ad
Deshabhimani

അഗ്രിസ്റ്റാക്ക് കർഷക രജിസ്‌ട്രേഷൻ നിർബന്ധമാക്കി; വിള ഇൻഷുറൻസ്‌ എടുക്കാനാകാതെ കർഷകർ

alappuzha paddy field
avatar
ഗോകുൽ ഗോപി

Published on Jul 25, 2026, 10:17 AM | 1 min read

ആലപ്പുഴ : കേന്ദ്രസർക്കാരിന്റെ ഏകീകൃത കർഷക ഐഡി രജിസ്‌ട്രേഷൻ നിർബന്ധമാക്കിയതോടെ കാലാവസ്ഥാധിഷ്‌ഠിത വിള ഇൻഷുറൻസ്‌ പദ്ധതിയിൽ ചേരാനാകാതെ കർഷകർ. കേന്ദ്രസർക്കാരിന്റെ ‘അഗ്രിസ്റ്റാക്ക് കർഷക രജിസ്ട്രി’പദ്ധതിയിൽ രജിസ്‌റ്റർ ചെയ്ത കർഷകർക്ക്‌ മാത്രമാണ്‌ കർഷക ഐഡിയുള്ളത്‌. ആധാറും ഭൂമിയുടെ രേഖകളും ബന്ധിപ്പിക്കുന്നതാണ്‌ പദ്ധതി. അഗ്രിസ്റ്റാക്ക് അപേക്ഷകൾ സംസ്ഥാനത്താകെ കെട്ടിക്കിടക്കുകയാണ്‌. ഭൂഉടമ മരിച്ചാൽ ബന്ധുക്കൾക്കും പാട്ടം തുടങ്ങി മറ്റുള്ളവരുടെ സ്ഥലത്ത്‌ കൃഷിചെയ്യുന്ന കർഷകർക്കും നിബന്ധന തിരിച്ചടിയാണ്‌. മുൻവർഷങ്ങളിൽ ഐഡി രജിസ്‌ട്രേഷൻ നിർബന്ധമല്ലായിരുന്നു. ഇത്തവണ ഇൻഷൂറൻസ്‌ രജിസ്‌ട്രേഷന്റെ പോർട്ടൽ തുറന്നശേഷമാണ്‌ ഉദ്യോഗസ്ഥരും വിവരം അറിഞ്ഞത്‌.


​ജില്ലയിൽ രണ്ടര ലക്ഷത്തോളം കർഷകരാണ്‌ അഗ്രിസ്റ്റാക്കിന്‌ അപേക്ഷ നൽകിയത്‌. ഇതിൽ 40 ശതമാനത്തോളം കർഷകർക്കേ ഐഡി ലഭിച്ചിട്ടുള്ളൂ. ആദ്യഘട്ടത്തിൽ കൃഷിഭവനുകൾ വഴിയായിരുന്നു രജിസ്ട്രേഷൻ. ഇപ്പോൾ കർഷകർക്ക് സ്വന്തമായോ അക്ഷയ കേന്ദ്രങ്ങൾ, കോമൺ സർവീസ് സെന്ററുകൾ വഴിയോ രജിസ്റ്റർ ചെയ്യാം. അപേക്ഷ കൃഷിഭവൻ പരിശോധിച്ച്‌ അംഗീകാരം നൽകി റവന്യു വകുപ്പിന്‌ കൈമാറും. ഭൂരേഖാ വിവരങ്ങൾ പരിശോധിച്ച ശേഷമാണ് റവന്യു വകുപ്പ് കർഷക ഐഡിക്ക് അനുമതി നൽകുന്നത്. നിയമസഭ തെരഞ്ഞെടുപ്പ്‌ ജോലികളും തുടർന്നുണ്ടായ രാഷ്ട്രീയ പ്രേരിത സ്ഥലം മാറ്റങ്ങളും റവന്യു വകുപ്പിന്റെ പ്രവർത്തനങ്ങളെ ബാധിച്ചു. ഇതോടെയാണ്‌ അഗ്രിസ്റ്റാക്ക് അപേക്ഷകൾ കെട്ടിക്കിടക്കുന്ന അവസ്ഥയുണ്ടായത്‌.


പരാതി ഉയർന്നതോടെ കർഷകർക്ക്‌ ലഭിച്ച താൽക്കാലിക രജിസ്‌ട്രേഷൻ നമ്പർ നൽകി ഇൻഷുറൻസ്‌ കമ്പനി അപേക്ഷ സ്വീകരിക്കാൻ തുടങ്ങി. അപേക്ഷകന്റെ ആധാർ നമ്പർ നൽകിയാൽ താൽക്കാലിക രജിസ്‌ട്രേഷൻ നമ്പർ വരുന്ന രീതിയിലാണ്‌ പോർട്ടൽ സജ്ജമാക്കിയിരിക്കുന്നത്‌. എന്നാൽ, മിക്ക ദിവസങ്ങളിലും നമ്പർ ലഭിക്കില്ല. തുടർന്ന്‌ കൃഷിഭവന്റെ സഹായത്തോടെ നമ്പർ കണ്ടെത്തിയാണ്‌ നൽകുന്നത്‌. ഒരേ താൽക്കാലിക നമ്പർ ആവർത്തിച്ചു വരുന്നതുപോലെയുള്ള സാങ്കേതിക തകരാർ കാരണവും അപേക്ഷകൾ നൽകുന്നതും അംഗീകരിക്കുന്നതും മുടങ്ങുന്നു. 31ന്‌ അപേക്ഷ സ്വീകരിക്കുന്നത്‌ അവസാനിക്കാനിരിക്കെ മുഴുവൻ കർഷകർക്കും രജിസ്ട്രേഷൻ പ‍ൂ‍ർത്തിയാക്കാൻ സാധിക്കുമോയെന്നാണ്‌ കർഷക സംഘടനകളുടെ ആശങ്ക.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home