print edition സ്ഥാനാർഥിയുടെ ഭർത്താവിന്റെ മരണം ; കോൺഗ്രസ് നേതാക്കളുടെ പങ്ക് വെളിപ്പെടുന്നു

അസീം താന്നിമൂട്
Published on Dec 19, 2025, 01:12 AM | 1 min read
നെടുമങ്ങാട് (തിരുവനന്തപുരം)
ഭാര്യയെ കോൺഗ്രസ് സ്ഥാനാർഥിയാക്കരുതെന്ന് ഫെയ്‌സ്‌ബുക്ക് പോസ്‌റ്റിട്ടയാളുടെ മരണം കൊലപാതകമെന്ന് വ്യക്തമായതിനുപിന്നാലെ, അതിൽ കോൺഗ്രസ് നേതാക്കളുടെ പങ്കും വെളിപ്പെടുന്നു. വെമ്പായം വേറ്റിനാട് അജിത് വിഹാറിൽ അജിത് കുമാറിന്റെ (40) കൊലപാതകത്തിലാണ് നേതാക്കളുടെ പങ്ക് മറനീങ്ങുന്നത്.
അജിത് അവശനിലയിൽ കിടന്ന മുറിയും സമീപത്തെ മുറിയും സംസ്‌കാരച്ചടങ്ങിന് തൊട്ടടുത്ത ദിവസം പെയിന്റടിച്ചതായി പൊലീസിന് വിവരം ലഭിച്ചു. അജിത് അവശനായി കിടന്നിട്ടും വീട്ടിലുണ്ടായിരുന്ന കോൺഗ്രസ് നേതാക്കളോ ഭാര്യയോ ഉടൻ ആശുപത്രിയിലെത്തിച്ചില്ലെന്നും ഇൻക്വസ്റ്റ് വേളയിൽ അജിത്തിന്റെ ബന്ധുക്കളെ നേതാക്കൾ ബലാൽക്കാരമായി പുറത്തുനിർത്തിയെന്നും വിവരമുണ്ട്.
വെമ്പായം പഞ്ചായത്തിലെ കണക്കോട് വാർഡിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച് തോറ്റയാളാണ് അജിത്തിന്റെ ഭാര്യ ബീന. മരിക്കുന്നതിന് തലേന്ന് ഭാര്യയുടെ സ്ഥാനാർഥിത്വത്തിനും കോൺഗ്രസ് നേതൃത്വത്തിനുമെതിരെ അജിത് ഫെയ്‌സ്‌ബുക്കിൽ പോസ്‌റ്റിട്ടു. ഹൃദയാഘാതമാണ് അജിത്തിന്റെ മരണകാരണമെന്നാണ് ബീന പറഞ്ഞത്. എന്നാൽ, തലയ്‌ക്കടിയേറ്റാണ് മരണമെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. ഒക്ടോബർ 20ന് പുലർച്ചയാണ് അജിത്തിനെ ആശുപത്രിയിലെത്തിച്ചത്. ഏതാനും മണിക്കൂറുകൾക്കുശേഷം മരിച്ചു. മരിച്ച ദിവസം രാത്രി വീടിനുസമീപത്തെ കടയിൽനിന്ന അജിത്തിനെ ബീന വീട്ടിലേക്ക് വിളിച്ചുവരുത്തിയെന്നാണ് വിവരം. ഇൗ സമയം കോൺഗ്രസ് പ്രാദേശികനേതാക്കൾ വീട്ടിലുണ്ടായിരുന്നു.
അജിത് അവശനിലയിലാണെന്നറിഞ്ഞ് പുലർച്ചെ നാലിന് അമ്മ രാധാദേവി വീട്ടിലെത്തിയപ്പോൾ ബീനയും കോൺഗ്രസ് നേതാവ് മൊട്ടമൂട് പുഷ്പാംഗദന്റെ നേതൃത്വത്തിലുള്ള സംഘവും അവിടെയുണ്ടായിരുന്നെന്ന് രാധാദേവി പറയുന്നു. മകനെ ആശുപത്രിയിലെത്തിക്കണമെന്ന് നിലവിളിച്ചിട്ടും ആരും സഹായിച്ചില്ല. നിലവിളികേട്ടെത്തിയവരാണ് ആംബുലൻസ് വിളിച്ചുവരുത്തി ആശുപത്രിയിലെത്തിച്ചത്. മരണശേഷം അജിത്തിന്റെ എഫ്ബി പോസ്റ്റ് ആരോ ഡിലീറ്റ് ചെയ്തു.
അജിത് ആത്മഹത്യ ചെയ്തെന്ന് കോൺഗ്രസ് നേതാക്കൾ പ്രചരിപ്പിച്ചിരുന്നു. മൃതദേഹം വീട്ടിലെത്തിച്ച് ധൃതിയിൽ സംസ്കരിക്കുകയായിരുന്നു. ഇൻക്വസ്റ്റ് തയ്യാറാക്കാൻ പൊലീസ് അജിത്തിന്റെ ബന്ധുക്കളെ വിളിച്ചുവരുത്തിയെങ്കിലും ഡിസിസി ജനറൽ സെക്രട്ടറി തേക്കട അനിൽകുമാറും സംഘവും അവരെ മുറിയിൽ കയറാൻ അനുവദിച്ചില്ല. അജിത് അവശനായി കിടന്ന മുറിയും അടുത്ത മുറിയും സംസ്കാരം കഴിഞ്ഞ് ബന്ധുക്കൾ മടങ്ങിയ ദിവസംതന്നെ പെയിന്റടിച്ചു. അജിത് മരിച്ച് മൂന്നാംനാൾ ബീന പ്രചാരണത്തിന് ഇറങ്ങുകയുംചെയ്തു.










0 comments