ്പോർട്ടർചാനലിലെ റെയ്ഡ് ഉൾപ്പെടെ ഒന്നും തങ്ങൾ മുൻകൂട്ടി അറിഞ്ഞിട്ടില്ലെന്നാണ് മുഖ്യമന്ത്രി ഉൾപ്പെടെ പറയുന്നത്. അപ്പോൾ പൊലീസ് ആരുടെ നിർദേശപ്രകാരമാണ് പ്രവർത്തിക്കുന്നതെന്നും ഓൺലൈൻ ഉടമയ്ക്ക് ആരാണ് വിവരം ചോർത്തിയതെന്നും ചോദിക്കരുത്.
റിപ്പോർട്ടറിലെ മാധ്യമപ്രവർത്തകരുടെ ഫോണുകൾ പിടിച്ചെടുക്കാൻ ഉത്സാഹിച്ച പൊലീസ്, എംഡിഎംഎയുമായി കാസർകോട് കാലിക്കടവിൽ അറസ്റ്റിലായ മുഹമ്മദ് ഹുസൈന്റെ ഫോൺ പരിശോനക്കയച്ചത് മൂന്നാഴ്ച കഴിഞ്ഞാണ്. മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോഓർഡിനേറ്ററായ ഹുസൈന്റെ വീട്ടിൽ ഇതുവരെ പൊലീസ് പരിശോധന നടത്തിയിട്ടില്ല.
രാജ്യാന്തര ബന്ധമുള്ള മയക്കുമരുന്ന് റാക്കറ്റിലെ പ്രമുഖനായിട്ടും തെളിവെടുപ്പിനായി എവിടെയും കൊണ്ടുപോയില്ല. അപ്പോഴാണ് റിപ്പോർട്ടർ സിഎംഡിയെ അറസ്റ്റ് ചെയ്‌തെന്ന വാർത്ത മണിക്കൂറുകൾക്ക് മുമ്പ് തന്നെ മറുനാടൻ ഉടമയ്ക്ക് ലഭിച്ചത്. വിവരം ചോർത്തിക്കൊടുത്തതും പൊലീസ് അന്വേഷിക്കുമോ എന്ന ചോദ്യമാണ് സമൂഹമാധ്യമങ്ങളിലടക്കം ഉയരുന്നത്.










0 comments