ആനയും പുലിയും വിഹരിക്കുന്നു; ട്രാക്ക്മാൻമാരുടെ സുരക്ഷയിൽ ആശങ്ക

പാലക്കാട്: കഞ്ചിക്കോട്–വാളയാർ വനമേഖലയിൽ മൺസൂൺ പട്രോളിങ് നടത്തുന്ന ട്രാക്ക്മാൻമാരുടെ ആശങ്ക ഇരട്ടിയാക്കി പുലിയടക്കമുള്ള വന്യമൃഗങ്ങളുടെ ദൃശ്യങ്ങൾ. തമിഴ്‌നാട് വനംവകുപ്പിന്റെ കൺട്രോൾ റൂമിലെ വിവിധ ക്യാമറ പകർത്തിയ ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. പുലിയും കരടിയും ചെന്നായ്‌ക്കളും ആനങ്ങളും യഥേഷ്‌ടമായി ട്രാക്കിലൂടെയും സമീപത്തുകൂടിയും പോകുന്നത് ദൃശ്യത്തിൽ കാണാം. ട്രാക്കൻമാർ പാളങ്ങളിൽ പരിശോധന നടത്തുമ്പോൾ സമാന്തരമായി ആനക്കൂട്ടം പോകുന്നതും ദൃശ്യങ്ങളിലുണ്ട്. ട്രാക്കൻമാരെ ആന ഓടിക്കുന്നതും കാണാം.
വന്യജീവികൾ നിരവധിയുള്ള കഞ്ചിക്കോട്– വാളയാർ വനമേഖലയിൽ രാത്രിയും പകലും ഒരു സുരക്ഷാ സംവിധാനവുമില്ലാതെയാണ് ട്രാക്ക്മാൻമാർ പരിശോധനയ്‌ക്കിറങ്ങുന്നത്. എൻജിനിയറിങ് ഗ്യാങ്ങിലെ ജീവനക്കാരാണ് രാത്രി പരിശോധന നടത്തേണ്ടത്. പാളങ്ങൾ പരിശോധിച്ച് അപകടസാധ്യത ഇല്ലെന്ന് ഉറപ്പാക്കി ഗതാഗതം സുഗമമാക്കലാണ് ജോലി. രണ്ട് സ്‌റ്റേഷനുകൾക്കിടയിലോ റെയിൽവേ നിശ്ചയിച്ച ബീറ്റ് പോയിന്റുവരെയോ പരിശോധിക്കണം. എതിർദിശയിൽനിന്ന് വരുന്ന നൈറ്റ് പട്രോളിങ് ജീവനക്കാരനെ കണ്ട് ബീറ്റ് ബുക്ക് കൈമാറിയശേഷമേ മടങ്ങാവൂ. എട്ടുമണിക്കൂർ ജോലിക്കിടെ രണ്ടുതവണ 16 മുതൽ 20 കിലോമീറ്റർവരെ ഒരു ജീവനക്കാരൻ പാളത്തിലൂടെ നടക്കണം.
ബ്രിട്ടീഷ് കാലത്ത് നിലവിൽവന്ന രാത്രികാല മൺസൂൺ മാനുവൽ പട്രോളിങ് എഐ (നിർമിതബുദ്ധി) കാലത്തും മാറ്റാൻ റെയിൽവേ തയ്യാറാവുന്നില്ലെന്നാണ് തൊഴിലാളികൾ പറയുന്നത്. കാമറകൾ സ്ഥാപിച്ചോ, ഡ്രോൺ, എൻജിൻ പരിശോധന നടപ്പാക്കിയോ തൊഴിലാളികൾ നേരിടുന്ന ദുരിതം പരിഹരിക്കാൻ റെയിൽവേയ്‌ക്ക് കഴിയും. എന്നാൽ, അത് അനുവദിക്കുന്നില്ല. നിലവിലെ രീതി ഒഴിവാക്കി ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തണമെന്ന ആവശ്യം നിരവധിതവണ റെയിൽവേ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടി ഉണ്ടായില്ലെന്ന് തൊഴിലാളികൾ പറയുന്നു. പുതിയ ദൃശ്യങ്ങൾ സഹിതം ഉൾപ്പെടുത്തി പ്രശ്‌നത്തിൽ വീണ്ടും പരാതി നൽകാൻ ഒരുങ്ങുകയാണ് തൊഴിലാളികൾ.









0 comments