ad
Deshabhimani

print edition അമീബിക് മസ്തിഷ്‌ക ജ്വരം; 
ജാഗ്രത പാലിക്കണം

ameobic

പ്രതീകാത്മക ചിത്രം

avatar
സ്വന്തം ലേഖകൻ

Published on Apr 25, 2026, 01:12 AM | 1 min read

തിരുവനന്തപുരം: വേനല്‍ക്കാലത്ത് അമീബിക് മസ്തിഷ്‌ക ജ്വരം (അമീബിക് മെനിഞ്ചോഎന്‍സെഫലൈറ്റിസ്) വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്. ശുദ്ധമല്ലാത്ത വെള്ളത്തില്‍ കുളിക്കുകയോ മുഖം കഴുകുകയോ ചെയ്യരുത്. പൊതുസ്ഥലങ്ങളിലെ വെള്ളത്തിന്റെ ഗുണനിലവാരം ബന്ധപ്പെട്ട വകുപ്പുകള്‍ പരിശോധിച്ച്‌ മുന്‍കരുതലുകളെടുക്കണം. ജലസ്രോതസ്സുകള്‍ വൃത്തിയായി സൂക്ഷിക്കണം.

ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം കിണറുകളും ടാങ്കുകളും ക്ലോറിനേറ്റ് ചെയ്യണം. നീന്തല്‍ക്കുളങ്ങളും ക്ലോറിനേറ്റ് ചെയ്യണം.

പ്രത്യേക സാഹചര്യത്തിൽ ആരോഗ്യവകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. മസ്തിഷ്‌കജ്വരം ബാധിക്കുന്നവര്‍ക്ക് അമീബിക് മസ്തിഷ്‌ക ജ്വരം കണ്ടെത്താനുള്ള പരിശോധനകൂടി നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മസ്തിഷ്‌ക ജ്വരത്തിന്റെ രോഗലക്ഷണങ്ങള്‍ കാണുന്നവര്‍ എത്രയുംവേഗം ചികിത്സ തേടണമെന്നും മന്ത്രി പറഞ്ഞു.


വെള്ളത്തില്‍ കാണുന്ന സൂക്ഷ്മജീവികളായ അക്കാന്തമീബ, നെഗ്ലേറിയ ഫൗളേറി എന്നിവ മൂലമാണ് അമീബിക് മസ്തിഷ്‌ക ജ്വരം ഉണ്ടാകുന്നത്. ചൂടേറിയ തടാകങ്ങള്‍, കുളങ്ങള്‍, മലിനമായ നീന്തല്‍ക്കുളങ്ങള്‍ എന്നിവയില്‍ ഇത് കണ്ടുവരാന്‍ സാധ്യതയുണ്ട്. ഈ അമീബ മൂക്കിലൂടെ ശരീരത്തില്‍ പ്രവേശിച്ച് മസ്തിഷ്‌കത്തെയാണ്‌ ബാധിക്കുക.

ഇ‍ൗ ലക്ഷണങ്ങൾ ശ്രദ്ധിക്കണം

തീവ്രമായ പനി, പെട്ടെന്നുള്ള ജ്വരം, തലവേദന, ഛര്‍ദി, കഴുത്ത് വേദന, ബോധക്ഷയം, വെളിച്ചം കാണുമ്പോള്‍ ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രധാന രോഗലക്ഷണം. രോഗലക്ഷണങ്ങള്‍ കാണുന്ന ഉടന്‍ ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെടണം. രോഗം കണ്ടെത്തി വിദഗ്ധ ചികിത്സ ഉറപ്പാക്കാനുള്ള ഇടപെടലുകള്‍ ഫലപ്രദമായി നടപ്പാക്കിയിട്ടുണ്ട്‌. ആഗോളതലത്തില്‍ മസ്തിഷ്‌ക ജ്വര മരണനിരക്ക് 99 ശതമാനമാണെങ്കിലും മികച്ച പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിലെ മരണനിരക്ക് 24 ശതമാനമായി കുറയ്ക്കാനായിട്ടുണ്ട്‌.


അമീബിക് മസ്തിഷ്‌ക ജ്വരത്തിനായി പ്രത്യേകം പ്രോട്ടോകോളും പുറപ്പെടുവിച്ചിട്ടുണ്ട്‌. കേരളത്തിലെ എല്ലാ മെഡിക്കല്‍ കോളേജുകളിലേയും മൈക്രോബയോളജി വിഭാഗത്തിൽ അമീബയെ കണ്ടെത്താനുള്ള സംവിധാനമുണ്ട്. അമീബയെ കണ്ടെത്തിക്കഴിഞ്ഞാല്‍ അത് ഏത് അമീബയാണെന്ന് തിരിച്ചറിയാനുള്ള സ്പീഷീസ് ഐഡന്റിഫിക്കേഷനും മോളിക്യുലാര്‍ സങ്കേതത്തിലൂടെ അമീബയുടെ രോഗസ്ഥിരീകരണവും നടത്താനുള്ള സംവിധാനം തിരുവനന്തപുരം പബ്ലിക് ഹെല്‍ത്ത് ലാബ്, തോന്നയ്ക്കല്‍ ഐഎവി, കോഴിക്കോട് മെഡിക്കല്‍ കോളേജ് മൈക്രോബയോളജി വിഭാഗം എന്നിവിടങ്ങളില്‍ സജ്ജമാണ്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home