ad
Deshabhimani

അവശേഷിക്കുന്നത് 368 നാട്ടാനകള്‍മാത്രം

വിശ്രമമില്ല, അമിതജോലി; കേരളത്തിലെ നാട്ടാനകൾ മറയുന്നു; ആശങ്കപ്പെടുത്തുന്ന കണക്ക്

Captive Elephant
avatar
എം സനോജ്

Published on Aug 11, 2026, 10:59 AM | 1 min read

നിലമ്പൂര്‍: കേരളത്തില്‍ നാട്ടാനകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവെന്ന് വനംവകുപ്പ് കണക്കുകള്‍. 10 വര്‍ഷത്തിനിടെ നാട്ടാനകളുടെ എണ്ണം പകുതിയായി കുറഞ്ഞു. 2010ല്‍ 702 നാട്ടാനകളുണ്ടായിരുന്നെങ്കിൽ 2026 മാര്‍ച്ചിൽ 368 ആയി. 2018മുതൽ 2026 മാര്‍ച്ച് 30വരെയുള്ള കാലയളവിൽ 186 നാട്ടാനകൾ ചരിഞ്ഞു. നിലവിൽ സർക്കാർ ദേവസ്വങ്ങൾ, സ്വകാര്യ ദേവസ്വങ്ങൾ, സ്വകാര്യ വ്യക്തികൾ എന്നിവരുടെ ഉടമസ്ഥതയിൽ 330 നാട്ടാനകളും വനംവകുപ്പിന്റെ കീഴിൽ 38 എണ്ണവുമാണുള്ളത്. ഇവയിൽ 278 കൊമ്പന്മാരും 77 പിടിയാനകളും 13 മോഴയാനകളും ഉൾപ്പെടുന്നു.


Captive Elephant death statistics


ഓരോ വർഷവും ശരാശരി 15മുതല്‍ 20വരെ നാട്ടാനകൾവീതം ചെരിയുന്നുണ്ടെന്നാണ് വനംവകുപ്പിന്റെ കണക്ക്‌. ഏറ്റവും കൂടുതൽ നാട്ടാനകളുള്ളത് തൃശൂർ ജില്ലയിലാണ്. ആനപ്രേമികളുടെ ജില്ലയായ തൃശൂരിൽ 90 നാട്ടാനകളാണുള്ളത്. ഏറ്റവും കുറവ് കണ്ണൂരിലാണ്– ആറ്. നാട്ടാനകളില്ലാത്ത ഏക ജില്ല കാസർകോടാണ്. സുപ്രീംകോടതി നിർദേശപ്രകാരം 2018 നവംബർ 29-ന് നടത്തിയ നാട്ടാന സെൻസസിൽ സംസ്ഥാനത്ത് 521 നാട്ടാനകളുണ്ടായിരുന്നു. തുടർന്ന് നടത്തിയ വാർഷിക വിവരശേഖരണങ്ങളിൽ എണ്ണം തുടർച്ചയായി കുറഞ്ഞു. 2018ല്‍ 34, 2019ല്‍ 19, 2020ല്‍ 22, 2021ല്‍ 26, 2022ല്‍ 19, 2023ല്‍ 21, 2024ല്‍ 23, 2025ല്‍ 18 എന്നിങ്ങന ചരിഞ്ഞു. 2026 മാര്‍ച്ച് 30 വരെ ചരിഞ്ഞത്‌ നാല്‌ നാട്ടാനകളാണ്‌.

വിശ്രമമില്ലായ്മയും അമിത ജോലിഭാരവും


2018-ലെ നാട്ടാന സെൻസസിൽ മരണനിരക്ക് ഉയർന്നതായി കണ്ടെത്തിയതിനെ തുടർന്ന് അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (ബിഡിസി) അധ്യക്ഷനായ വിദഗ്ധ വെറ്ററിനറി സമിതി പഠനം നടത്തിയിരുന്നു. പോഷകാഹാരക്കുറവ്, വിശ്രമമില്ലായ്മ, അമിത ജോലിഭാരം, തെറ്റായ ആഹാരക്രമം എന്നിവയാണ് മരണനിരക്ക് അസാധാരണമായി ഉയരാൻ പ്രധാന കാരണങ്ങളെന്ന് സമിതി കണ്ടെത്തി.


പാദരോഗം, എരണ്ടക്കെട്ട് തുടങ്ങിയ രോഗങ്ങളും നാട്ടാനകളുടെ ജീവനെടുക്കുന്നു. 2012-ലെ കേരള നാട്ടാന പരിപാലന ചട്ടം ലംഘിക്കപ്പെടുന്നുണ്ടെന്ന ആക്ഷേപവും നിലനിൽക്കുന്നു. നാട്ടാനകളുടെ ക്ഷേമവും പരിപാലനവും ഉറപ്പാക്കാൻ വനംവകുപ്പിന്റെ കീഴിൽ കോട്ടൂർ, കപ്രിക്കാട്, കോന്നി എന്നിവിടങ്ങളിൽ ആന പരിപാലന കേന്ദ്രങ്ങളുണ്ട്‌. 1972-ലെ വന്യജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യൂൾ–I പട്ടികയിൽ ഉൾപ്പെട്ട വന്യജീവിയാണ് നാട്ടാന.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home