എൽ നിനോ: കാലവർഷത്തിൽ 43 ശതമാനം മഴയുടെ കുറവ്

ന്യൂഡൽഹി: ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായുള്ള എൽ നിനോ പ്രതിഭാസം മൂലം രാജ്യത്ത് കാലവർഷത്തിൽ കനത്ത തിരിച്ചടി. നടപ്പുസീസണിൽ ലഭിക്കേണ്ട മഴയിൽ 43 ശതമാനത്തിന്റെ കുറവുണ്ടായതായി കേന്ദ്ര സർക്കാർ അറിയിച്ചു. മഴയിലുണ്ടായ ഈ വൻ കുറവ് നെല്ല്, ചോളം തുടങ്ങിയ പ്രധാന ഖാരിഫ് വിളകളുടെ ഉത്പാദനത്തെ സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.
രാജ്യത്തെ കാലവർഷക്കമ്മി സംബന്ധിച്ച് കേന്ദ്ര സർക്കാർ വിളിച്ചുചേർത്ത അവലോകന യോഗത്തിലാണ് ആശങ്കാജനകമായ ഈ വിവരങ്ങൾ പുറത്തുവിട്ടത്. മഴയുടെ കുറവ് രാജ്യത്തെ മൊത്തം 315 ജില്ലകളിലെ കൃഷിയെയും ജനജീവിതത്തെയും നേരിട്ട് ബാധിക്കും.
ജൂലൈ ആദ്യവാരത്തിലും കാലവർഷം ശക്തിപ്പെടാനുള്ള സാധ്യത കുറവാണെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, ഉത്തർപ്രദേശ്, രാജസ്ഥാൻ, കർണാടക, ബിഹാർ, ജാർഖണ്ഡ്, തെലങ്കാന, ആന്ധ്രാപ്രദേശ്, ഒഡീഷ, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ ജില്ലകളാണ് മഴക്കുറവ് മൂലം ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിടുന്നത്.
വരും ദിവസങ്ങളിലും കടുത്ത വരൾച്ച തുടർന്നാൽ രാജ്യത്തെ കാർഷിക മേഖലയും ഭക്ഷ്യസുരക്ഷയും കടുത്ത വെല്ലുവിള നേരിടേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.










0 comments