ad
Deshabhimani

ന്യൂസിലൻഡിൽ മികച്ച ശമ്പളത്തോടെ ജോലി വാ​ഗ്ദാനം ചെയ്ത് തട്ടിപ്പ്; ആലപ്പുഴ സ്വദേശിക്ക് 48 ലക്ഷം രൂപ നഷ്ടം

online fraud
വെബ് ഡെസ്ക്

Published on May 25, 2026, 08:53 AM | 1 min read

ആലപ്പുഴ: വിദേശത്ത്‌ ജോലി വാഗ്‌ദാനംചെയ്‌ത്‌ കായംകുളത്ത്‌ ‘നൈജിരിയൻ സ്‌കാം’ മോഡൽ തട്ടിപ്പ്‌. വാരണപ്പള്ളി സ്വദേശിയിൽനിന്ന്‌ 48.04 ലക്ഷമാണ്‌ തട്ടിയത്‌. ഷിപ്പിങ്‌ കമ്പനിൽ ജോലി വാഗ്‌ദാനംചെയ്‌താണ്‌ പണം തട്ടിയത്. 45 കാരന്റെ പരാതിയിൽ ആലപ്പുഴ സൈബർ ക്രൈം പൊലീസ്‌ കേസെടുത്തു.


ഏപ്രിൽ നാലിന്‌ പരാതിക്കാരന്‌ വന്ന ഇ–മെയിലിലൂടെയാണ്‌ തട്ടിപ്പിന്റെ തുടക്കം. ന്യൂസിലൻഡ്‌ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇ‍ൗസ്‌റ്റ്‌ ലാൻഡ്‌ ഷിപ്പിങ്‌ ലിമിറ്റഡ്‌ എന്ന കമ്പനിയിൽ അഡ്‌മിനിസ്‌ട്രേറ്റീവ്‌ വിഭാഗത്തിൽ ജോലി നൽകാമെന്നായിരുന്നു വാഗ്‌ദാനം. ജോലി ലഭിച്ചതായും അറിയിച്ചു. ന്യൂസിലൻഡ്‌ എമിഗ്രേഷൻ വിഭാഗം അഭിഭാഷകൻ എന്നപേരിലും സന്ദേശമെത്തി.


എമിഗ്രേഷൻ ക്ലിയറൻസ്‌ ചെലവിലേക്കായാണ്‌ പരാതിക്കാരന്റെയും ഭാര്യയുടെയും മൂന്ന്‌ അക്ക‍ൗണ്ടിൽനിന്ന്‌ ഏപ്രിൽ 16 മുതൽ മെയ്‌ 12 വരെ 17 തവണയായി 48,04,250- രൂപ അയച്ചുനൽകിയത്‌. പിന്നീട്‌ വിവരങ്ങളൊന്നുമുണ്ടായില്ല. ജോലി ലഭിക്കുമെന്ന വിശ്വാസത്തിലായിരുന്നു.


എന്താണ്‌ നൈജീരിയൻ സ്‌കാം

വിദേശരാജ്യങ്ങളിലെ വ്യക്തികളെന്ന വ്യാജേന സാമൂഹികമാധ്യമങ്ങളിലൂടെയും മെസേജിങ് ആപ്പുകളിലൂടെയും ആളുകളെ വലയിലാക്കി പണം തട്ടുന്ന രീതിയാണ്‌ "നൈജീരിയൻ സ്‌കാം’ അഥവാ "419 സ്‌കാം’. 1980–90 കാലഘട്ടത്തിൽ നൈജീരിയയിൽ വ്യാപകമായിരുന്ന ഇ–മെയിൽ തട്ടിപ്പ് രീതിയാണ്‌ നൈജീരിയൻ സ്‌കാം എന്ന പേരിൽ പ്രശസ്‌തമായത്. ഇ–മെയിലുകളിലൂടെ വ്യാപകമായിരുന്ന തട്ടിപ്പ് രീതി മറ്റ്‌ സമൂഹമാധ്യമങ്ങൾ വഴിയും ലോകത്തിന്റെ പല ഭാഗങ്ങളിൽ വ്യാപിച്ചു.


വിശ്വാസം നേടിയ ശേഷം വലിയ സാമ്പത്തിക നേട്ടമോ, ജോലിയോ, സമ്മാനമോ വാഗ്‌ദാനംചെയ്‌ത്‌ സാമ്പത്തിക ചൂഷണത്തിലേക്ക് കടക്കുന്നതാണ്‌ രീതി.


വിദേശ ബിസിനസുകാരൻ, സൈനിക ഉദ്യോഗസ്ഥൻ, ബാങ്ക് പ്രതിനിധി, സമ്പന്നവ്യക്തി, അല്ലെങ്കിൽ വിദേശത്ത് ജോലി ചെയ്യുന്നവരെന്ന വ്യാജേന ബന്ധംസ്ഥാപിച്ച്‌ ദിവസങ്ങളോ ആഴ്‌ചകളോ സംസാരിച്ച് വിശ്വാസം ആർജിക്കും. വൻ ലാഭം ലഭിക്കുമെന്ന പ്രതീതി സൃഷ്‌ടിക്കും. അതിന്‌ മുമ്പ്‌ ടാക്‌സ്‌, ബാങ്ക് ചാർജ്, കസ്‌റ്റംസ് ഫീസ്, നിയമച്ചെലവ് തുടങ്ങിയ പേരുകളിൽ തുക ആവശ്യപ്പെടുന്നതാണ് പതിവ്.


വെബ്സൈറ്റുകളും തിരിച്ചറിയൽ രേഖകളുമടക്കം വ്യാജമായി തയ്യാറാക്കിയും വിശ്വാസ്യത വർധിപ്പിക്കാൻ ഉപയോഗിക്കാറുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home