print edition അലുവ അതുൽ വധക്കേസ്: കുറ്റപത്രം നൽകി; 2 ക്രിമിനൽ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലെന്ന് പൊലീസ്

കരുനാഗപ്പള്ളി: കൊലക്കേസ് പ്രതിയെ നടുറോഡിൽ വെട്ടിക്കൊന്ന കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ഓച്ചിറ മഠത്തിൽകാരായ്മ കൃഷ്ണവിലാസത്തിൽ അതുലി (30,അലുവാ അതുൽ)നെ മാർച്ച് 14ന് കരുനാഗപ്പള്ളി പുതിയകാവിന് തെ ക്കുവശം പെട്രോൾ പമ്പിന് മുൻവശത്ത് വെട്ടിക്കൊലപ്പെടുത്തിയത്. 87–-ാം ദിവസമാണ് കരുനാഗപ്പള്ളി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി മുമ്പാകെ പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. ജുഡീഷ്യൽ കസ്റ്റഡിയിലുള്ള പ്രതികളെ കസ്റ്റഡിയിൽ നിലനിർത്തി വിചാരണ നടത്തണമെന്ന റിപ്പോർട്ടും പൊലീസ് കൈമാറി.
2025 മാർച്ച് 27ന് കരുനാഗപ്പള്ളി ജിം സന്തോഷ് വധം നടന്ന ദിവസം വവ്വാക്കാവിൽ വച്ച് കേസിലെ ഒന്നാം പ്രതിയായ അനീറിനെ അതുലും സംഘവും ചേർന്ന് വെട്ടിക്കൊല്ലാൻ ശ്രമിച്ചതിലും മറ്റു പ്രതികളെ പിന്തുടർന്ന് നിരന്തരമായി ഭീഷണിപ്പെടുത്തിയതിലുമുണ്ടായ വൈരാഗ്യമാണ് കൃത്യത്തിലേക്ക് നയിച്ചത്. വയനകവും തഴവ കടത്തൂരും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന രണ്ട് കുറ്റവാളി സംഘങ്ങൾ തമ്മിലുള്ള പൂർവവൈരാഗ്യവും കൊലപാതകത്തിൽ കലാശിച്ചു. ജിം സന്തോഷ് കൊലക്കേസിലെ രണ്ടാം പ്രതിയായിരുന്നു അതുൽ.
അന്പതിലേറെ മഹസ്സറും കൃത്യത്തിൽ ഉൾപ്പെട്ട വാഹനങ്ങളും നൂറിലധികം തൊണ്ടിമുതലും ശാസ്ത്രീയ പരിശോധന നടത്തിയും തെളിവുകൾ ശേഖരിച്ചുമാണ് കുറ്റപത്രം സമർപ്പിച്ചത്. 15 പ്രതികളാണുള്ളത്. ഇതിൽ 13 പ്രതികളെയും 24 മണിക്കൂറിനകം പൊലീസ് പിടികൂടിയിരുന്നു. ഗൂഢാലോചന നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ നശിപ്പിക്കാൻ ശ്രമിച്ച പതിനഞ്ചാം പ്രതിയും അറസ്റ്റിലായി. കുറ്റപത്രം സമർപ്പിക്കുന്നത് വൈകിപ്പിച്ച് സ്വാഭാവിക ജാമ്യം നേടാനും പ്രതികൾ ശ്രമിച്ചിരുന്നു.











0 comments