ആരോഗ്യ കേരളത്തിന് എംജിയുടെ കരുതൽ ; അമീബിക് റിസർച്ച് ആൻഡ് ഡയഗ്നോസ്റ്റിക് സെന്ററും സ്മോൾ ആനിമൽ ഹൗസും ഉദ്ഘാടനത്തിന് ഒരുങ്ങി

പുതുപ്പള്ളി തലപ്പാടി ക്യാമ്പസിൽ ഒരുക്കിയ സ്‌മോൾ ആനിമൽ ഹൗസ്
കോട്ടയം
കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് കരുത്തായി എംജി സർവകലാശാലയിൽ ആരംഭിക്കുന്ന അമീബിക് റിസർച്ച് ആൻഡ് ഡയഗ്നോസ്റ്റിക് സെന്ററും സ്മോൾ ആനിമൽ ഹൗസും ഉദ്ഘാടനത്തിന് ഒരുങ്ങി. സർവകലാശാലയുടെ പുതുപ്പള്ളി തലപ്പാടി കാമ്പസിൽ പ്രവർത്തിക്കുന്ന ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ ബയോമെഡിക്കൽ ആൻഡ് റിസർച്ച് സൂപ്പർ സ്‌പെഷ്യൽ ഹോസ്‌പിറ്റലിലാണ് പുതിയ സംവിധാനങ്ങൾ ഒരുക്കുന്നത്. 26-ന് തലപ്പാടിയിൽ നടക്കുന്ന ചടങ്ങിൽ സ്‌മോൾ അനിമൽ ഹൗസ് മന്ത്രി ഡോ. ആർ ബിന്ദുവും അമീബിക് റിസർച്ച് ആൻഡ് ഡയഗ്നോസ്റ്റിക് സെന്റർ മന്ത്രി വി എൻ വാസവനും നാടിന് സമർപ്പിക്കുമെന്ന് വൈസ് ചാൻസലർ ഡോ. സി ടി അരവിന്ദകുമാർ വാർത്താസമ്മേളത്തിൽ പറഞ്ഞു. കേരളത്തിലെ രണ്ടാമത്തെ വലിയ സ്മോൾ ആനിമൽ ഹൗസായ ഇവിടെ 400ഓളം എലികളെ സൂക്ഷിക്കാനാകും

പുതുപ്പള്ളി തലപ്പടി ക്യാമ്പസിൽ ഒരുക്കിയ അമീബിക് റിസർച്ച് ആൻഡ് ഡയഗ്നോസ്റ്റിക് സെന്റർ
നേരിടാം അമീബിക് മസ്‌തിഷ്‌കജ്വരത്തെ
അമീബിക് മസ്‌തിഷ്‌കജ്വരത്തിന് കാരണമാകുന്ന രോഗാണുക്കളെ കണ്ടെത്താനുള്ള നവീന ജലപരിശോധനാ സൗകര്യത്തിനാണ് അമീബിക് റിസർച്ച് ആൻഡ് ഡയഗ്നോസ്റ്റിക് സെന്ററിലൂടെ തുടക്കമാകുന്നത്. നിലവിൽ തിരുവനന്തപുരം പബ്ലിക് ഹെൽത്ത് ലബോറട്ടറിയിൽ മാത്രമാണ് പരിശോധന സൗകര്യമുള്ളത്. മസ്‌തിഷ്‌ക ജ്വരത്തിന് കാരണമാകുന്ന എൻ ഫൗവ്‌ലേരി, അക്കാൻന്തമീബ, ബലമുത്തിയ മാൻഡ്രിലാറിസ് തുടങ്ങിയ രോഗാണുക്കളെ തിരിച്ചറിയാനാണ് സൗകര്യമുള്ളത്.
ഡോ. സി ടി അരവിന്ദകുമാർ, ഐയുസിബിആർ ഡയറക്ടർ ഡോ. ഇ കെ രാധാകൃഷ്‌ണൻ, ശാസ്ത്രജ്ഞരായ ഡോ. ഗൗതം ചന്ദ്ര, ഡോ. എ രാജേഷ് ഷെണോയി, ഗവേഷകരായ നിഷാദ് കീത്തേടത്ത്, ആനന്ദ് കൃഷ്‌ണൻ, സകീന അസ്മി, പി നീതു, എസ് അശ്വതി എന്നിവരാണ് പദ്ധതിയ്ക്ക് നേതൃത്വം നൽകുന്നത്. ചുറ്റുപാടുകളിലുള്ള ജലാശയങ്ങളിൽ നിന്ന് അമീബയെ തിരിച്ചറിയാൻ സഹായിക്കുന്ന ടെസ്റ്റിങ് കിറ്റും വികസിപ്പിച്ചിട്ടുണ്ട്. രോഗവ്യാപന സാധ്യതകൾ നേരത്തെ തിരിച്ചറിയാനും പ്രതിരോധ നടപടികൾ വേഗത്തിലാക്കാനും പുതിയ സംവിധാനത്തിലൂടെയാകും. സിൻഡിക്കറ്റംഗം ഡോ . സെനോ ജോസ്, ഡോ. കെ ജയചന്ദ്രൻ, ഡോ. ഇ കെ രാധാകൃഷ്ണൻ എന്നിവർ വാർത്താസമ്മേളത്തിൽ പങ്കെടുത്തു.

അമീബിക് റിസർച്ച് ആൻഡ് ഡയഗ്നോസ്റ്റിക് സെന്ററിനും സ്‌മോൾ അനിമൽ ഹൗസിനും നേതൃത്വം നൽകുന്ന ശാസ്‌ത്രജ്ഞരും ഗവേഷകരും വൈസ് ചാൻസലർ സി ടി അരവിന്ദകുമാറിനൊപ്പം









0 comments