കരുനാഗപ്പള്ളി അലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ ഗുണ്ടാനേതാവ് അലുവ അതുലിനെ പട്ടാപ്പകൽ നടുറോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മുഴുവൻ പ്രതികളും പിടിയിലായി. കോട്ടയം പോലീസ് പിടികൂടിയ പ്രതികളെ കൊല്ലം പൊലീസിന് കൈമാറിയിട്ടുണ്ട്. ഇതോടെ കേസിലെ എട്ട് പ്രതികളും പിടിയിലായതായി കൊല്ലം സിറ്റി പൊലീസ് അറിയിച്ചു. പ്രതികൾ സഞ്ചരിച്ച ഇന്നോവ കാർ തിരുവനന്തപുരത്തു നിന്ന് പോലീസ് കണ്ടെത്തിയിരുന്നു.കൊലപാതകത്തിൽ നേരിട്ട് ഉൾപ്പെട്ട നാല് പേരെ മുണ്ടക്കയത്തിന് സമീപത്ത് നിന്ന് കോട്ടയം പോലീസ് പിടികൂടിയിരുന്നു.
2025ലാണ് കരുനാഗപ്പള്ളി പടനായർകുളങ്ങര വടക്ക് കാട്ടിശേരി കിഴക്കതിൽ സന്തോഷിനെ (45) അലുവ അതുൽ അടങ്ങുന്ന അക്രമിസംഘം അമ്മയുടെ മുന്നിലിട്ട് വെട്ടിയും മർദിച്ചും കൊലപ്പെടുത്തിയത്. കേസിൽ ഒളിവിലായിരുന്ന അലുവ അതുലിനെ പിന്നീട് പൊലീസ് തമിഴ്നാട്ടിൽ നിന്നും പിടികൂടിയിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിലെത്തി ഒപ്പിട്ട് മടങ്ങുന്ന സമയത്തായിരുന്നു ആക്രമണം.
കരുനാഗപ്പളളി, ഓച്ചിറ എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ചുളള രണ്ട് ഗുണ്ടാ സംഘങ്ങൾ തമ്മിലുളള വർഷങ്ങൾ നീണ്ട വൈരാഗ്യമായിരുന്നു സന്തോഷ് കൊലപാതകത്തിന് കാരണം. അതുലിന്റെ കൊലപാതകത്തിന്റെ കാരണവും ഗുണ്ടാപ്പക തന്നെയാണെന്നാണ് നിഗമനം. അതുൽ നിരവധി കേസുകളിൽ പ്രതിയാണ്.











0 comments