print edition വ്യാജരേഖ ചമച്ച് വീട് തട്ടിയ കേസ്: കോൺഗ്രസ് നേതാവിനെ സംരക്ഷിക്കാൻ കുറ്റപത്രം പൂഴ്‌ത്തി

തിരുവനന്തപുരം : ജവഹർ നഗറിലെ 10 കോടി രൂപയുടെ വീടും 14 സെന്റ് വസ്തുവും വ്യാജരേഖ ചമച്ച് തട്ടിയെടുത്ത കേസിൽ കുറ്റപത്രം പൂഴ്‌ത്തിവച്ച് ഒന്നാം പ്രതിയും കോൺഗ്രസ് നേതാവുമായ അനന്തപുരി മണികണ്ഠനെ രക്ഷിക്കാൻ നീക്കം. ശാസ്ത്രീയവും നിയമപരവുമായ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രത്തിന്റെ കരട് തയ്യാറാക്കിയിട്ടും കോടതിയിൽ സമർപ്പിക്കാതെ കേസ് നീട്ടിക്കൊണ്ടു പോകുകയാണ്.
യുഡിഎഫ് സർക്കാർ അധികാരമേറ്റതിനു പിന്നാലെ, മുമ്പ് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെയെല്ലാം കൂട്ടത്തോടെ മാറ്റിയാണ് പ്രതിയെ രക്ഷിച്ചെടുക്കാനുള്ള ഒത്തുകളിക്ക് തുടക്കമിട്ടത്. മുൻ അന്വേഷകസംഘം തയ്യാറാക്കിയ കുറ്റപത്രത്തിന്റെ കരട് പ്രോസിക്യൂട്ടർക്ക് നിയമപരിശോധനക്കായി കൈമാറിയിരുന്നു. കരട് പരിശോധിച്ച് അപാകതകളൊന്നുമില്ലെന്ന് അറിയിച്ചിരുന്നതായാണ് വിവരം.
അന്വേഷണം പൂർത്തിയായാൽ എത്രയുംവേഗം അന്തിമറിപ്പോർട്ട് മജിസ്‌ട്രേട്ട് കോടതിയിൽ സമർപ്പിക്കേണ്ടത് അന്വേഷണ ഉദ്യോഗസ്ഥന്റെ നിയമപരമായ ബാധ്യതയാണ്. എന്നാൽ, ഇത് ലംഘിച്ച് കുറ്റപത്രം സമർപ്പിക്കേണ്ട ഘട്ടത്തിൽ കോൺഗ്രസ് നേതാക്കളുടെ സമ്മർദത്താൽ നടപടികൾ പൂർണമായും മരവിപ്പിച്ചു. അന്വേഷണം ഇതുവരെ പൂർത്തിയായിട്ടില്ലെന്നാണ് നിലവിലെ മ്യൂസിയം എസ്എച്ച്ഒ പറയുന്നത്.
മുമ്പ് ഉണ്ടായിരുന്ന അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റിയശേഷം പുതിയ അന്വേഷക സംഘത്തെ നിയോഗിച്ചിരിക്കുന്നത് പ്രതിക്ക് രക്ഷപ്പെടാനുള്ള പഴുതുകൾ ഉണ്ടാക്കി പുതിയ ‘വെള്ളപൂശൽ റിപ്പോർട്ട്' തയ്യാറാക്കാനാണെന്ന് വ്യക്തം. കുറ്റപത്രം കോടതിയിലെത്തുന്നത് നീട്ടിക്കൊണ്ടുപോകുന്നതിലൂടെ നീതിന്യായ വ്യവസ്ഥയെയും വെല്ലുവിളിക്കുകയാണ് പൊലീസ്. കഴിഞ്ഞ വർഷം ജനുവരിയിലാണ് സംഘം തട്ടിപ്പ് നടത്തിയത്.
തെളിവ് നശിപ്പിക്കാൻ സുവർണാവസരം
യുഡിഎഫ് സർക്കാരിൽ ഉന്നതസ്വാധീനമുള്ള പ്രതിക്ക് സമയം നീട്ടിനൽകുന്നതിലൂടെ കേസിന്റെ വിചാരണ ഇല്ലാതാക്കാനാണ് നീക്കം. കാലതാമസം ഉണ്ടാകുംതോറും പിടിച്ചെടുത്ത വ്യാജരേഖകൾ, മുദ്രപ്പത്രങ്ങൾ, സാമ്പത്തിക ഇടപാടുകളുടെ ഡിജിറ്റൽ തെളിവുകൾ എന്നിവ അട്ടിമറിക്കപ്പെടാം. സാക്ഷികളെ പണവും അധികാരവും ഉപയോഗിച്ച് സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ ഉള്ള സാവകാശമാണ് അന്വേഷണം വൈകിപ്പിക്കുന്നതിലൂടെ പൊലീസ് ഒരുക്കിക്കൊടുക്കുന്നത്.
അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ഡോറ അസറിയ ക്രിപ്സിന്റെ വസ്തു തട്ടിയെടുത്ത കേസിൽ ജയിലിൽക്കിടന്ന ഇയാളെ സസ്പെൻഷൻ പിൻവലിച്ച് ഡിസിസി അംഗമാക്കിയിരുന്നു. പിന്നാലെ കർഷക കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റായും നേമം മണ്ഡലം പ്രസിഡന്റായും ചുമതല നൽകി.









0 comments