എൽഡിഎഫ് പ്രകടന പത്രിക
ആസിയാൻ വ്യാപാര കരാറിനും റബ്ബർ പ്രതിസന്ധിക്കും കാരണക്കാരായവരെ പരാജയപ്പെടുത്തുക: കിസാൻ സഭ

ന്യൂഡൽഹി: 2026 കേരള നിയമസഭ തെരഞ്ഞെടുപ്പിനുള്ള എൽഡിഎഫ് പ്രകടന പത്രികയെ സ്വാഗതം ചെയ്ത് ഓൾ ഇന്ത്യാ കിസാൻസഭ. പ്രകടന പത്രികയിൽ നെല്ലിന് കിലോയ്ക്ക് 35 രൂപ (ക്വിന്റലിന് ₹3500) മിനിമംതാങ്ങ് വില, റബ്ബറിന് കിലോയ്ക്ക് 300 രൂപ , തേങ്ങയ്ക്ക് കിലോ 45 രൂപ അടിസ്ഥാനവില ഉറപ്പാക്കുമെന്ന് പ്രകടന പത്രിക പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിലെ കൃഷിയുടെ നട്ടെല്ലാണ് ഈ മൂന്ന് വിളകൾ. ലാഭകരമായ വില കർഷകരുടെ അവകാശമാണ്. അത് കാർഷിക മേഖലയെ പുനരുജ്ജീവിപ്പിക്കാൻ സഹായിക്കുമെന്ന് കിസാൻ സഭ വ്യക്തമാക്കി. കേരളത്തിലെ എൽഡിഎഫ് സർക്കാർ കിലോയ്ക്ക് 30 രൂപ മിനിമം സംഭരണ വില (ഉൽപ്പാദന വിലയും+ ലാഭത്തിന്റെ അമ്പത് ശതമാനവും)അടിസ്ഥാനത്തിൽ 95% നെല്ല് സംഭരിക്കുന്നു. റബ്ബറിന് കിലോ 200 രൂപ കുറഞ്ഞ വില റബ്ബർ പ്രൊഡക്ഷൻ ഇൻസന്റീവ് സ്കീം (RPIS) വഴി ഉറപ്പാക്കുന്നു. ഈ പദ്ധതികളിലൂടെ കർഷകരുടെ വിശ്വാസമാർജ്ജിക്കാൻ എൽഡിഎഫിന് സാധിച്ചു.
അതേസമയം, MSP(ഉൽപ്പാദന വിലയും+ ലാഭത്തിന്റെ അമ്പത് ശതമാനവും) നടപ്പിലാക്കുമെന്ന് 2014ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ നൽകിയ വാഗ്ദാനം കഴിഞ്ഞ 11 വർഷമായി നടപ്പാക്കാതെ ബിജെപി നേതൃത്വത്തിലുള്ള മോഡി സർക്കാർ കർഷകരെ വഞ്ചിച്ചു. 2025-26 വർഷത്തേക്ക് നെല്ലിന് കിലോയ്ക്ക് 23.70 രൂപ താങ്ങ് വിലയാണ് പ്രഖ്യാപിച്ചത്. വാങ്ങൽ സംവിധാനം ഇല്ലാത്തതിനാൽ ഉത്തർപ്രദേശിൽ കർഷകർക്ക് കിലോയ്ക്ക് 15 രൂപ മാത്രമാണ് ലഭിച്ചത്. കേരളത്തിലെ കർഷകർക്ക് ലഭിക്കുന്ന വിലയുടെ പകുതിയാണത്.
റബ്ബർ മേഖലയുടെ ഗുരുതര പ്രതിസന്ധിക്ക് ഉത്തരവാദികളായ യുഡിഎഫി-നെ പാഠം പഠിപ്പിക്കാൻ റബ്ബർ കർഷകർക്കുള്ള അവസരമാണ് ഈ തെരഞ്ഞെടുപ്പ്. റബ്ബർ പ്രതിസന്ധി സ്വാഭാവികമല്ല, 2004–2014 കാലത്തെ കോൺഗ്രസ് നേതൃത്വത്തിലുള്ള മൻമോഹൻ സിംഗ് സർക്കാരിന്റെ കോർപ്പറേറ്റ് അനുകൂല നയങ്ങളുടെ ഫലമാണ്. 2009 ൽ ഒപ്പിട്ട ആസിയാൻ സ്വതന്ത്ര വ്യാപാര കരാറാണ് പ്രതിസന്ധിക്ക് കാരണം.
ആസിയാൻ രാജ്യങ്ങളിൽ നിന്ന് കുറഞ്ഞ വിലക്ക് റബ്ബർ ഇറക്കുമതി വർധിച്ചതോടെ അഭ്യന്തരവില തകർന്നു. 2010–11ൽ കിലോയ്ക്ക് 209 രൂപ ആയിരുന്ന ശരാശരി വില 2015–16ൽ കിലോയ്ക്ക് 113 രൂപ ആയി താഴ്ന്നു. ഈ ഇടിവ് ഏകദേശം ഒരു ദശാബ്ദം തുടർന്നു. കേരള സർക്കാരിന്റെ ആർപിഐഎസ് പദ്ധതി ഇല്ലായിരുന്നുവെങ്കിൽ ഈ ഇടിവ് കൂടുതൽ രൂക്ഷമായേനെ.ഏകദേശം 10 ലക്ഷം റബ്ബർ കർഷകർ— പ്രധാനമായും ചെറുകിട കർഷകർ പ്രതിസന്ധിയിലായി. കടബാധ്യത വർദ്ധിച്ചു, പലരും കൃഷി ഉപേക്ഷിച്ചു. ടാപ്പിംഗ് തൊഴിലാളികൾ ഉൾപ്പെടെ ആയിരക്കണക്കിന് ആളുകൾക്ക് തൊഴിൽ നഷ്ടപ്പെട്ടു. ചിലർ റബ്ബർ തോട്ടങ്ങൾ വെട്ടിമാറ്റി മറ്റ് വിളകളിലേക്ക് മാറി. ഏകദേശം 1 ലക്ഷം കോടി രൂപയുടെ നഷ്ടം കേരളത്തിന് കഴിഞ്ഞ ഒരു ദശാബ്ദത്തിൽ സംഭവിച്ചതായി കണക്കാക്കുന്നു.
റബ്ബർ ഉത്പാദനം 2010–11ൽ വി എസ് സർക്കാർ കാലത്തെ 7.71 ലക്ഷം ടണ്ണിൽ നിന്ന് 2015–16ൽ ഉമ്മൻ ചാണ്ടി സർക്കാർ കാലത്ത് 4.38 ലക്ഷം ടണ്ണായി കുറഞ്ഞു. എന്നാൽ എൽഡിഎഫ് സർക്കാരിന്റെ ഇടപെടലുകൾ മൂലം 2024–25ൽ ഇത് 6.50 ലക്ഷം ടണ്ണായി ഉയർന്നു. ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ റബ്ബർ കർഷകരെ സംരക്ഷിക്കുന്നതിന് പകരം എംആർഎഫ്, സിയറ്റ്, ജെകെ ടയേഴ്സ്, അപ്പോളോ അടക്കമുള്ള വലിയ ടയർ കമ്പനികളുമായി ചേർന്ന് കാർട്ടലൈസേഷൻ പ്രോത്സാഹിപ്പിച്ചു. 2005–06 ൽ 45,285 ടണ്ണായിരുന്ന ഇറക്കുമതി 2024–25ൽ 5.51 ലക്ഷം ടണ്ണായി ഉയർന്നു. ഇതുവഴി ആഭ്യന്തര വില താഴ്ന്നു, കോർപ്പറേറ്റുകൾക്ക് വൻ ലാഭമുണ്ടായി.
2004–2014 കാലത്തെ കോൺഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ടയർ കമ്പനികളുടെ വില നിയന്ത്രണത്തിൽ ഇടപെടാതെ അവരെ പ്രോത്സാഹിപ്പിച്ചു. ഇറക്കുമതി നയത്തെ നിയന്ത്രിച്ച് കൃത്രിമ വിലക്കുറവ് സൃഷ്ടിക്കാൻ കോൺഗ്രസ് നയിച്ച സർക്കാർ വൻകിട കമ്പനികൾക്ക് സഹായം നൽകിയതാണ് റബ്ബർ പ്രതിസന്ധി ഇcപ്പാഴും തുടരാൻ വഴിയൊരുക്കിയത്.റബ്ബറിന് കുറഞ്ഞത് കിലോയ്ക്ക് 300രൂപ മിനിമം സംഭരണ വില വേണമെന്ന് കർഷകർ ആവശ്യപ്പെടുന്നു. നിലവിൽ കേരള സർക്കാർ കിലോയ്ക്ക് 200രൂപ നൽകുന്നുണ്ട്. ലാറ്റക്സ് ആർപിഐഎസ് പരിധിയിൽ ഉൾപ്പെടുത്തിയതും ഉൽപ്പാദനം വർധിപ്പിക്കാൻ സഹായിച്ചു.
ഏക വിള തോട്ടങ്ങൾ ഒഴിവാക്കി പ്രകൃതിദത്ത സസ്യവളർച്ച പ്രോത്സാഹിപ്പിച്ചും ജലസ്രോതസുകൾ പുനരുജ്ജീവിപ്പിച്ചും മൃഗങ്ങൾക്ക് തീറ്റയും കുടിവെള്ളവും വനത്തിനകത്ത് ഉറപ്പു വരുത്തി വന്യജീവി പ്രശ്നം പരിഹരിക്കാൻ എൽഡിഎഫ് പ്രകടന പത്രികയിൽ പദ്ധതിയുണ്ട്.
കേരളത്തിലെ എൽഡിഎഫ് വിജയം എംഎസ്പി, കടം റദ്ദാക്കൽ, സംസ്ഥാനങ്ങളുടെ ഫെഡറൽ അധികാരം എന്നിവക്കായുള്ള രാജ്യവ്യാപക പോരാട്ടം ശക്തിപ്പെടുത്തും. സ്വതന്ത്രവ്യാപാര കരാറുകൾ, ലേബർ കോഡുകൾ, വിത്ത് ബിൽ, വൈദ്യുതി ബിൽ, വിബി ഗ്രാംജി നിയമം, ഇൻഷൂറൻസ് നിയമം തുടങ്ങിയ കോർപ്പറേറ്റ് അനുകുല നയങ്ങളെ ചെറുക്കാൻ സഹായിക്കും. കേരളത്തിൽ എൽഡിഎഫ് നേടുന്ന വൻവിജയം ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിനെ ദുർബലപ്പെടുത്താനും രാജ്യത്ത് പ്രബലമായ ജനകീയ സമരങ്ങളെ ശക്തിപ്പെടുത്താനും സഹായിക്കുമെന്നും കിസാൻ സഭ പ്രസ്താവനയിൽ വ്യക്തമാക്കി.










0 comments