അങ്കണവാടി ജീവനക്കാരോട് കേന്ദ്രത്തിന്റെ ദ്രോഹം
print edition 64 മാസത്തെ ഇൻസെന്റീവ് കുടിശ്ശിക

പാലക്കാട്: ഡിജിറ്റൈസേഷന്റെ ഭാഗമായി അങ്കണവാടി ജീവനക്കാർക്ക് കേന്ദ്രം നൽകാനുള്ളത് 64 മാസത്തെ ഇൻസെന്റീവ്. പദ്ധതിക്ക് ഇൻസെന്റീവ് പ്രഖ്യാപിച്ച് 88 മാസം കഴിയുമ്പോൾ കൊടുത്തത് 24 മാസത്തെ തുകമാത്രം. വർക്കർക്ക് 500 രൂപയും ഹെൽപ്പർക്ക് 250 രൂപയുമാണ് മാസം ഡിജിറ്റൈസേഷൻ ഇൻസെന്റീവ്.
സംസ്ഥാനത്തെ 33,120 അങ്കണവാടികളിലെ 66,240 ജീവനക്കാർക്കായി 2.48 കോടി രൂപയാണ് നൽകാനുള്ളത്. വർക്കർമാർക്ക് 1,65,60,000 രൂപയും ഹെൽപ്പർമാർക്ക് 82,80,000 രൂപയും വിതരണം ചെയ്യാനുണ്ട്. ഗർഭിണികൾ, പാലൂട്ടുന്ന അമ്മമാർ, മൂന്ന് വയസ്സുവരെയുള്ള കുട്ടികൾ, പ്രീ സ്‌കൂൾ വിദ്യാർഥികൾ, കൗമാരക്കാരായ വിദ്യാർഥിനികൾ എന്നിവരുടെ വിവരങ്ങളാണ് ഡിജിറ്റൈസേഷന്റെ ഭാഗമായി ആപ്പിൽ അപ്‌ലോഡ് ചെയ്യുന്നത്.
അങ്കണവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും മേയിലെ ഓണറേറിയം വിഹിതവും കേന്ദ്ര സർക്കാർ നൽകിയിട്ടില്ല. സംസ്ഥാന സർക്കാർ വിഹിതം നൽകി. വർക്കർക്കുള്ള കേന്ദ്രവിഹിതം 4,500 രൂപയാണെങ്കിലും 2,700 രൂപയേ ലഭിക്കുന്നുള്ളൂ. ഹെൽപ്പർക്ക് 2,250 രൂപയുടെ 60 ശതമാനമായ 1350 രൂപയാണ് കേന്ദ്രം ഓണറേറിയമായി നൽകുന്നത്. ബാക്കി തുക സംസ്ഥാനസർക്കാരും തദേശസ്ഥാനങ്ങളും ചേർന്നാണ് കൊടുക്കുന്നത്.










0 comments