അമീബിക് മസ്തിഷ്ക ജ്വരം ; മാതൃകാ പ്രതിരോധം , മരണനിരക്ക് നിയന്ത്രിച്ചത് കേരളം മാത്രം

തിരുവനന്തപുരം
അമീബിക് മസ്തിഷ്ക ജ്വര പ്രതിരോധത്തിൽ വികസിത രാജ്യങ്ങൾപോലും പരാജയപ്പെടുമ്പോൾ കേരളം മാതൃകയാകുന്നു. ലോകത്ത് 99 ശതമാനം മരണനിരക്കുള്ള രോഗത്തെ 24 ശതമാനത്തിലേക്ക് നിയന്ത്രിച്ചത് സംസ്ഥാന ആരോഗ്യവകുപ്പിന്റെ കാര്യക്ഷമത കൊണ്ടാണ്. രാജ്യത്താദ്യമായി ചികിത്സാ മാർഗരേഖ പുറത്തിറക്കിയത് കേരളമാണ്. ചികിത്സയ്ക്കും പ്രതിരോധത്തിനും കർമപദ്ധതിയും ആവിഷ്‌ക്കരിച്ചു.
ക്ലോറിനേഷൻ, ശുചീകരണം, വീടും സ്ഥാപനങ്ങളും കേന്ദ്രീകരിച്ചുള്ള ബോധവൽക്കരണം, ബോർഡ് സ്ഥാപിക്കൽ തുടങ്ങിയവ കൃത്യമായ ഇടവേളകളിൽ നടത്തി. ജപ്പാനിൽനിന്ന് ‘മിൽറ്റി ഫോസ്’ എന്ന മരുന്ന് എത്തിച്ചു. അമീബ ശരീരത്തിൽ പ്രവേശിക്കാതിരിക്കാൻ ജനങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് വിശദ മാർഗനിർദേശം പുറപ്പെടുവിച്ചു. മലിനജലത്തിൽനിന്നാണ് രോഗം പടരുന്നത് എന്ന നിഗമനത്തിനപ്പുറം മറ്റ് സാധ്യതകളെക്കുറിച്ച് പഠനം നടത്താൻ മൈക്രോബയോളജി ലാബ് ഉപയോഗപ്പെടുത്തി.
മെഡിക്കൽ കോളേജുകളിലെ മൈക്രോബയോളജി ലാബിൽ പരിശോധനാ സംവിധാനം ഒരുക്കുകയും തിരുവനന്തപുരം സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ലാബിൽ ഏത് അമീബയാണെന്ന് കണ്ടെത്താനുള്ള സംവിധാനമൊരുക്കുകയും ചെയ്തു. പ്രാഥമിക പരിശോധനാഫലം നോക്കി ചികിത്സ ആരംഭിക്കാനാകുന്നത് പ്രതിരോധത്തിൽ നിർണായകമാണ്.
ലോകത്ത് ആദ്യമായി കേരളത്തിലാണ് അമീബിക് മസ്തിഷ്‌ക ജ്വരവും ആസ്പര്‍ജില്ലസ് ഫ്‌ളാവസും ഒരുമിച്ച് ബാധിച്ച രോഗിയെ പൂർണ ആരോഗ്യത്തോടെ വീണ്ടെടുത്തത്. കൃത്യസമയത്തുള്ള രോഗനിർണയവും തീവ്ര പരിചരണവും ഈ രോഗിയുടെ കാര്യത്തിൽ നിർണായകമായി.
രോഗസ്ഥിരീകരണം നിർണായകം
രോഗം സ്ഥിരീകരണ സംവിധാനമാണ് അമീബിക് മസ്തിഷ്ക ജ്വരം പ്രതിരോധിക്കുന്നതിൽ പ്രധാനം. പ്രതിരോധിക്കുന്നതിൽ കേരളത്തിന് നിർണായകമാകുന്നത് തിരുവനന്തപുരം പബ്ലിക് ഹെല്‍ത്ത് ലാബിൽ സ്പീഷീസ് ഐഡന്റിഫിക്കേഷൻ നടത്താനുള്ള സംവിധാനമുണ്ട്. ഇവിടെ അഞ്ചുതരം അമീബകളെ കണ്ടെത്താം. രാജ്യത്തെ മറ്റ് ഭൂരിഭാഗം ലാബുകളിലും മൂന്നുതരം അമീബകളെ മാത്രമാണ് കണ്ടെത്തുന്നത്. കോഴിക്കോടും അമീബയെ കണ്ടെത്താനുള്ള പ്രാഥമിക പരിശോധനാ സൗകര്യമുണ്ട്. ആഗോളതലത്തിൽ 30 ശതമാനം പേർക്ക് മാത്രമാണ് കൃത്യമായ ചികിത്സയും തുടർപരിശോധനയും ലഭ്യമാകുന്നത്. മിക്ക രാജ്യങ്ങളിലും ലാബുകൾ പോലുമില്ല.









0 comments