അലുവ അതുൽ കൊലപാതകം: ഗുണ്ടാ അക്രമണങ്ങളോട് വിട്ടുവീഴ്ചയില്ല, പ്രധാന പ്രതികൾ 12 മണിക്കൂറിനുള്ളിൽ പിടിയിൽ

കൊല്ലം സിറ്റി പൊലീസ് കമീഷണർ ഹേമലത
കൊല്ലം: ഗുണ്ടാ ആക്രമണങ്ങളോട് വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് കേരള പൊലീസിന്റേതെന്ന് കൊല്ലം സിറ്റി പൊലീസ് കമീഷണർ ഹേമലത. അലുവ അതുല്‍ കൊലപാതകം നടന്ന് 12 മണിക്കൂറിനുള്ളിൽ തന്നെ പ്രധാന പ്രതികളായ ആറ് പേരെയും പിടികൂടാനായി. പ്രതികൾ സഞ്ചരിച്ച വാഹനത്തിന്റെ ദൃശ്യങ്ങൾ എ എൻ പി ആർ കാമറ സംവിധാനത്തിലൂടെ തിരിച്ചറിഞ്ഞു. തുടർന്ന് ഒരു മണിക്കൂറോളം നീണ്ട പിന്തുടരലിന് ഒടുവിലാണ് പൊലീസ് പ്രതികളെ കീഴടക്കിയത്.
പ്രധാന പ്രതികൾക്ക് പുറമെ കൊലപാതകം ആസൂത്രണം ചെയ്തവർ, പ്രതികൾക്ക് വാഹനം നൽകി സഹായിച്ചവർ എന്നിവരും പൊലീസ് പിടിയിലായിട്ടുണ്ട്. ഈ ഗ്യാങ്ങിന് പിന്നിൽ പ്രവർത്തിച്ച മുഴുവൻ ആളുകളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരും. ഇവരുടെ ഗ്യാങ് വിവരങ്ങൾ വിശദമായി അന്വേഷിച്ചുവരികയാണ്. പൊലീസിന്റെ പ്രവർത്തനങ്ങളിൽ പൊതുജനങ്ങളിൽ നിന്നും മാധ്യമപ്രവർത്തകരിൽ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത്. ഇത് കുറ്റവാളികളെ പിടികൂടാൻ കൂടുതൽ സഹായകരമായെന്നും കമീഷണർ വ്യക്തമാക്കി.
ശനി പകൽ 11.15ന് ദേശീയപാതയിൽ പുതിയകാവിൽ പുതുതായി തുടങ്ങിയ പെട്രോൾ പമ്പിന് സമീപത്ത് വെച്ചാണ് കൊലപാതകം നടന്നത്. ദേശീയപാത ഓച്ചിറ ഭാഗത്തേക്ക് കാറിൽ പോകുകയായിരുന്ന അതുലിനെ ഹരിയാന രജിസ്‌ട്രേഷൻ കാറിൽ പിന്തുടർന്ന് ഇടിച്ചുവീഴ്ത്തിയശേഷമാണ് വെട്ടിക്കൊന്നത്.
ആയുധങ്ങൾ ഉപയോഗിച്ച് കാറിന്റെ ഗ്ലാസുകളും മറ്റും വെട്ടിത്തകർത്ത ശേഷം കാറിനുള്ളിൽനിന്ന് അതുലിനെ പുറത്തേക്ക് വലിച്ചിറക്കിയാണ് നാലംസംഘം വെട്ടിക്കൊന്നത്. തുടർന്ന് അക്രമിസംഘം കാറിൽ രക്ഷപ്പെട്ടു. തലയ്ക്കും കാലിനും ഉൾപ്പെടെ ഗുരുതര പരിക്കേറ്റ അതുലിനെ പൊലീസ് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അതുലിനൊപ്പം ഉണ്ടായിരുന്ന മനുവിനും (കുക്കു) ചെറിയ പരിക്കേറ്റിട്ടുണ്ട്. ഇയാൾ ഓടി രക്ഷപ്പെട്ടു.
കഴിഞ്ഞ വർഷം കരുനാഗപ്പള്ളി സ്വദേശി ജിം സന്തോഷിനെ വീട്ടിൽ കയറി അമ്മയുടെ മുന്നിൽവച്ച് ആക്രമിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ് അതുൽ. അക്രമിസംഘത്തെപ്പറ്റി പൊലീസിന് സൂചനകൾ ലഭിച്ചിട്ടുണ്ട്. അതുലിനെ ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നിട്ടുണ്ട്. പരേതനായ അശോകന്റെയും രജനിയുടെയും മകനാണ് അതുൽ. ഭാര്യ: പ്രതീഷ. മകൻ: ആത്മജ്.











0 comments