ad
Deshabhimani

പൊട്ടിത്തെറിച്ച് അടൂർ പ്രകാശ്; 'പോറ്റി സോണിയാ ​ഗാന്ധിയെ കാണാൻ പോയത് എങ്ങനെയെന്ന് ഇപ്പോൾ പറയാനാകില്ല'

Adoor Prakash

അടൂർ പ്രകാശ്

വെബ് ഡെസ്ക്

Published on Dec 25, 2025, 03:40 PM | 2 min read

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയ്ക്കൊപ്പം സോണിയാ ​ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് പൊട്ടിത്തെറിച്ച് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപി. സോണിയാ ​ഗാന്ധിയുടെ വസതിയിൽ അടൂർ പ്രകാശും ആന്റോ ആന്റണി എംപിയും പോറ്റിയ്ക്കൊപ്പം കൂടിക്കാഴ്ച നടത്തുന്ന ചിത്രങ്ങൾ പുറത്തുവന്നിരുന്നു. മുതിർന്ന കോൺ​ഗ്രസ് നേതാക്കൾക്ക് പോലും ലഭിക്കാതിരുന്ന സോണിയാ ​ഗാന്ധിയുടെ അപ്പോയിന്റ്മെന്റ് എങ്ങനെ പോറ്റിക്ക് ലഭിച്ചുവെന്നുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ചോദ്യത്തിന് വിശദീകരണം നൽകാൻ ശ്രമിക്കവെയാണ് അടൂർ പ്രകാശ് നിലവിട്ടത്.


2019ൽ പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ എത്തിയപ്പോഴാണ് ഉണ്ണികൃഷ്ണൻ പോറ്റി യാദൃശ്ചികമായി തന്നെ വന്ന് കണ്ടതെന്ന് അടൂർ പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു. സാമൂഹ്യ ക്ഷേമ രംഗത്ത് ചില പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും ഒരു പരിപാടിയിൽ പങ്കെടുക്കണമെന്നും പോറ്റി തന്നോടു പറഞ്ഞു. എംപി ആയിക്കഴിഞ്ഞപ്പോൾ ശബരിമലയിൽ അന്നദാനത്തിന്റെ ഉദ്​ഘാടനം നടത്തണമെന്ന് ആവശ്യപ്പെട്ട് വീണ്ടും വന്നുകണ്ടു. പിന്നീട്, സോണിയാ​ ഗാന്ധിയെ കാണാൻ പോറ്റി അപ്പോയിൻമെന്റ് നേടിയെടുത്തു. കൂടിക്കാഴ്ചയ്ക്ക് നിശ്ചയിച്ച ദിവസം തന്നോടും കൂടെ വരണമെന്ന് പോറ്റി ആവശ്യപ്പെടുകയായിരുന്നു. അങ്ങനെയാണ് താനും കൂടെപ്പോയത്. കാട്ടുകള്ളനാണ് ഒപ്പം വന്നതെന്ന് മനസിലാക്കാനായില്ല എന്നായിരുന്നു അടൂർ പ്രകാശിന്റെ വിശദീകരണം.


എന്നാൽ, അതീവസുരക്ഷയുള്ള വിവിഐപിയായ സോണിയാ ​ഗാന്ധിയുടെ അടുത്തേക്ക്, 2019ലെ തെരഞ്ഞെടുപ്പിൽ മാത്രം പരിചയപ്പെട്ട പോറ്റി വിളിച്ചിട്ട് പോയി എന്ന് പറയുന്നത് വിശ്വാസയോ​ഗ്യമാണോ എന്ന് മാധ്യമങ്ങൾ ചോദിച്ചു. നിങ്ങളെ വിശ്വസിപ്പിക്കാൻ ഇനി താൻ എന്ത് പറയണമെന്നായിരുന്നു അടൂർ പ്രകാശിന്റെ മറുപടി. ആരാണ് പോറ്റിയ്ക്ക് സോണിയാ ​ഗാന്ധിയുടെ അപ്പോയിന്റ്മെന്റ് എടുത്തു നൽകിയത് എന്ന് തനിക്കറിയില്ല, അത് അന്വേഷിക്കേണ്ടത് തന്റെ ജോലിയല്ല. എങ്ങനെയാണ് അപ്പോയിന്റ്മെന്റ് എടുത്തതെന്ന് പോറ്റിയോടോ സോണിയാ ​ഗാന്ധിയോടോ താൻ ചോദിച്ചില്ല. സോണിയാ ​ഗാന്ധിയെ കാണാൻ എങ്ങനെയാണ് പോറ്റി പോയതെന്ന് ഇപ്പോൾ പറയാൻ തനിക്കാകില്ല എന്നുമായിരുന്നു അടൂർ പ്രകാശിന്റെ മറുപടി. പരിചയപ്പെടുന്ന സമയത്ത് എന്ത് തരം സാമൂഹ്യപ്രവർത്തനമാണ് പോറ്റി നടത്തിയതെന്ന് മാധ്യമങ്ങൾ ചോദിച്ചപ്പോൾ എല്ലാം നിങ്ങള് പറയുന്നതുപോലെ പറയാൻ തന്നെക്കിട്ടില്ലെന്ന് രോഷത്തോടെയായിരുന്നു യുഡിഎഫ് കൺവീനറുടെ പ്രതികരണം.


സ്വർണക്കൊള്ളക്കേസിൽ പിടിയിലായ ഉണ്ണികൃഷ്ണൻ പോറ്റിക്കും ​ഗോവർധനനും കോൺ​ഗ്രസ് നേതാക്കളുമായുള്ള ബന്ധം മുഖ്യമന്ത്രി കഴിഞ്ഞദിവസം വാർത്താസമ്മേളനത്തിൽ തുറന്നുകാട്ടിയിരുന്നു. സോണിയ ഗാന്ധിയുടെ വസതിയില്‍ കേസിലെ പ്രതികളെയും വിളിച്ച്‌ കൊണ്ടുപോകാന്‍ മാത്രം അടൂര്‍ പ്രകാശിനും ആന്റോ ആന്റണിക്കും എന്തുതരം ബന്ധമാണ്‌ പോറ്റിയുമായും ഗോവര്‍ധനനുമായും ഉള്ളത്‌ എന്ന്‌ വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. യുഡിഎഫ് ഭരണകാലത്ത് ശബരിമലയില്‍ നടന്ന പ്രധാന ചടങ്ങുകളില്‍ പോറ്റിയും ഗോവര്‍നനും എങ്ങനെ പ്രധാന പങ്കാളികളായി എന്ന ചോദ്യത്തിന്‌ പ്രതിപക്ഷ നേതാവോ മുന്‍ പ്രതിപക്ഷ നേതാവോ മറുപടി നൽകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home