ad
Deshabhimani

print edition സ്വർണപ്പണയ വെട്ടിപ്പിൽ കൂടുതൽ ഇരകൾ; യുവമോർച്ച ജില്ലാ നേതാവ്‌ തട്ടിയത്‌ കോടികൾ

Yuva morcha.jpg

തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി രാഹുൽ രാധാകൃഷ്ണന്റെ പോസ്റ്റർ

വെബ് ഡെസ്ക്

Published on Aug 11, 2026, 12:45 AM | 1 min read

ചാരുംമൂട്: ​യുവമോർച്ച ആലപ്പുഴ സ‍ൗത്ത്‌ ജില്ലാ ജനറൽസെക്രട്ടറി രാഹുൽ രാധാകൃഷ്ണൻ സ്വർണപ്പണയ തട്ടിപ്പിലൂടെ കവർന്നത്‌ കോടികൾ. അൻപതോളം പേരാണ്‌ തട്ടിപ്പിന്‌ ഇരയായത്‌.


ചുനക്കര കോമല്ലൂരും കറ്റാനം ഭരണിക്കാവ് ഇല്ലത്തുമുക്കിലും പ്രവർത്തിക്കുന്ന ശ്രീലകം ഫിനാൻസിൽ സ്വർണപ്പണയ വായ്‌പയുടെ മറവിലാണ് കോടികളുടെ വെട്ടിപ്പ് നടന്നത്. പ്രതികളായ രാഹുൽ രാധാകൃഷ്‌ണൻ, ഫൈനാൻസ് ഉടമ രാധാകൃഷ്‌ണൻപിള്ള, പാർട്ണർ എന്ന് പരിചയപ്പെടുത്തിയ ടിനു തമ്പാൻ എന്നിവർ ഒളിവിലാണ്.


തങ്ങൾ നടത്തുന്ന സ്ഥാപനമാണെന്നും പലിശനിരക്ക് കുറച്ച് പണയവായ്‌പ നൽകാമെന്നും തെറ്റിദ്ധരിപ്പിച്ചാണ്‌ സ്വർണം തട്ടിയതെന്ന്‌ തട്ടിപ്പിനിരയായ കറ്റാനം സ്വദേശിനി സുമ വിനോദ്‌, കരിമുളയ്‌ക്കൽ സ്വദേശിനികളായ സുബീന, സരസ്വതി എന്നിവർ പറഞ്ഞു.


പണയ സ്വർണമെടുക്കാൻ ചെന്നപ്പോഴാണ് സ്ഥാപനത്തിൽ സ്വർണമില്ലെന്ന് മനസിലായത്. തുടർന്ന്‌ സുമ വിനോദ്‌‍ ചെങ്ങന്നൂർ ഡിവൈഎസ്‌പിക്ക് പരാതി നൽകിതോടെയാണ്‌ തട്ടിപ്പ്‌ പുറത്തുവന്നത്‌. സുമയുടെ 416 ഗ്രാം സ്വർണം നഷ്‌ടപ്പെട്ടു. സുബീനയ്‌ക്ക്‌ 112 ഗ്രാം, സരസ്വതിക്ക്‌ 32 ഗ്രാം സ്വർണം വീതം നഷ്‌ടമായി.


മറ്റ്‌ ബാങ്കുകളിൽ പണയംവച്ച സ്വർണ ഉരുപ്പടികൾ പണം അടച്ച്‌ എടുത്തശേഷം കുറഞ്ഞപലിശയ്‌ക്ക്‌ പണയവായ്‌പ നൽകാമെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പെന്ന്‌ ഇവർ പറഞ്ഞു.


കുറത്തികാട്‌ പൊലീസാണ്‌ കേസ്‌ അന്വേഷിക്കുന്നത്‌. അന്വേഷണം കാര്യക്ഷമമല്ലെന്നും ആക്ഷേപമുണ്ട്‌.


രാഹുൽ രാധാകൃഷ്ണൻ തദ്ദേശതെരഞ്ഞെടുപ്പിൽ ഭരണിക്കാവ്‌ ബ്‌ളോക്ക്‌ പഞ്ചായത്തിൽ ചുനക്കര ഡിവിഷനിൽ ബിജെപി സ്ഥാനാർഥിയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home