print edition ശബരിമല : ചോദ്യമുനയിൽ അടൂർ പ്രകാശ് , കുരുക്കഴിക്കാനാകാതെ കോൺഗ്രസ്

തിരുവനന്തപുരം
ശബരിമല സ്വർണമോഷണ കേസിൽ യുഡിഎഫ് കൺവീനർതന്നെ ചോദ്യമുനയിലേക്ക് എത്തിയതോടെ കോൺഗ്രസും യുഡിഎഫും അങ്കലാപ്പിൽ. ആന്റോ ആന്റണിയും അജയ് തറയിലും അടക്കമുള്ള നേതാക്കളെ ഉടൻ ചോദ്യംചെയ്യുമെന്നാണ് വിവരം. തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി ശബരിമലവിഷയം രാഷ്ട്രീയായുധമാക്കാനായി യുഡിഎഫ് സംഘടിപ്പിച്ച വിശ്വാസസംരക്ഷണയാത്ര തെക്കൻ കേരളത്തിൽ നയിച്ചത് അടൂർ പ്രകാശായിരുന്നു. അതേ വ്യക്തിയാണ് ഇപ്പോൾ കേസിൽ എസ്‌ഐടിക്കു മുന്നിലെത്തിയത്.
കോൺക്രീറ്റ് കൊടിമരം ചിതലരിച്ചു എന്നുപറഞ്ഞ് മാറ്റിയത് യുഡിഎഫ് ഭരണസമിതിയുടെ കാലത്താണ്. ഇതുകൂടി അന്വേഷണ പരിധിയിൽവരുന്നതോടെ കൂടുതൽ കോൺഗ്രസ് നേതാക്കൾക്ക് കുരുക്കുമുറുകും. മുഖ്യപ്രതി ഉണ്ണിക്കൃഷ്‌ണൻ പോറ്റി ശബരിമലയിലെത്തിയത് യുഡിഎഫ് ഭരണകാലത്താണ്. കോൺഗ്രസിന്റെ സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാലായിരുന്നു ദേവസ്വം മന്ത്രി. പിന്നീട് വി എസ് ശിവകുമാർ ദേവസ്വംമന്ത്രിയും സഹോദരൻ വി എസ് ജയകുമാർ ദേവസ്വം സെക്രട്ടറിയുമായതോടെ പോറ്റി കൂടുതൽ കരുത്തനായി. ഇൗ കാലയളവിൽ ശബരിമലയിൽ നടന്ന ക്രമക്കേടുകൾ നേരത്തെ പുറത്തുവന്നിരുന്നു. പാത്രം വാങ്ങിയതിലെ അഴിമതി പുറത്തുവരികയും ജയകുമാറിനെതിരെ നടപടിയെടുക്കുകയും ചെയ്‌തു.
സോണിയ ഗാന്ധിയെ സ്വർണക്കടത്ത് വിവാദത്തിലേക്ക് വലിച്ചിഴച്ചതിൽ രാഹുൽ ഗാന്ധിക്കടക്കം കേരളത്തിലെ കോൺഗ്രസ് നേതാക്കളോട് നീരസമുണ്ട്. അടൂർ പ്രകാശും ആന്റോ ആന്റണിയും ചേർന്നാണ് പോറ്റിയെ ഒന്നിലേറെ തവണ സോണിയ ഗാന്ധിയുടെ അടുത്ത് എത്തിച്ചത്. സ്വർണം കവർന്ന പോറ്റി മാത്രമല്ല, സ്വർണം വാങ്ങിയയാളും ഒരുമിച്ച് സോണിയ ഗാന്ധിയുടെ അടുത്തെത്തി എന്നത് ഗൗരവം വർധിപ്പിക്കുന്നതാണ്.
സോണിയ ഗാന്ധിക്കൊപ്പമുള്ള ചിത്രം പുറത്തുവന്നപ്പോൾ അടൂർ പ്രകാശ് പറഞ്ഞത് കള്ളമാണെന്ന് വ്യക്തമായി. ആറ്റിങ്ങൽ മണ്ഡലത്തിലെ വോട്ടർ എന്ന നിലയിലാണ് പോറ്റിയെ പരിചയമെന്നാണ് അടൂർ പ്രകാശ് പറഞ്ഞത്. എന്നാൽ, സോണിയ ഗാന്ധിക്കൊപ്പമുള്ള ചിത്രം 2013 ലാണെന്നാണ് ആന്റോ ആന്റണി പറഞ്ഞത്. 2013 കാലഘട്ടത്തിൽ അടൂർ പ്രകാശ് എംപിയല്ല. ബംഗളൂരുവിലും ഡൽഹിയിലും അടക്കം അടൂർപ്രകാശ് പോറ്റിയുമായി കൂടിക്കാഴ്‌ച നടത്തിയിട്ടുണ്ടെന്നാണ് വിവരം. ശബരിമല കേസിൽ റെയ്‌ഡ് നടന്ന സ്ഥാപന ഉടമയിൽനിന്ന് ആന്റോ ആന്റണി രണ്ടുകോടിരൂപ വാങ്ങിയെന്ന വെളിപ്പെടുത്തലും ഗൗരവതരമാണ്. ഇതും ശബരിമല സ്വർണക്കൊള്ളയിൽ കോൺഗ്രസിനുള്ള പങ്ക് മറനീക്കിക്കുന്നതാണ്.
തരംതാഴ്ന്ന പ്രസ്താവന കോൺഗ്രസിന്റെ പങ്ക് മറയ്‌ക്കാൻ : വി ശിവൻകുട്ടി
ശബരിമല സ്വർണക്കവർച്ചാകേസിൽ കോൺഗ്രസ് നേതൃത്വത്തിന്റെ പങ്ക് ഓരോന്നായി പുറത്തുവരുമ്പോൾ, അതിൽനിന്ന് ശ്രദ്ധ തിരിക്കാനാണ് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ മുഖ്യമന്ത്രിക്ക് സ്ഥലകാലബോധം നഷ്ടപ്പെട്ടുവെന്ന തരത്തിലുള്ള തരംതാഴ്ന്ന പ്രസ്താവനയുമായി രംഗത്തെത്തിയതെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സ്വർണക്കവർച്ചാകേസിലെ പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റി കോൺഗ്രസിന്റെ ഉന്നത നേതാക്കളെ എങ്ങനെയാണ് സന്ദർശിച്ചതെന്ന് പറയാനുള്ള ബാധ്യത വേണുഗോപാലിനുണ്ട്. അതീവ സുരക്ഷാവലയത്തിലുള്ള സോണിയ ഗാന്ധിയെ സന്ദർശിക്കാൻ പ്രതിക്ക് ആരാണ് അവസരമൊരുക്കിയത്. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അറിയാതെ ഇത്തരം കൂടിക്കാഴ്ച നടക്കില്ല
ഉണ്ണിക്കൃഷ്ണൻ പോറ്റി പലതവണ സോണിയ ഗാന്ധിയെ സന്ദർശിച്ചുവെന്ന യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ വെളിപ്പെടുത്തൽ ഗൗരവകരമാണ്. കോൺഗ്രസ് നേതാക്കൾക്കുപോലും ലഭിക്കാത്ത അവസരം കവർച്ചാകേസിലെ പ്രതിക്ക് ലഭിച്ചത് ദുരൂഹമാണ്. എസ്‌ഐടി അന്വേഷണത്തിൽ സത്യങ്ങൾ പുറത്തുവരും.
കള്ളനെ കൈയോടെ പിടിക്കുമ്പോൾ ഉണ്ടാകുന്ന വിഭ്രാന്തിയാണ് വേണുഗോപാലിന്റെ വാക്കുകളിൽ. ശബരിമല സ്വർണമോഷണക്കേസിൽ അന്വേഷണം നേരിടുന്ന ഫിനാൻസ് സ്ഥാപനത്തിൽനിന്ന് കോൺഗ്രസ് നേതാവ് ആന്റോ ആന്റണി എംപി കോടിക്കണക്കിന് രൂപ കൈപ്പറ്റിയെന്ന വെളിപ്പെടുത്തൽ ഗൗരവകരമാണ്. ഇത്തരം ഇടപാടുകൾ കോൺഗ്രസിന്റെ ക്രിമിനൽ മുഖമാണ് തുറന്നുകാട്ടുന്നതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
യുഡിഎഫ് നിലപാട് വ്യക്തമാക്കണം : ടി പി രാമകൃഷ്‌ണൻ
ശബരിമല സ്വർണമോഷണക്കേസിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപിയെ എസ്‌ഐടി ചോദ്യംചെയ്തതിലും ഇഡി പരിശോധന നടത്തിയ നെടുംപറമ്പിൽ ഫിനാൻസിന്റെ ഉടമ എൻ എം രാജുവിൽനിന്ന് ആന്റോ ആന്റണി എംപി രണ്ടുകോടി രൂപ വാങ്ങിയതിലും കോൺഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്‌ണൻ ആവശ്യപ്പെട്ടു. മുണ്ടക്കൈ ടൗൺഷിപ് സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കർണാടകയിലെ കോൺഗ്രസ് നേതാക്കൾ സഹായിച്ചെന്ന സ്വർണമോഷണക്കേസ് പ്രതികളുടെ ആരോപണത്തിനും കോൺഗ്രസ് മറുപടി പറയണം. പാർടി പിന്തുണയില്ലാതെ അടൂർ പ്രകാശ്, ഉണ്ണിക്കൃഷ്‌ണൻ പോറ്റി, ഗോവർധൻ എന്നിവർക്ക് ഒരുമിച്ച് സോണിയ ഗാന്ധിയെ കാണാനാകില്ലെന്നും അദ്ദേഹം പ റഞ്ഞു.
പ്രതിപക്ഷം കള്ളപ്രചാരണത്തിന്റെ ഭാണ്ഡം തുറക്കുന്നു : കടകംപള്ളി സുരേന്ദ്രൻ
വീണ്ടും കള്ളപ്രചാരണത്തിന്റെ ഭാണ്ഡക്കെട്ട് തുറക്കുകയാണ് കോൺഗ്രസെന്ന് കടകംപള്ളി സുരേന്ദ്രൻ എംഎൽഎ പറഞ്ഞു. 2021 ന് സമാനമായ പ്രചാരണമാണ് നടത്തുന്നത്. ബിരിയാണി ചെമ്പിലെ സ്വർണം എത്ര നാളാണ് ചർച്ചചെയ്തത്. ശബരിമല സ്വർണമോഷണക്കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ് നിയമസഭയിൽ ചർച്ചയ്ക്ക് പോലും തയ്യാറാകുന്നില്ല. 10 വർഷമായി അവരുടെ കച്ചവടം നടക്കുന്നില്ല. എങ്ങനെയും ഭരണത്തിൽ വരാനാണ് ലക്ഷ്യം. സ്വർണമോഷണവുമായി ബന്ധപ്പെട്ട വാർത്ത വരുന്നതുവരെ ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ഒരു ഭക്തൻ എന്ന നിലയിലാണ് മനസ്സിലാക്കിയത്.
ഒരുവട്ടം അയാളുടെ വീട്ടിൽ പോയി എന്ന് നേരത്തെ പറഞ്ഞത് ഓർമയിൽനിന്നാണ്. ഏഴെട്ടുവർഷം മുമ്പത്തെ കാര്യമാണ്. ഒരു കുട്ടിക്ക് മൊമന്റോ കൊടുക്കുന്ന ചിത്രമാണ് ഇപ്പോൾ വന്നിട്ടുള്ളത്. ഇതുപോലെ നിരവധി പേർക്ക് മൊമന്റോ കൊടുത്തിട്ടുണ്ട്. താൻ പതിനായിരം മൊമന്റോ എങ്കിലും നാട്ടിലെ കുട്ടികൾക്ക് കൊടുത്തിട്ടുണ്ട്. രണ്ടുതവണയല്ല, നാൽപ്പതുതവണ പോയാലും പോയെന്നു പറയാൻ തനിക്കൊരു മടിയുമില്ല. ആരുമായും ഒരു ഇടപാടുമില്ലെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.










0 comments