print edition അൻസിബയെ കക്ഷിചേർക്കുന്നതിനെ എതിർത്ത് ശ്വേത മേനോൻ

കൊച്ചി: താരസംഘടന ‘അമ്മ’യുടെ അഡ്ഹോക് കമ്മിറ്റിക്കെതിരെയുള്ള ഹർജിയിൽ അൻസിബ ഹസനെ കക്ഷിചേർക്കുന്നതിനെ എതിർത്ത് ശ്വേത മേനോൻ. ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ ശ്വേതയോട് എറണാകുളം മുൻസിഫ് കോടതി നിർദേശിച്ചു. ഹർജി നിലനിൽക്കില്ലെന്ന് കോടതിയെ അറിയിച്ച നടൻ രമേഷ് പിഷാരടിയോടും വിശദീകരണം നൽകാൻ കോടതി ആവശ്യപ്പെട്ടു. കേസ് പരിഗണിക്കുന്നത് 27ലേക്ക് മാറ്റി.
ശ്വേതയുടെ ഹർജി നിലനിൽക്കുന്നതല്ലെന്ന് തിങ്കളാഴ്ച ഹർജി പരിഗണിക്കവെ രമേഷ് പിഷാരടി കോടതിയെ അറിയിച്ചപ്പോഴാണ് ഇതുസംബന്ധിച്ച് വിശദീകരണം സമർപ്പിക്കാൻ നിർദേശിച്ചത്. അന്തിമ ഉത്തരവ് പറയുന്നതിനുമുന്പ് തന്റെ വാദംകൂടി കേൾക്കണമെന്നും അഡ്‌ഹോക് കമ്മിറ്റിയെ വിലക്കിയ ഉത്തരവ് പുനഃപരിശോധിക്കണമെന്നുമാണ് അൻസിബയുടെ ആവശ്യം.
ഇക്കാര്യം വ്യക്തമാക്കി കക്ഷിചേരാനുള്ള അൻസിബയുടെ അപേക്ഷയെയാണ് ശ്വേത മേനോൻ എതിർത്തത്. അമ്മ പ്രസിഡന്റായിരുന്ന ശ്വേതയുടെ രാജി പ്രഖ്യാപനത്തെ തുടർന്നാണ് രമേഷ് പിഷാരടി കൺവീനറായി അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ചത്.
എന്നാൽ, ഇതിനെതിരെ ശ്വേത കോടതിയെ സമീപിച്ചതോടെ കമ്മിറ്റിയുടെ പ്രവർത്തനം താൽക്കാലികമായി വിലക്കി രമേഷ് പിഷാരടിക്ക് നോട്ടീസ് അയച്ചു. ഇതിനിടെ, കേസിൽ കക്ഷിചേരാൻ അൻസിബയും കോടതിയെ സമീപിക്കുകയായിരുന്നു.










0 comments