print edition അങ്കമാലി–എരുമേലി ശബരി പാത ; തെറ്റിദ്ധാരണയുണ്ടാക്കാൻ കേന്ദ്രമന്ത്രിയുടെ ശ്രമം

തിരുവനന്തപുരം
അങ്കമാലി–എരുമേലി ശബരി റെയിൽ പദ്ധതി സംബന്ധിച്ച് തെറ്റിദ്ധാരണ പരത്താനുള്ള ശ്രമം തുടർന്ന് കേന്ദ്ര റെയിൽവേ മന്ത്രി. പദ്ധതി മരവിപ്പിച്ച നടപടി റെയിൽവേ മന്ത്രാലയം പിൻവലിച്ചിട്ടില്ല. അതുചെയ്യാതെ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാൻ കഴിയില്ലെന്ന് കൺസ്‌ട്രക്‌ഷൻ വിഭാഗം ജീവനക്കാർ സംസ്ഥാന സർക്കാർ വിളിച്ച യോഗത്തിൽ വ്യക്തമാക്കിയതാണ്. എന്നാൽ ഭൂമി ഏറ്റെടുത്ത് നൽകിയാൽ പദ്ധതി തുടങ്ങാമെന്നാണ് പാർലമെന്റിൽ മന്ത്രി അശ്വിനി വൈഷ്‌ണവ്, തമിഴ്‌നാട്ടിൽനിന്നുള്ള ഡിഎംകെ എംപിക്ക് മറുപടി നൽകിയത്.
ഇരുപത്തഞ്ച് വർഷത്തിലേറെയായി മുടങ്ങിക്കിടന്ന പദ്ധതി പുനരാരംഭിക്കാൻ കേന്ദ്ര റെയിൽവേ മന്ത്രിയുമായി ജൂൺ മൂന്നിന് മുഖ്യമന്ത്രി ചർച്ച നടത്തിയിരുന്നു. ഭൂമി ഏറ്റെടുക്കലും മറ്റും ചർച്ചചെയ്യാൻ റെയിൽവേ ചുമതലയുള്ള സംസ്ഥാന മന്ത്രി വി അബ്ദുറഹിമാൻ ജൂലൈ 11ന് യോഗവും വിളിച്ചു. ഭൂമിയേറ്റെടുക്കൽ യൂണിറ്റുകൾ പുനഃസ്ഥാപിക്കാനും പുതുക്കിയ അലൈൻമെന്റ് അന്തിമമാക്കാനും എറണാകുളം, ഇടുക്കി, കോട്ടയം കലക്ടർമാരോട് ആഗസ്‌ത് 21ന് രേഖാമൂലം നിർദേശിച്ചിരുന്നു. പദ്ധതിക്ക് വീണ്ടും അംഗീകാരം നൽകിയാൽ ഭൂമി ഏറ്റെടുക്കലിന് പുതിയ ഓഫീസുകൾ തുറക്കാൻ സംസ്ഥാനം എല്ലാ നടപടിയും പൂർത്തിയാക്കിയിട്ടുണ്ട്.
പുതുക്കിയ എസ്റ്റിമേറ്റ് അനുസരിച്ച് 3,810 കോടി രൂപയുടെ 50 ശതമാനമായ 1,905 കോടി സംസ്ഥാനം വഹിക്കണം. ഇതിൽനിന്ന് തുക കണ്ടെത്തി ഭൂമി ഏറ്റെടുക്കൽ നടപടി ആരംഭിക്കുന്നതിന് നിലവിൽ തടസ്സവുമില്ല. എന്നാൽ തെറ്റിദ്ധാരണ പരത്താനാണ് കേന്ദ്ര റെയിൽവേ മന്ത്രി ശ്രമിക്കുന്നത്.









0 comments