അലുവ അതുൽ വധം: 10 പേർ പിടിയിൽ; പ്രതികൾ പിടിയിലായത് മണിക്കൂറുകൾക്കകം

കരുനാഗപ്പള്ളി: കൊലക്കേസ് പ്രതിയെ നടുറോഡിൽ വെട്ടിക്കൊന്ന കേസിൽ എല്ലാ പ്രതികളും മണിക്കൂറുകൾക്കകം പൊലീസ് പിടിയിലായി. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത കടത്തൂർ കണ്ണമ്പള്ളിതെക്കതിൽ അനീർ (വീരപ്പൻ 32), കടത്തൂർ കരീപ്പള്ളി കിഴക്കതിൽ വിഷ്ണു (ബ്ലാക്ക് 28), കടത്തൂർ വലിയത്ത് പടിഞ്ഞാറ്റതിൽ നൗഫൽ (മണ്ണെണ്ണ നൗഫൽ 30), കടത്തൂർ കുന്നേൽ വടക്കതിൽ ഹുസൈൻ (31), പുന്നക്കുളം കുറവൻതറ കിഴക്കതിൽ മുഹമ്മദ് ആഷിക് (തോമ 27), കുലശേഖരപുരം കൊച്ചുവീട്ടിൽ ഷംനാദ് (ശങ്കരാടി 30) എന്നിവരെ കൂടാതെ സംഭവത്തിൽ പ്രതികൾക്ക് സഹായങ്ങൾ നൽകിയ പുലിയൂർവഞ്ചി വടക്ക് റഹീം മൻസിലിൽ മുഹമ്മദ് ഫൈസൽ ഖാൻ (കഷണ്ടി ഫൈസൽ 29), കടത്തൂർ ഫാത്തിമ മൻസിലിൽ അലി ഉമ്മർ (24 ), തേവലക്കര തടത്തിൽ വീട്ടിൽ ഷിനു പീറ്റർ (31), കുലശേഖരപുരം വീട്ടിൽ ആദിൽ മുഹമ്മദ് (21) എന്നിവരാണ് പിടിയിലായത്.
ഓച്ചിറ മഠത്തിൽകാരായ്മ കൃഷ്ണവിലാസത്തിൽ അതുലിനെ (അലുവാ അതുൽ –30) കൊലപ്പെടുത്തിയ സംഭവത്തിലാണ് മണിക്കൂറുകൾക്കകം എല്ലാ പ്രതികളെയും പൊലീസ് പിടികൂടിയത്. ജിം സന്തോഷ് കൊലക്കേസിൽ ജാമ്യത്തിലിറങ്ങി കരുനാഗപ്പള്ളി സ്റ്റേഷനിലെത്തി ഒപ്പിട്ടു മടങ്ങുന്നതിനിടെ ശനി പകൽ 11.15നാണ് അതുലിനു നേരെ ആക്രമണം ഉണ്ടായത്. ഒരുവർഷം വർഷം മുമ്പാണ് ജിം സന്തോഷ് കൊല്ലപ്പെട്ടത്.
എന്നാൽ ഇൗ കൊലപാതകവുമായി അതുൽവധത്തിന് ബന്ധമില്ലെന്ന് മണിക്കൂറുകൾക്കകം പൊലീസ് തിരിച്ചറിഞ്ഞു. ജിം സന്തോഷ് വധത്തിനുശേഷം മടങ്ങുന്നതിനിടെ കടത്തൂർ സംഘത്തിൽപ്പെട്ട അനീറിനെ അതുലും സംഘവും ആക്രമിച്ചിരുന്നു. ഇതിനുമുന്പ് കടത്തൂർ സംഘാംഗമായ ഹുസൈനെയും ഇവർ ആക്രമിച്ചിരുന്നു. ഇതിലുള്ള പ്രതികാരമാണ് ഇപ്പോഴത്തെ കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.
ദേശീയപാതയിൽ പുതിയകാവിൽ പുതുതായി തുടങ്ങിയ പെട്രോൾ പമ്പിന് സമീപത്തായിരുന്നു സംഭവം. ഹരിയാന രജിസ്ടേഷൻ നമ്പരുള്ള ആഡംബര കാർ അതുലിന്റെ കാറിനെ പിന്തുടർന്നെത്തി ദേശീയപാത നിർമാണം നടക്കുന്ന ഭാഗത്തെ താഴ്ചയിലേക്ക് ഇടിച്ചുവീഴ്ത്തി. ആയുധങ്ങൾ ഉപയോഗിച്ച് കാറിന്റെ ഗ്ലാസുകളും മറ്റും വെട്ടി തകർത്ത ശേഷം കാറിനുള്ളിൽ നിന്ന് അതുലിനെ പുറത്തേക്ക് വലിച്ചിറക്കി തുരുതുരെ വെട്ടുകയായിരുന്നു. തലയ്ക്കും കാലിനും ഉൾപ്പെടെ ഗുരുതരമായി പരിക്കേറ്റ അതുലിനെ പൊലീസാണ് ആശുപത്രിയിൽ എത്തിച്ചത്. മറ്റൊരുകാറിലും ബൈക്കിലും രണ്ടുസംഘം അതുലിന്റെ യാത്ര നിരീക്ഷിച്ചിരുന്നു. ഇവരെ കൂടാതെ ആഡംബരകാറിൽ എത്തിയ ആറംഗസംഘമാണ് കൃത്യം നടത്തിയത്.











0 comments