print edition നാലാം തവണയും ആന്റിബയോഗ്രാം പുറത്തിറക്കി കേരളം

antibiogram report
വെബ് ഡെസ്ക്

Published on Nov 11, 2025, 12:48 AM | 2 min read


തിരുവനന്തപുരം

കേരളത്തിലെ ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് (എഎംആര്‍) തോത് വിലയിരുത്താനും അതിനനുസരിച്ച് ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് പ്രതിരോധിക്കാനുമായി 2024ലെ ആന്റിബയോഗ്രാം (എഎംആര്‍ സര്‍വെയലന്‍സ് റിപ്പോര്‍ട്ട്) മന്ത്രി വീണാ ജോര്‍ജ് പുറത്തിറക്കി. ആരോഗ്യ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന്‍ എന്‍ ഖോബ്രഗഡെ, എസ്എച്ച്എ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അരുണ്‍ കുമാര്‍, കാര്‍സാപ് നോഡല്‍ ഓഫീസര്‍ ഡോ. എന്‍ സരിത, കാര്‍സാപ് കണ്‍വീനര്‍ ഡോ. അരവിന്ദ്, ഡോ. സത്യഭാമ എന്നിവര്‍ പങ്കെടുത്തു. തുടര്‍ച്ചയായ നാലാം തവണയാണ് കേരളം ആന്റിബയോഗ്രാം പുറത്തിറക്കുന്നത്. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം മനസ്സിലാക്കാനും കർമപദ്ധതി ആവിഷ്‌കരിച്ച് അത് കുറയ്ക്കാനും ആന്റിബയോഗ്രാം റിപ്പോർട്ടിലൂടെ സാധിക്കും.


ഈ വര്‍ഷത്തെ റിപ്പോര്‍ട്ടില്‍ 55,640 സാമ്പിളുകളാണ് അവലോകനം ചെയ്തത്. ഈ വര്‍ഷം അവസാനത്തോടെ ആന്റിബയോട്ടിക് സാക്ഷരത കൈവരിക്കാനാകുമെന്നാണ്‌ പ്രതീക്ഷ. ആന്റിബയോട്ടിക് വാരാചരണത്തിന്റെ ഭാഗമായി ബോധവൽക്കരണ പരിപാടികള്‍ കൂടുതല്‍ ശക്തമാക്കും. കേരളത്തില്‍ ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തില്‍ 20 മുതല്‍ 30 ശതമാനംവരെ ഈ വര്‍ഷം കുറവുണ്ടായി. 2 ആശുപത്രികള്‍ ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രിയായി പ്രഖ്യാപിച്ചു. 100 ആശുപത്രികള്‍കൂടി ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളായി ഉടന്‍ മാറും.


കേരള ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാന്‍ (കാര്‍സാപ്), കേരള ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് സര്‍വൈലന്‍സ് നെറ്റ്‌വര്‍ക്ക്‌ (കാര്‍സ്‌നെറ്റ്) എന്നിവ രൂപീകരിച്ചാണ് പ്രതിരോധം ശക്തമാക്കിയത്. സംസ്ഥാനത്തെ 59 ലബോറട്ടറി ശൃംഖല ഘട്ടംഘട്ടമായി വികസിപ്പിച്ചു. മുമ്പ് ത്രിതീയ തലത്തിലുള്ള ആശുപത്രികളിലെ ആന്റിബയോട്ടിക്കിന്റെ തോതാണ് വിലയിരുത്തിയിരുന്നത്. എന്നാല്‍ പ്രാഥമിക തലത്തിലും ദ്വിതീയ തലത്തിലുമുള്ള ആശുപത്രികളിലെ ആന്റിബയോട്ടിക്കിന്റെ തോത് അറിയാനായി വിപുലമായ ശൃംഖല ഹബ്ബ് ആൻഡ്‌ സ്‌പോക്ക് മാതൃകയിലും നടപ്പാക്കിയിട്ടുണ്ട്‌.

ആന്റിബയോട്ടിക്കുകള്‍ ശ്രദ്ധയോടെ 
ഉപയോഗിക്കാം

 ആന്റിബയോട്ടിക്കുകള്‍ കൃത്യതയോടെ ഉപയോഗിച്ചില്ലെങ്കില്‍ അവയെ ചെറുക്കുന്നതിന്‌ ശേഷിയുള്ള ബാക്ടീരിയകളുടെ എണ്ണം കൂടി ആന്റിബയോട്ടിക് പ്രതിരോധത്തിന് കാരണമാകും


 ഡോക്ടറുടെ കുറിപ്പടി പ്രകാരം, നിര്‍ദേശിക്കപ്പെട്ട കാലയളവില്‍ നിശ്ചിത അളവില്‍ കൃത്യസമയങ്ങളില്‍ മാത്രമേ ആന്റിബയോട്ടിക് കഴിക്കാവൂ, സംശയങ്ങളുണ്ടെങ്കില്‍ ഡോക്ടറോട് ചോദിക്കുക.


 ഒരിക്കല്‍ നിര്‍ദേശിച്ച മരുന്നുകള്‍ കുറിപ്പടി ഉപയോഗിച്ച് വീണ്ടും വാങ്ങി കഴിക്കരുത്. കഴിച്ച ആന്റിബയോട്ടിക് മറ്റാരുമായും പങ്കുവയ്ക്കരുത്.

 ആന്റിബയോട്ടിക്കുകള്‍, ആന്റിവൈറലുകള്‍ ആന്റിഫംഗലുകള്‍, ആന്റിപാരാസൈറ്റിക്കുകള്‍ എന്നിവയുടെ ഉപയോഗം ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ പാടുള്ളൂ



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home