print edition വിമാനത്താവളത്തിൽ ഫീ വർധന ഇരട്ടി: പോക്കറ്റ് കീറും പാർക്കിങ്

തിരുവനന്തപുരം: വിമാനത്താവളത്തിൽ പാർക്കിങ് ഫീസ് വർധിപ്പിച്ച അദാനി ഗ്രൂപ്പിനെതിരെ പ്രതിഷേധം ശക്തം. ഒക്ടോബർ ഒന്നുമുതലാണ് നിരക്ക് വർധിപ്പിച്ചത്. അദാനി ഗ്രൂപ്പ് നടത്തിപ്പ് ചുമതല ഏറ്റെടുത്തശേഷം തുടർച്ചയായി പാർക്കിങ് ഫീസ്, യൂസർഫീ എന്നിവയുടെ പേരിൽ സാധാരണക്കാരിൽ സാമ്പത്തികഭാരം അടിച്ചേൽപ്പിക്കുന്നുവെന്നാണ് പരാതി. സ്വകാര്യ കാറുകൾക്ക് 10 മിനിറ്റ്‌വരെ സൗജന്യസമയവും രണ്ട് മണിക്കൂർവരെ 30 രൂപയുമായിരുന്നു നിരക്ക്. ഇരുചക്രവാഹനങ്ങൾക്ക് 10 മിനിറ്റ്‌വരെ സൗജന്യസമയവും രണ്ട് മണിക്കൂർവരെ 20 രൂപയുമായിരുന്നു. ഇരുചക്രവാഹനങ്ങളുടെ 24 മണിക്കൂർ പാർക്കിങ് നിരക്ക് 150ൽനിന്ന് 300 ആയി കൂട്ടി. മറ്റ് വാഹനങ്ങൾക്കും സമാനമായി നിരക്ക് വർധിപ്പിച്ചു.
വിമാനത്താവളത്തിലെ തിരക്കും സുരക്ഷാ പരിശോധനകളും കാരണം നിശ്ചിത സമയപരിധിക്കുള്ളിൽ മടങ്ങാൻ കഴിയാത്തവർക്കെല്ലാം അധിക തുക നൽകേണ്ടിവരുന്നു. വിമാനത്താവളത്തിൽനിന്ന് പുറപ്പെടുന്നവർക്ക് 1200-ഉം എത്തിച്ചേരുന്ന യാത്രികർക്ക് 650-ഉം ഈടാക്കുന്നു. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന ഗുരുതര വിഷയമായിട്ടും ജില്ലയിലെ മന്ത്രിമാരോ എംപിയോ ഇടപെട്ടിട്ടില്ല. വിമാനത്താവളത്തിനാവശ്യമായ ഭൂമിയുടെ സിംഹഭാഗവും സംസ്ഥാന സർക്കാർ ഏറ്റെടുത്ത് കൈമാറിയതാണ്.
ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ഏറ്റെടുത്ത ഭൂമിയിൽ അദാനി കൊള്ള നടത്തുന്പോഴും സർക്കാർ അനങ്ങുന്നില്ല. കോർപറേറ്റ് താൽപ്പര്യം സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് യാത്രക്കാർ ആരോപിച്ചു. വിഐപികൾക്ക് ലഭിക്കുന്ന പ്രത്യേക പരിഗണനകൾക്കപ്പുറം സാധാരണക്കാരുടെ ദുരിതം കാണാനും പരിഹാരമുണ്ടാക്കാനും ജനപ്രതിനിധികൾ തയ്യാറാകണമെന്നാണ് ആവശ്യം.









0 comments