പത്തനംതിട്ടയിൽ വീണ്ടും ഷിഗെല്ല; സര്‍ക്കാരിന്‍റെ ഗുരുതര വീഴ്ചയെന്ന് ആക്ഷേപം

പ്രതീകാത്മക ചിത്രം
പത്തനംതിട്ട: ജില്ലയിൽ വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പിന്റെ പ്രതിരോധ പ്രവർത്തനങ്ങൾ പാളിയെന്ന ആക്ഷേപം ശക്തമാകുന്നു. ആറന്മുള എഴിക്കാട് ഉന്നതിയിൽ എട്ടുവയസ്സുകാരിക്ക് രോഗം സ്ഥിരീകരിച്ചു. കുട്ടി നിലവിൽ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
ആദ്യം ഷിഗെല്ല റിപ്പോർട്ട് ചെയ്ത അതേ സ്ഥലത്തുനിന്നുതന്നെയാണ് രണ്ടാമതും രോഗവ്യാപനം ഉണ്ടായിരിക്കുന്നത് എന്നത് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ പാളിച്ചയിലേക്കാണ് വിരൽ ചൂണ്ടുന്നത്. ആദ്യ കേസ് റിപ്പോർട്ട് ചെയ്തപ്പോൾത്തന്നെ കൃത്യമായ പ്രതിരോധ നടപടികളോ സ്രോതസ്സ് കണ്ടെത്തലോ നടത്താൻ ആരോഗ്യവകുപ്പിന് സാധിച്ചില്ലെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.
കോഴിക്കോട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിൽ നേരത്തെ തന്നെ ഷിഗെല്ല വ്യാപകമായി സ്ഥിരീകരിച്ചിട്ടും, മറ്റ് ജില്ലകളിൽ രോഗം പടരാതിരിക്കാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുന്നതിൽ സർക്കാർ സംവിധാനങ്ങൾ പൂർണ്ണമായി പരാജയപ്പെട്ടുവെന്നാണ് വിമര്‍ശനം.
രോഗം ഗുരുതരമായാൽ മരണം വരെ സംഭവിക്കാവുന്ന അതീവ അപകടകരമായ സാഹചര്യമായിട്ടും കൃത്യമായ ബോധവൽക്കരണമോ ശുദ്ധജല വിതരണ ഉറപ്പോ നൽകാൻ തദ്ദേശ സ്ഥാപനങ്ങൾക്കോ ആരോഗ്യവകുപ്പിനോ കഴിഞ്ഞിട്ടില്ല. താഴെ പറയുന്ന ലക്ഷണങ്ങൾ കണ്ടിട്ടും അധികൃതർ വേണ്ടത്ര ഗൗരവം കാട്ടുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി
പ്രതിരോധ മാർഗ്ഗങ്ങൾ
ശുദ്ധജല വിതരണത്തിലെ പാളിച്ചകൾ നിലനിൽക്കുന്നതിനാൽ വെള്ളം തിളപ്പിച്ചുമാത്രം ഉപയോഗിക്കുക.
പഴകിയതും തുറന്നുവെച്ചതുമായ ആഹാരസാധനങ്ങൾ പൂർണ്ണമായും ഒഴിവാക്കുക.
ജലസ്രോതസ്സുകൾ ശുദ്ധീകരിക്കാൻ കിണറുകളും മറ്റ് ജലസ്രോതസ്സുകളും ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ച് സ്വന്തം ഉത്തരവാദിത്തത്തിൽ കൃത്യമായ ഇടവേളകളിൽ സൂപ്പർ ക്ലോറിനേറ്റ് ചെയ്യുക.
വ്യക്തിശുചിത്വവും പരിസരശുചിത്വവും കൃത്യമായി പാലിക്കുക. കുടിവെള്ളം സൂക്ഷിക്കുന്ന പാത്രങ്ങൾ ദിവസവും കഴുകി വൃത്തിയാക്കി മൂടി വെക്കുക.











0 comments