മീഡിയ അക്കാദമി പുരസ്കാരം ആഫ്രിക്കൻ മാധ്യമ പ്രവർത്തക മരിയം ഔഡ്രാഗോയ്ക്ക്

കൊച്ചി: കേരള മീഡിയ അക്കാദമിയുടെ മുഖമാസികയായ 'മീഡിയ'യുടെ 2025ലെ മീഡിയ പേഴ്‌സൺ ഓഫ് ദി ഈയറായി പ്രശസ്ത ആഫ്രിക്കൻ മാധ്യമ പ്രവർത്തക മരിയം ഔഡ്രാഗോയെ തിരഞ്ഞെടുത്തു. ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവുമാണ് അവാർഡ് ഏപ്രിൽ സമ്മാനിക്കുമെന്ന് കേരള മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു അറിയിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ ബലാത്സംഗം ഉൾപ്പെടെയുള്ള ലൈംഗികാതിക്രമം നടത്തുന്ന ദുഷ്ടശക്തികൾക്കെതിരെ സ്‌തോഭജനകമായ റിപ്പോർട്ടുകൾ നിരന്തരം പ്രസിദ്ധീകരിക്കുന്ന മരിയം അന്താരാഷ്ട്ര ശ്രദ്ധ ഇതിനകം നേടിയിട്ടുണ്ട്.
ആഫ്രിക്കൻ രാജ്യമായ ബുർക്കിന ഫാസോയിലെ മാധ്യമപ്രവർത്തകയാണ് മരിയം ഔഡ്രാഗോ. സംഘർഷഭരിതമായ ബുർക്കിന ഫാസോയിലെ സാധാരണക്കാരിൽ യുദ്ധം ചെലുത്തുന്ന വിനാശകരമായ ആഘാതം വെളിപ്പെടുത്തുന്ന നിർഭയ മാധ്യമപ്രവർത്തക എന്ന നിലയിൽ അവർ അന്താരാഷ്ട്രതലത്തിൽ ശ്രദ്ധിക്കപ്പെട്ടു. ഇന്റർനാഷണൽ സെന്റർ ഫോർ ജേണലിസ്റ്റ്സ് (ഐസിഎഫ്ജെ)യുടെ 2023 ലെ നൈറ്റ് ഇന്റർനാഷണൽ ജേണലിസം അവാർഡ് മരിയത്തിന് ലഭിച്ചിട്ടുണ്ട്. യുദ്ധ ലേഖകർക്കുള്ള ബയേക്സ് കാൽവാഡോസ്-നോർമാണ്ടി അവാർഡും മരിയത്തിനെ തേടിയെത്തിയിട്ടുണ്ട്.
ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റുകളുടെ സാർവദേശീയ സംഘടനയുടെ ഇന്ത്യൻ പ്രതിനിധികളുടെ കൂടി അഭിപ്രായം കേട്ട് മീഡിയ മാഗസിന്റെ എഡിറ്റോറിയൽ ബോർഡ് അംഗങ്ങളുടെ അംഗീകാരത്തോടെയാണ് മീഡിയ പേഴ്‌സൺ ഓഫ് ദി ഇയർ അവാർഡ് വിജയിയെ തിരഞ്ഞെടുത്തത്. പ്രത്യേക പരാമർശത്തിന് രണ്ടുപേരുകൾ നിർദേശിച്ചു. ഉക്രൈനിലെ നതാലിയ ഗുമെനിയുക് (Nataliya Gumenyuk) അൽ ജസീറ ചാനലിന്റെ അവതാരകയായ എലിസബത്ത് പുരാനാം (Elizabeth Puranam) എന്നിവർക്കാണ് പ്രത്യേക പരാമർശമുള്ളത്.
ഉക്രൈൻ-റഷ്യ യുദ്ധത്തിനിടയിൽ ഉക്രൈനിൽനിന്നും കുട്ടികളെ റഷ്യൻ സൈന്യം തട്ടിക്കൊണ്ടുപോകുന്നു എന്ന നതാലിയയുടെ വാർത്തയെത്തുടർന്നാണ് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. പലസ്തീനിലെയും സിറിയയിലെയും മിഡിൽ ഈസ്റ്റിലെയും സംഭവവികാസങ്ങൾ ഏറ്റവുമധികം അവതരിപ്പിച്ച മാധ്യമപ്രവർത്തക എന്ന പ്രത്യേകത എലിസബത്തിനുണ്ട്. ന്യൂസിലണ്ട് സ്വദേശിയാണ്.
2023ൽ സ്ലോവാക്യയിലെ പാവ്‌ലോ ഹോൾസോവയേയും 2024ൽ അൽ-ജസീറ ചാനലിന്റെ ഗാസ ബ്യൂറോ ചീഫായിരുന്ന, ഇസ്രയേൽ ആക്രമണത്തിൽ പരിക്കേറ്റ അൽ ദഹ്ദൂദിനെയുമായിരുന്നു മീഡിയ മാഗസിന്റെ മീഡിയ പേഴ്‌സൺ ഓഫ് ദി ഇയർ അവാർഡിന് തിരഞ്ഞെടുത്തിരുന്നത്. ഇസ്രേൽ ബോംബാക്രമണത്തിൽ ദെഹ്ദൂദിന്റെ നാലു കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടു.










0 comments