ലക്ഷദ്വീപ് സ്വദേശിക്കാണ് രോഗബാധ
print edition അമീബിക് മസ്തിഷ്കജ്വരം : രോഗിയുടെ ആരോഗ്യനില തൃപ്‌തികരം

കൊച്ചി
എറണാകുളം ജില്ലയിൽ അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചയാളുടെ ആരോഗ്യനില തൃപ്‌തികരമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ. ഇടപ്പള്ളിയിൽ ജോലിചെയ്യുന്ന ലക്ഷദ്വീപ് സ്വദേശിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളയാളുടെ ആദ്യ രണ്ട് സാമ്പിളുകൾ നെഗറ്റീവ് ആയിരുന്നു. മൂന്നാമതും നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്.
പനി, തലവേദന, ഓക്കാനം, ഛർദി, കഴുത്ത് തിരിക്കാനുള്ള ബുദ്ധിമുട്ട്, വേദന, നടുവേദന എന്നിവയാണ് അമീബിക് മസ്തിഷ്കജ്വരത്തിന്റെ ലക്ഷണങ്ങൾ. രോഗം മൂർഛിച്ചാൽ അപസ്‌മാരം, ബോധക്ഷയം, പരസ്‌പരബന്ധമില്ലാതെ സംസാരിക്കുക എന്നീ ലക്ഷണങ്ങളും കാണിക്കും. പ്രാരംഭത്തിൽത്തന്നെ ചികിത്സ തേടുകയും അടുത്തകാലത്ത് കുളത്തിലോ മറ്റോ കുളിച്ചിട്ടുണ്ടെങ്കിൽ അത് ഡോക്ടറോട് പറയുകയും വേണം.
കുടിവെള്ളവും പരിസരവും ശുചിയായിരിക്കാൻ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ആരോഗ്യവിഭാഗം അധികൃതർ അറിയിച്ചു. മൂക്കിലൂടെയാണ് അമീബ ശരീരത്തിലേക്ക് എത്തുന്നത്. അതിനാൽ മൂക്കിൽ വെള്ളം കയറുകയോ വെള്ളം ഒഴിക്കുകയോ ചെയ്യുന്നത് ഒഴിവാക്കണം. കെട്ടിക്കിടക്കുന്ന ജലാശയങ്ങളിൽ മുഖം കഴുകുകയോ കുളിക്കുകയോ ചെയ്യരുത്. കിണറുകൾ കൃത്യമായി ക്ലോറിനേറ്റ് ചെയ്യണം. വാട്ടർ തീം പാക്കുകൾ, നീന്തൽ പരിശീലന കേന്ദ്രങ്ങൾ, റിസോർട്ടുകൾ എന്നിവിടങ്ങളിലെ ജലാശയങ്ങൾ എല്ലാദിവസവും ക്ലോറിനേറ്റ് ചെയ്യുകയും രേഖകൾ സൂക്ഷിക്കുകയും ചെയ്യണം.









0 comments