ഇല അട, കൊഴുക്കട്ട എന്നിവയില്‍ ചക്കപ്പൊടി ഉള്‍പ്പെടുത്താനാണ് നിര്‍ദേശം
അങ്കണവാടി ഭക്ഷണമെനുവില്‍ ചക്കപ്പൊടിയും

ജിബിന സാഗരന്‍
Published on Sep 17, 2025, 01:28 AM | 1 min read
തൃശൂര്‍
അങ്കണവാടികളിലെ പോഷകാഹരങ്ങളില്‍ ഇനി ചക്കപ്പൊടിയും . കേന്ദ്രസര്‍ക്കാരിന്റെ പോഷകാഹാര പദ്ധതികളില്‍ കേരളത്തിന്റെ തനതുപോഷകാഹാരമായ ചക്കപ്പൊടി ഉള്‍പ്പെടുത്തുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പോഷകാഹാര പദ്ധതിയില്‍ ചക്കപ്പൊടി ഉള്‍പ്പെടുത്തിയത്.
അങ്കണവാടികളിലെ ഭക്ഷണമെനും മാതൃക ഭക്ഷണമെനുവായി പരിഷ്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ട്. മാതൃകാ ഭക്ഷണമെനുവിലെ വിഭവങ്ങളായ ഇല അട, കൊഴുക്കട്ട എന്നിവയിലാണ് ചക്കപ്പൊടി ഉള്‍പ്പെടുത്തുന്നത്. ഗുണമേന്മാകാലാവധി മനസ്സിലാക്കി ആവശ്യമായ അളവില്‍ മാത്രം ചക്കപ്പൊടി അങ്കണവാടികളില്‍ സംഭരിക്കാനാണ് നിര്‍ദ്ദേശം. പരിഷ്കരിച്ച മാതൃകാ ഭക്ഷണമെനുവുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളില്‍ ഐസിഡിഎസ് ജീവനക്കാര്‍ക്കും അങ്കണവാടി പ്രവര്‍ത്തകര്‍ക്കും പരിശീലനം നല്‍കും.
2018–ലാണ് കേരളം ചക്കയെ സംസ്ഥാനഫലമായി പ്രഖ്യാപിച്ചത്. നിലവില്‍ 97,536 ഹെക്ടര്‍ ഭൂമിയില്‍ പ്രതിവര്‍ഷം 348 കോടി ചക്കകള്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. ഇതില്‍ നല്ലൊരുശതമാനം പാഴായിപോകുകയാണ്. ദേശീയ കണക്കുകൾ പ്രകാരം, കേരളം 30 ലക്ഷം ടൺ ഫലങ്ങൾ ഉൽപ്പാദിപ്പിക്കുന്നു. ഇതിൽ 14.3 ലക്ഷം ടൺ ചക്കയാണ്.
പ്രാദേശിക വിളയായ ചക്കയുടെ മൂല്യവര്‍ധിത ഉല്‍പ്പന്നമായ ചക്കപ്പൊടി അങ്കണവാടി ഭക്ഷണമെനുവിലേക്കെത്തുന്നതോടെ പാഴായി പോകുന്ന ചക്കയുടെ അളവ് കുറയ്ക്കാനാകും. ചക്കയുടെ ലഭ്യത കൂടുതലായതിനാല്‍ ചക്കപ്പൊടിയുടെ നിര്‍മാണ ചെലവ് കുറയും. പോഷക സമ്പന്നമായ ചക്കപ്പൊടി നിര്‍മാണത്തിലൂടെ സ്ത്രീകള്‍ക്ക് തൊഴിവസരങ്ങളും സൃഷ്ടിക്കാനാകും.









0 comments