‘അമീബിക്‌ മസ്‌തിഷ്‌ക ജ്വര’ത്തെ പൂട്ടാൻ ആരോഗ്യവകുപ്പ്‌ ; രോഗനിയന്ത്രണ പഠനത്തിന്‌ തുടക്കം

Amoebic Meningoencephalitis
avatar
എം ജഷീന

Published on Oct 06, 2025, 02:57 AM | 1 min read


കോഴിക്കോട്‌

അമീബിക്‌ മസ്‌തിഷ്‌ക ജ്വരത്തെ പ്രതിരോധിക്കാൻ സമഗ്ര ഗവേഷണത്തിന്‌ തുടക്കമിട്ട്‌ കേരളം. ഒരാളിൽ രോഗകാരിയായ അമീബ എത്താനുള്ള എല്ലാ സാധ്യതാ വഴികളും കണ്ടെത്തി പ്രതിരോധിക്കുക എന്ന ലക്ഷ്യത്തിലൂന്നിയുള്ള ‘കേസ്‌ കൺട്രോൾ സ്‌റ്റഡി’യ്‌ക്കുള്ള മുന്നൊരുക്കം ആരോഗ്യവകുപ്പ്‌ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ചെന്നൈയിലെ ഐസിഎംആർ നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ്‌ എപ്പിഡമോളജിയിലെ ഡയറക്ടർമാർ തിരുവനന്തപുരം, കോഴിക്കോട്‌ ഗവ. മെഡിക്കൽ കോളേജിലെ ആരോഗ്യ പ്രവർത്തകർക്ക്‌ പരിശീലനം നൽകി. സമഗ്ര പഠനപദ്ധതി ശുപാർശ അംഗീകാരത്തിനായി സർക്കാരിൽ സമർപ്പിച്ചിട്ടുണ്ട്‌. വിദഗ്‌ധ സംഘം രോഗബാധിതരുടെ വീടുകളിലും പ്രദേശങ്ങളിലുമെത്തി വിവരം ശേഖരിക്കും.


ഐസിഎംആറിന്റെ സഹകരണത്തിലാണ്‌ ആരോഗ്യവകുപ്പ്‌ രോഗനിയന്ത്രണ പഠനമുൾപ്പെടെയുള്ള ഗവേഷണങ്ങൾ നടപ്പാക്കുന്നത്‌. കേസ്‌ കൺട്രോൾ സ്‌റ്റഡിയുടെ ഭാഗമായി നിലവിൽ കൂടുതൽ കേസുകൾ റിപ്പോർട്ട്‌ ചെയ്‌ത മലപ്പുറം, കോഴിക്കോട്‌, തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ രോഗബാധിത പ്രദേശങ്ങളും വീടുകളും ആരോഗ്യപ്രവർത്തകർ സന്ദർശിക്കും. പ്രദേശത്തിന്റെ കാലാവസ്ഥാ മാറ്റങ്ങൾ, പരിസ്ഥിതി ഘടന, രോഗികളുടെ വ്യക്തിപരമായ വിവരങ്ങൾ, രോഗപ്പകർച്ചയ്‌ക്കുള്ള സാധ്യത, സാഹചര്യങ്ങൾ തുടങ്ങിയ വിവരം ശേഖരിക്കും. ഇതിനുള്ള ചോദ്യാവലി തയ്യാറായി.


തുടർന്ന്‌ ഇ‍ൗ വിവരങ്ങൾ ക്രോഡീകരിച്ച്‌ വിലയിരുത്തി രോഗം വരാനുള്ള സാധ്യതാ മാർഗങ്ങ(റിസ്‌ക്‌ ഫാക്ടർ)ളെക്കുറിച്ച്‌ പൊതുവായ നിഗമനത്തിലെത്തും. ഇതിന്റെ അടിസ്ഥാനത്തിലാവും തുടർ പ്രതിരോധ പ്രവർത്തനങ്ങളും ബോധവൽക്കരണവും നടപ്പാക്കുക. കമ്യൂണിറ്റി മെഡിസിൻ, ജില്ലാ സർവൈലൻസ്‌ സംഘത്തിലെ എപ്പിഡമോളജിസ്‌റ്റ്‌ എന്നിവരാണ്‌ അതത്‌ പ്രദേശങ്ങൾ സന്ദർശിക്കുക. മൈക്രോബയോളജി, ക്ലിനിക്കൽ വിഭാഗങ്ങളുടെ പിന്തുണയും ഉറപ്പാക്കും. അമീബിക്‌ മസ്‌തിഷ്‌ക ജ്വരത്തിന്‌ ആദ്യമായാണ്‌ കേസ്‌ കൺട്രോൾ സ്‌റ്റഡി നടത്തുന്നതെന്നും കൂടുതൽ കേസുകൾ റിപ്പോർട്ട്‌ ചെയ്യുന്ന സാഹചര്യത്തിലാണിതെന്നും പഠനം അതിവേഗം പൂർത്തിയാക്കുകയാണ്‌ ലക്ഷ്യമെന്നും ഡയറക്ടറേറ്റ്‌ ഓഫ്‌ ഹെൽത്ത്‌ സർവീസിലെ അസി. ഡയറക്ടർ(പിഎച്ച്‌) ഡോ. എസ്‌ ഹരികുമാർ പറയുന്നു.


അമീബയുടെ വകഭേദങ്ങൾ, ജനിതക ഘടനാ മാറ്റങ്ങൾ, ചികിത്സ എന്നിവ സംബന്ധിച്ചുമുള്ള പഠനങ്ങളും വിവിധ മെഡിക്കൽ കോളേജുകൾ കേന്ദ്രീകരിച്ച്‌ ആരംഭിച്ചിട്ടുണ്ട്‌. പ്രാഥമിക രൂപരേഖ അനുസരിച്ചുള്ള ഗവേഷണ പ്രവർത്തനങ്ങളാണിപ്പോൾ നടക്കുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Home