മലയോര നിവാസികളുടെ പതിറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പിന് വിരാമം; അമ്പൂരി -കുമ്പിച്ചല്‍കടവ് പാലം നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: അമ്പൂരിയിലെ ഗോത്രവര്‍ഗ്ഗ ജനതയുടെയും മലയോര നിവാസികളുടെയും പതിറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പിന് വിരാമം. അമ്പൂരി- കുമ്പിച്ചല്‍കടവ് പാലത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ഇന്ന് വൈകിട്ടാണ് മുഖ്യമന്ത്രി പാലം നാടിന് സമര്‍പ്പിച്ചത്. മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനായി. മന്ത്രി ഒ ആർ കേളുവായിരുന്നു മുഖ്യാതിഥി.അമ്പൂരി ഗ്രാമപഞ്ചായത്തിലെ 11 ഗോത്രവര്‍ഗ്ഗ ഉന്നതികളിലേക്കുള്ള പ്രവേശനകവാടം എന്ന നിലയില്‍ ഏറെ പ്രാധാന്യമുള്ളതാണ് ഈ പാലം. കിഫ്ബിയില്‍ നിന്നും 19 കോടിയിലധികം രൂപ ചെലവാക്കി നിര്‍മ്മിച്ച പാലം നാടിന്റെ വിനോദസഞ്ചാര മേഖലയ്ക്കും വലിയ ഉണര്‍വ് നല്‍കുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.
പുറംലോകത്തേക്ക് എളുപ്പത്തിൽ എത്തുകയെന്ന പ്രദേശവാസികളുടെ സ്വപ്നമാണ് എൽഡിഎഫ് സർക്കാർ കുമ്പിച്ചൽക്കടവ് പാലത്തിലൂടെ യാഥാർഥ്യമാക്കിയത്. ഒന്നാം പിണറായി സർക്കാർ ഭരണാനുമതി നൽകിയ പദ്ധതി നിരവധി തടസ്സങ്ങൾ തരണംചെയ്താണ് പൂർത്തിയാക്കിയത്.നെയ്യാർ ഡാമിന്റെ ജലസംഭരണി നിർമാണത്തെ തുടർന്ന് അഗസ്ത്യമലയുടെ താഴ്‌വരയിൽ കരിപ്പയാറിന് നടുവിൽ തുരുത്തായതാണ് തൊടുമല ഗ്രാമം.
അര നൂറ്റാണ്ടിലേറെ ഇവിടെ ഒറ്റപ്പെട്ടുപോയ കാരിക്കുഴി, ചാക്കപ്പാറ, ശങ്കുംകോണം, കയ്പൻപ്ലാവിള, തൊടുമല, തെന്മല, കുന്നത്തുമല, തുടങ്ങി 11 ആദിവാസി ഊരുകളിലെ ആയിരത്തിലധികം കുടുംബങ്ങൾക്കും അമ്പൂരി നിവാസികൾക്കും പുറംലോകത്തേക്ക് എത്താൻ പഞ്ചായത്ത് ഏർപ്പാടാക്കിയ വള്ളം മാത്രമായിരുന്നു ആശ്രയം. പാലത്തിന് പലതവണ കല്ലിട്ടെങ്കിലും നിർമാണത്തിലേക്ക് എത്തിയില്ല. മഴക്കാലമായാല്‍ യാത്ര ദുഃസ്സഹമാകും. സംസ്ഥാനത്ത് നദിക്കു കുറുകേ നിർമിക്കുന്ന ഏറ്റവും നീളം കൂടിയതും വലിപ്പമുള്ളതുമായ പാലമാണിത്.











0 comments