അമീബിക് മസ്‍തിഷ്‍കജ്വരം; ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനി മരിച്ചു

amoebic encephalitis
വെബ് ഡെസ്ക്

Published on Sep 08, 2025, 11:03 AM | 1 min read

വണ്ടൂർ: അമീബിക്‌ മസ്‌തിഷ്‌ക ജ്വരം ബാധിച്ച്‌ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനി മരിച്ചു. തിരുവാലിമേലേ കോഴിപറമ്പിൽ എളേടത്ത്കുന്ന് നഗറിൽ പാപ്പാടൻ ശോഭന(55)യാണ് മരിച്ചത്. കടുത്ത തലവേദനയെ തുടർന്ന് കഴിഞ്ഞ ഒന്നാം തീയതിയാണ് ശോഭനയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ശനിയാഴ്ചയാണ് മസ്തിഷ്ക ജ്വരമാണെന്ന് സ്ഥിരീകരിച്ചത്. തുടർന്ന് ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലർച്ചെയാണ് മരിച്ചത്.


തിരുവാലിയിലെ സ്വകാര്യ ജ്യൂസ് കമ്പനിയിലാണ് ശോഭന ജോലി ചെയ്തിരുന്നത്. മൃതദേഹം രണ്ടു മണിയോടെ കുടുംബശ്മശാനത്തിൽ സംസ്കരിക്കും. ഭർത്താവ്: പരേതനായ രാമൻ. മകൾ: അതുല്യ. കഴിഞ്ഞ ദിവസം വയനാട് സുൽത്താൻ ബത്തേരി സ്വദേശി രതീഷ് രോ​ഗബാധയേറ്റ് മരിച്ചിരുന്നു.


അമീബിക്‌ മസ്‌തിഷ്‌ക ജ്വരം കൂടുതലായി റിപ്പോർട്ട്‌ ചെയ്യപ്പെടുന്നതിന്‌ പിന്നിൽ കാലാവസ്ഥാ വ്യതിയാനവും പരിശോധനകൾ വർധിച്ചതും ഉൾപ്പെടെ കാരണമെന്ന് വിലയിരുത്തൽ. കാലാവസ്ഥാ വ്യതിയാനവും ജലസ്രോതസ്സുകളിലെ മലിനീകരണവും രോഗകാരിയായ അമീബയുടെ സാന്നിധ്യം കൂട്ടാൻ കാരണമാകുന്നു. സമാന ലക്ഷണങ്ങളുള്ള എല്ലാ കേസുകളിലും അമീബിക്‌ മസ്‌തിഷ്‌ക ജ്വരത്തിന്റെ പരിശോധന നടത്തുന്നതും കൂടുതൽ കേസുകൾ കണ്ടെത്തുന്നതിന്‌ വഴിയൊരുക്കുന്നതായി ആരോഗ്യ വിദഗ്‌ധർ പറയുന്നു.


നേഗ്ലെറിയ ഫൗലേറി, അക്കാന്തമീബ എന്നീ അമീബയാണ്‌ പ്രധാനമായും രോഗത്തിനിടയാക്കുന്നത്‌. വെള്ളത്തിലൂടെ മാത്രം ശരീരത്തിലെത്തുന്ന നേഗ്ലെറിയ ഫൗലേറിയാണ്‌ ഏറ്റവും അപകടകരം. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി അന്തരീക്ഷത്തിന്റെ ചൂട്‌ കൂടിയത്‌ സമീപ കാലങ്ങളിലായി അമീബയുടെ സാന്നിധ്യം വർധിപ്പിച്ചിട്ടുണ്ടെന്നാണ്‌ വിലയിരുത്തൽ.






deshabhimani section

Related News

View More
0 comments
Sort by

Home