പാലക്കാട് ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

പാലക്കാട്: പാലക്കാട് ജില്ലയിൽ തിരുമിറ്റക്കോട് പഞ്ചായത്തിലെ 12 -ാം വാർഡ് ചാഴിയാട്ടിരിയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. പന്നിഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ രോഗബാധിത പ്രദേശമായി പ്രഖ്യാപിച്ചു. ഇവിടെ കേന്ദ്രസർക്കാരിന്റെ പ്ലാൻ ഓഫ് ആക്ഷൻ പ്രകാരമുള്ള പ്രോട്ടോകോള്‍ പാലിക്കാന്‍ മൃഗസംരക്ഷണ വകുപ്പിന് നിർദേശം നല്‍കി.
തിരുമിറ്റക്കോട്, നാഗലശേരി, തൃത്താല, ചാലിശേരി പഞ്ചായത്തുകൾ നിരീക്ഷണ മേഖലയാണ്. രോഗവ്യാപനം തടയാൻ മുൻകരുതൽ നടപടിയെടുക്കാൻ കലക്ടര്‍ എം എസ് മാധവിക്കുട്ടി നിർദേശംനൽകി. രോഗബാധിത പ്രദേശങ്ങളിൽനിന്ന് പന്നിമാംസം നൽകുന്നതും വിതരണം ചെയ്യുന്ന കടകൾ പ്രവർത്തിക്കുന്നതും ഒരറിയിപ്പുണ്ടാകുന്നതുവരെ നിർത്തി. ഇവിടെനിന്ന് പന്നികൾ, പന്നിമാംസം, തീറ്റ എന്നിവ ജില്ലയിലെ മറ്റ് പ്രദേശങ്ങളിലേക്കോ തിരിച്ചോ കൊണ്ടുപോകുന്നതും നിരോധിച്ചു.
അനധികൃത കടത്ത് തടയാൻ ചെക്ക്പോസ്റ്റുകളിലും ജില്ലയിലേക്കുള്ള പ്രവേശന കവാടങ്ങളിലും പൊലീസ്, ആർടിഒ എന്നിവരുമായി ചേർന്ന് മൃഗസംരക്ഷണ വകുപ്പ് പരിശോധന നടത്തും. രോഗം സ്ഥിരീകരിച്ച തദ്ദേശ ഭരണസ്ഥാപന പരിധിയിൽ പൊലീസ്, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ, തദ്ദേശ വകുപ്പ് ഉദ്യോഗസ്ഥൻ, വില്ലേജ് ഓഫീസർ എന്നിവരുൾപ്പെട്ട ദ്രുതപ്രതികരണ സേന (റാപ്പിഡ് റെസ്പോൺസ് ടീം) രൂപീകരിച്ച് പ്രവർത്തിക്കാനും കലക്ടര്‍ നിർദേശിച്ചു.










0 comments